കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട കേരളം, കേന്ദ്രത്തിന്‍റെ തുടര്‍നടപടികളോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) യുടെ ശ്രമഫലമായാണ് കേരള വനംവകുപ്പ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ നടത്തുന്ന ഇരട്ടത്താപ്പ് വ്യക്തമായത്.  

ഒരേ സമയം അതിവിശാലമായ വനമേഖലയും അതോടൊപ്പം ജനസാന്ദ്രതയും ഏറിയ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം നിത്യസംഭവമാണ്, പ്രത്യേകിച്ചും കേരളത്തില്‍. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഈ സംഘര്‍ഷം വാര്‍ത്തകളിലും നിരന്തരം ഇടം തേടുന്നു. ഇത്തരം സംഘര്‍ഷം ലഘൂകരിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാര്‍ സംവിധാനങ്ങളാണ്. എന്നാല്‍, കേരളത്തിലെ വനംവകുപ്പ് ഇത്തരം സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിന് പകരം സങ്കീര്‍ണ്ണമാക്കുകയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 

കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് കേരളമാണ്. എന്നാല്‍, ഇതിനാവശ്യമായ വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേരള വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്ത് സംസ്ഥാന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 

കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) കേന്ദ്ര സര്‍ക്കാറിനയച്ച അപേക്ഷയെ തുടര്‍ന്ന് ലഭിച്ച രേഖകളിലാണ് സംസ്ഥാന വനംവകുപ്പിന്‍റെ നിഷ്ക്രിയത്വം വെളിവായത്. 2020 നവംബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാറിന് കേരളം കത്ത് നല്‍കിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഡിസംബറില്‍ ഇത് തിരിച്ചയച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 17 ന് വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കി. 2011 മുതൽ പഞ്ചായത്തുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാനം നൽകി മറുപടി. 

ഇതിനെ തുടര്‍ന്ന് നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജൂലൈ 8 ന് സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേന്ദ്രം ആവശ്യപ്പെട്ടു. കത്ത് കിട്ടി മൂന്നുമാസമാകാറായിട്ടും ഇത് സംബന്ധിച്ച ഒരു വിവരവും കേരളം, കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് കേരളം കേന്ദ്ര വനം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കേരളത്തിലെ ഒരു പഞ്ചായത്തിലും അത്തരമൊരു സര്‍ക്കുലര്‍ എത്തിയിട്ടില്ലെന്നും കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) ചെയര്‍മാന്‍ അലക്സ്‌ ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

തെലങ്കാനയില്‍ കാട്ടുപന്നി പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവിടെ കര്‍ഷകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്നും കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് നേടാം. എന്നാല്‍, കേരളം അത്തരമൊരു നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ല. എന്നാല്‍ കാട്ടുപന്നികളുടെ ഭീഷണി നേരിടാൻ പ്രാദേശീക ഭരണകൂടത്തിന് അധികാരമുണ്ടെന്നാണ് വനംവകുപ്പിന്‍റെ വാദം.

അത്തരമൊരു ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് കേരളത്തിലെ പ്രാദേശീക ഭരണകൂടങ്ങളും പറയുന്നു. നിലവില്‍, കേരളത്തിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലണമെങ്കില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറില്‍ നിന്ന് അനുമതി വാങ്ങണം. ഇത് പലപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ് പതിവെന്നും അലക്സ്‌ ഒഴുകയിൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വനംവകുപ്പ് വിസമ്മതിച്ചെന്നും വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകരോട് കേരളാ വനം വകുപ്പ് ആത്മാര്‍ത്ഥതയില്ലാതെയാണ് പെരുമാറുന്നതെന്നും അലക്സ്‌ ഒഴുകയിൽ ആരോപിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona