
തൃശൂര്‍: സംസ്ഥാനത്ത് നഷ്ടം മൂലം ഏഴ് വര്‍ഷത്തിനിടയില്‍ നശിച്ചത് 21,400 സ്വകാര്യ ബസുകള്‍. ഒരു വര്‍ഷത്തിനിടയില്‍ 1400 ഓളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്തു. 2017 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കാണിത്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍.
സ്വകാര്യ ബസ് വ്യവസായത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ 2011 ല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് 34000ത്തോളം സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നത് 2011 ല്‍ 17600 കുറഞ്ഞിരിക്കുന്നു എന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്. 2017ല്‍ അത് 14000 ആയെന്ന് ബസുടമകളുടെ കണക്കെങ്കില്‍, 12600 എന്നാണ് ഗതാഗതവകുപ്പിന്റെ പുതിയ കണക്ക്.
എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബസ് പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളും ഒപ്പമുണ്ട്. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവിന് പുറമെ ഇന്‍ഷൂറന്‍സ് പ്രീമിയം ഫെയര്‍ വേജസ്, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ഓയല്‍ മുതലായവയിലുണ്ടായ വില വര്‍ദ്ധനവ് മൂലം ബസ് സര്‍വീസിനാവശ്യമായ ചിലവിനത്തില്‍ വലിയ വര്‍ദ്ധനവിനു പുറമെ യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള മേഖലയിലേക്ക് മാറിയതും പ്രതിസന്ധിയായി.
ഇതര സ്വകാര്യ വാഹനങ്ങളുടെ പെരുപ്പവും ബസില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തിയതിനാല്‍ വരുമാനത്തില്‍ വലിയ കുറവ് നേരിടുന്നുവെന്നും വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്നു ഇതാണ് പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്തുള്ള കടുത്ത നിലപാടിലേക്ക് ബസുടമകള്‍ കടക്കുന്നതെന്നാണ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറയുന്നു.
2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയുണ്ടായിരുന്നത് മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് 73 രൂപയിലേക്കെത്തി. ഇന്ധന ചിലവില്‍ മാത്രം പ്രതിദിനം രണ്ടായിരം രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് ബസുടമകളുടെ വാദം. ഇതോടൊപ്പം 68 ശതമാനം ഇന്‍ഷൂറന്‍സിലും, 50 ശതമാനം തൊഴിലാളികളുടെ വേതനത്തിലും വര്‍ധനവുണ്ടായത്രെ. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ബസുകളാണ് പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്യുന്നതിനായി ഗതാഗത വകുപ്പിനെ സമീപിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ പ്രമുഖ ബസ് സര്‍വീസ് ഉടമ തന്റെ 12 ബസുകള്‍ വില്‍ക്കാമെന്ന് മറ്റ് ബസുടമകളെ അറിയിച്ചു കഴിഞ്ഞു. 2003 ല്‍ സ്റ്റേജ് കാര്യേജുകള്‍ക്ക് 15 വര്‍ഷം കാലാവധി നിശ്ചയിക്കുമ്പോള്‍ ഒരു പുതിയ ബസ് നിരത്തിലിറക്കുന്നതിന് ഒമ്പത് ലക്ഷം രൂപ മുടക്കിയാല്‍ മതിയായിരുന്നു. ഇന്ന് ഒരു പുതിയ ബസ് നിരത്തിലിറക്കണമെങ്കില്‍ മുപ്പത്തിരണ്ടു ലക്ഷം മുടക്കണം.
2004 ഏപ്രില്‍ ഒന്നു മുതല്‍ ആയിരുന്നു 15 വര്‍ഷ കാലാവധി നിലവില്‍ വന്നത്. അന്ന് നിരത്തിലിറക്കിയ പുതിയ ബസുകള്‍ക്ക് 2019 മാര്‍ച്ച് 31 വരെയാണ് സര്‍വീസ് നടത്താന്‍ കാലാവധിയുള്ളത്. കാലാവധി തീരുന്ന അത്തരം ബസുകള്‍ക്ക് പകരം 32 ലക്ഷം രൂപ മുടക്കി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത് പ്രയാസമാകുന്നതോടെ, 2019 മാര്‍ച്ച് 31 ഓട് കൂടി ധാരാളം സ്വകാര്യ ബസുകള്‍ കൂടി പെര്‍മിറ്റുകള്‍ നഷ്ടപ്പെട്ട് രംഗമൊഴിയും. എന്നാല്‍ ഏഴ് വര്‍ഷവും അഞ്ച് വര്‍ഷവും കാലാവധി ബാക്കിയുള്ള ബസുകള്‍ വില്‍പ്പന നടത്തിയും വാങ്ങിയുമുള്ള കുതിരക്കച്ചവടങ്ങളും ഇതിന് പിന്നില്‍ നടക്കുന്നുണ്ടെന്ന് ബസുടമകള്‍ തന്നെ സമ്മതിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam