
കല്‍പ്പറ്റ: ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി കാലം കൂടിയാണ് കടുത്ത വേനല്‍. വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പച്ചപ്പുല്ല് പേരിന് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവാണ് തടസ്സം നില്‍ക്കുന്നത്. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചതെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
പത്തോ പതിനഞ്ചോ സെന്റ് സ്ഥലങ്ങളില്‍ വീടും ആലയുമുള്ള കര്‍ഷകരാണ് അങ്ങേയറ്റത്തെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രധാന ജീവിത മാര്‍ഗ്ഗം പശുവളര്‍ത്തലാണെങ്കില്‍ ഇവര്‍ക്ക് പുല്‍ക്കൃഷി ചെയ്യാനുള്ള സ്ഥലമില്ല. കൂടിയ വിലയിലുള്ള കാലിത്തീറ്റയും മറ്റും നല്‍കിയാല്‍ ലഭിക്കുന്ന പാൽ വിലക്ക് മുതലാകാത്ത സ്ഥിതിയുമാണ്. കാലിത്തീറ്റക്കുള്ള ചോളത്തിന് കുറച്ചു വര്‍ഷങ്ങളായി വലിയ തോതില്‍ വില വര്‍ധിക്കുകയാണ്.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വയനാട്ടിലെ കച്ചവടക്കാര്‍ ചോളവും മറ്റു അസംസ്‌കൃത വ്തുക്കളും കൊണ്ടുവരുന്നത്. ചെറുകിട കച്ചവടക്കാര്‍ ഇവിടങ്ങളിലെ മില്ലില്‍ നിന്ന് പൊടിച്ച് പാക്ക് ചെയ്തും കാലിത്തീറ്റ കൊണ്ടുവരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കര്‍ണാടകയില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇത് കാരണം ചില വന്‍കിട കച്ചവടക്കാര്‍ പറയുന്ന വിലക്ക് തന്നെ ചോളമെടുക്കേണ്ട അവസ്ഥയാണത്രേ.
ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രളയമുണ്ടായതും ചോളവില വര്‍ധിക്കാനിടയായതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മില്‍മയുടെ കാലിത്തീറ്റയ്ക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. 70 രൂപയാണ് ഒരു ചാക്ക് മില്‍മ കാലിത്തീറ്റക്ക് ലഭിക്കുന്ന സബ്‌സിഡി. ഇത് കഴിഞ്ഞ് 1240 രൂപ 50 കിലോ ചാക്കിന് നല്‍കണം. കേരള ഫീഡ്‌സ് കാലിത്തീറ്റക്കാണെങ്കില്‍ 50 കിലോ ചാക്കിന് 1345 രൂപയും നല്‍കണം.
അതേ സമയം വയനാട്ടിലെ സൊസൈറ്റികളില്‍ വിവിധ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ സുലഭമാണ്. നിര്‍മ്മാതാക്കളുടെ ലാഭവും ഡീലര്‍മാര്‍ക്കുമുള്ള കമ്മീഷനും ചേര്‍ത്താല്‍ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വന്‍വിലയാണെന്നാണ് കര്‍ഷകരുടെ പരാതി. മാസം അവസാനം പണം നല്‍കിയാല്‍ മതിയെന്ന കാരണത്താല്‍ ഇത്തരം കാലിത്തീറ്റകള്‍ ഉപയോഗിക്കുന്നവരാണ് കര്‍ഷകരില്‍ അധികവും. സൊസൈറ്റികളില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ കൂടിയ വിലയുള്ള കാലിത്തീറ്റ വാങ്ങി വാഹനത്തില്‍ വീട്ടിലെത്തിച്ചാല്‍ ചിലവ് പിന്നെയും വര്‍ധിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
എന്നാൽ പച്ചപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കാന്‍ വന്‍കിട ഫാമുകളും മറ്റും പച്ചച്ചോളത്തിന്റെ തണ്ട് കൊണ്ടുവരികയാണിപ്പോള്‍. സാധാരണ കര്‍ഷകര്‍ക്ക് പച്ചച്ചോളത്തണ്ട് വാങ്ങാന്‍ മില്‍മ കിലോയ്ക്ക് 1.70 രൂപ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും ചോളത്തണ്ട് കിട്ടാനില്ല. നിരവധി വാഹനങ്ങള്‍ പച്ചച്ചോള തണ്ടുമായി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നുണ്ടെങ്കിലും ഇടനിലക്കാരെ വെച്ച് ഇവയെല്ലാം വന്‍കിടഫാമുകള്‍ സ്വന്തമാക്കുന്ന അവസ്ഥയുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam