
ഇടുക്കി: മൂന്നരക്കോടി ചെലവഴിച്ച് നിര്‍മ്മാണം ആരംഭിച്ച ചെക്ക് ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ പാളി. ഇറികേഷന്‍ വകുപ്പിന്‍റെ നേത്യത്വത്തില്‍ 2018 ലാണ് പദ്ധതി ആരംഭിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായി മൂന്നാര്‍ ടൗണിലെ കന്നിമലയാറിന് കുറുകെ രണ്ട് ചെക്കുഡാമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഡിവൈഎസ്പി ഓഫീസ്, മുസ്ലീം പള്ളിക്ക് സമീപം എന്നിവിടങ്ങളിലാണ് ചെക്ക് ഡാം നിര്‍മ്മാണം ആരംഭിച്ചത്.
പദ്ധതി നടപ്പിലാക്കാന്‍ നാലുകോടി എഴുലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചതെങ്കിലും മൂന്നുകോടി ഇരുപത്തി രണ്ട് ലക്ഷത്തിനാണ് കരാര്‍ ഏറ്റെടുത്തത്. 2018 മാര്‍ച്ച് 30-ന് ഉടമ്പടി ഒപ്പുവെച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കരാറുകാരന്‍ 2019 ജനുവരിയിലാണ് നിര്‍മ്മാണം ആരംഭിച്ചത്. ഇതിനിടെ മഴ ശക്തിപ്രാപിച്ചതോടെ ചെക്ക് ഡാമിന്‍റെ നിര്‍മ്മാണം താളംതെറ്റി.
പുഴയുടെ ഇരുവശത്തെ പാറയും മറ്റും മാറ്റിയതല്ലാതെ മറ്റൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് അധികൃതര്‍ക്ക് കഴിഞ്ഞില്ല. കനത്തമഴയില്‍ പുഴയിലെ കുത്തൊഴുക്ക് ശക്തമായതോടെ പദ്ധതിയുടെ സ്ട്രക്ച്ചര്‍തന്നെ മാറ്റുകയും ചെയ്തു. 2020 മാര്‍ച്ച് 30 വരെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം അനുവധിച്ചു. എന്നാല്‍ മഴ മാറിയിട്ടും പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടും പണികള്‍ ആരംഭിക്കുന്നതിന് കരാറുകാരന്‍ തയ്യറായിട്ടില്ല.
കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈത്തോടുകളില്‍ നിന്നും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പൈപ്പുകള്‍ സ്ഥാപിച്ചാണ് മൂന്നാര്‍ ടൗണില്‍ കുടിവെള്ളം എത്തിച്ചിരുന്നത്. റിസോര്‍ട്ടടക്കമുള്ള കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കുടിവെള്ളത്തിന്‍റെ ആവശ്യം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ടൗണിന് സമീപത്തെ കന്നിമലയാറിന് കുറുകെ ചെക്കുഡാമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യറാക്കിയത്.
പദ്ധതി യാഥാര്‍ത്യമായാല്‍ മൂന്നാര്‍ ടൗണ്‍, മൂന്നാര്‍ കോളനി, ഇരുപതുമുറി, നല്ലതണ്ണി, ഇരുത്തിയാറുമുറി തുടങ്ങിയ നിരവധി മേഘലകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുമായിരുന്നു. നിര്‍മ്മാണങ്ങള്‍ ഇഴയുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam