വന്യജീവി അക്രമണം: കേന്ദ്രസര്‍ക്കാര്‍ ചോദ്യം മറച്ചുവച്ച വനംഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

By Web TeamFirst Published Oct 6, 2021, 10:22 PM IST
Highlights

കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിൻെറ അപേക്ഷയിൽ ജൂലൈ ഏഴിനാണ് വനംമേധാവിയോട് കേന്ദ്ര സർക്കാർ വിശദീകരണം ആവശ്യപ്പെട്ടത്. ഇക്കാര്യം സർക്കാരിനെ വനംവകുപ്പ് അറിയിച്ചിരുന്നില്ല

വന്യജീവി ആക്രമണവുമായി (Wild animal Attack) ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചോദിച്ച വിശദീകരണം സർക്കാരിനെ അറിയിക്കാതെ മറച്ചുവച്ച വനംവകുപ്പ് (Forest Department)ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നല്‍കി മന്ത്രി. വനംവകുപ്പ് ആസ്ഥാനത്തെ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെയാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ (A K  Saseendran) കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. 

കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി; കേരളാ വനം വകുപ്പ് ഒളിച്ചു കളിക്കുന്നതായി കര്‍ഷക സംഘടന

കൃഷിനാശം വരുത്തുന്ന കാട്ടുപ്പന്നിയെ(Wild Boar) ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ അപേക്ഷയിൽ ജൂലൈ ഏഴിനാണ് വനംമേധാവിയോട് കേന്ദ്ര സർക്കാർ വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം ആവശ്യപ്പെട്ട വിവരം വനംവകുപ്പ്  സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. വീഴ്ച വരുത്തിയ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സുജിത്. ആർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് സുലൈമാൻ സേട്ട്, സീനിയർ സൂപ്രണ്ട്- കെ.കെ.പ്രദീപ്, സെക്ഷൻ ക്ലർക്ക്- സൗമ്യ, ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റൻറ് അനിൽകുമാർ.വി.ആർ എന്നിവർക്കെതിരെയാണ് നപടിക്ക് ഉത്തരവിട്ടത്.  

നിയമസഭ സമ്മേളനത്തിൽ വന്യജീവി ആക്രണത്തെ കുറിച്ചുള്ള ചോദ്യത്തിലും കേന്ദ്ര സർക്കാർ വിശദീകരണം തേടിയ കാര്യം ഉത്തരം തയ്യാറാക്കിയ ഉദ്യോഗസ്ഥർ ഉള്‍പ്പെടുത്തിയില്ല. കേന്ദ്രസർക്കാർ വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിൽ വന്നതിന് ശേഷം അറിഞ്ഞ വനംമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും

കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവിയുമായി ബന്ധപ്പെട്ട വനംവകുപ്പ് ഒളിച്ച് കളിക്കുന്നതായി നേരത്തെ കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) യുടെ ശ്രമഫലമായാണ് കേരള വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ നടത്തുന്ന ഇരട്ടത്താപ്പ് വ്യക്തമായത്. 

കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) കേന്ദ്ര സര്‍ക്കാറിനയച്ച അപേക്ഷയെ തുടര്‍ന്ന് ലഭിച്ച രേഖകളിലാണ് സംസ്ഥാന വനംവകുപ്പിന്‍റെ നിഷ്ക്രിയത്വം വെളിവായിരുന്നു. 2020 നവംബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാറിന് കേരളം കത്ത് നല്‍കിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഡിസംബറില്‍ ഇത് തിരിച്ചയച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 17 ന് വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കി. 2011 മുതൽ പഞ്ചായത്തുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാനം നൽകി മറുപടി. 

ഇതിനെ തുടര്‍ന്ന് നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജൂലൈ 7 ന് സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേന്ദ്രം ആവശ്യപ്പെട്ടു. കത്ത് കിട്ടി മൂന്നുമാസമാകാറായിട്ടും ഇത് സംബന്ധിച്ച ഒരു വിവരവും കേരളം, കേന്ദ്രത്തിന് കൈമാറിയില്ല. ഇത് സംബന്ധിച്ച് കേരളം കേന്ദ്ര വനം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കേരളത്തിലെ ഒരു പഞ്ചായത്തിലും അത്തരമൊരു സര്‍ക്കുലര്‍ എത്തിയിട്ടില്ലെന്നും കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) ചെയര്‍മാന്‍ അലക്സ്‌ ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് നേരത്തെ പ്രതികരിച്ചിരുന്നു.

തെലങ്കാനയില്‍ കാട്ടുപന്നി പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവിടെ കര്‍ഷകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്നും കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് നേടാം. എന്നാല്‍, കേരളം അത്തരമൊരു നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ല. കാട്ടുപന്നികളുടെ ഭീഷണി നേരിടാൻ പ്രാദേശിക ഭരണകൂടത്തിന്  അധികാരമുണ്ടെന്നായിരുന്നു വനംവകുപ്പിന്‍റെ വാദം.

click me!