കേന്ദ്ര സര്‍ക്കാര്‍ ഖജനാവ് നിറഞ്ഞുകവിയുന്നു; ആദായനികുതി വരുമാനം വേണ്ടെന്നുവെച്ചേക്കും

By Web DeskFirst Published Dec 18, 2016, 8:36 AM IST
Highlights

നിറഞ്ഞു കവിയുന്ന ഖജനാവാണ് ഇപ്പോള്‍ കേന്ദ്രത്തിന്റേത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം കോടിയെങ്കിലും നികുതിയായി വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക്. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയാക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് ഇതിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് കോടിയുടെ അധിക വരുമാനത്തിലാണ്. ബാങ്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് (ബി.ടി.ടി) നടപ്പാക്കിയാല്‍ ഓരോ ഓണ്‍ലൈന്‍ ഇടപാടില്‍ നിന്നും നികുതി പിടിക്കുകയാണ് അടുത്ത പടി. ഒരോ ഇടപാടിനും രണ്ട് ശതമാനം  നികുതിയായിരിക്കും ഇങ്ങനെ ഈടാക്കുന്നത്. 

ശമ്പളക്കാരുടെ ആദായ നികുതി നിരക്ക് കൂടി വെട്ടിക്കുറച്ചായിരിക്കും  ബി.ടി.ടി നടപ്പാക്കുകയെന്നാണ് സൂചന. അങ്ങനെ വന്നാല്‍  ശമ്പളക്കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ആദായ നികുതിയുടെ പകുതി പോലും കൊടുക്കേണ്ടിവരില്ല. ഒരോ ബാങ്ക് ഇടപാടിനും നികുതിയുള്ളതിനാല്‍ ബി.ടി.ടി വഴി സര്‍ക്കാരിന്റെ വരുമാനം അഞ്ചിരട്ടിയെങ്കിലുമാകും.  2.86 ലക്ഷം കോടി രൂപയാണ് 2015-16 ല്‍ ആദായ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ബി.ടി.ടി നടപ്പാക്കിയാല്‍ ഇതിന്‍രെ എത്രോയെ ഇരട്ടി ലഭിക്കും. ഇടാപാടുകള്‍ക്ക് പണം  മാത്രം നല്‍കിയും ബാങ്ക് ഇടപാടുകള്‍ പരിചിതമല്ലാത്തുമായ ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍ നിന്ന് ഇത്രയും നികുതി എങ്ങനെ സമാഹരിക്കുമെന്നതാണ് വെല്ലുവിളി. മാത്രമല്ല ജി.എസ്.ടി നടപ്പാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ മുഴുവന്‍ നികുതികള്‍ക്കും പകരം ബി.ടി.ടി എന്നതും പ്രായോഗികമാകില്ല.

നാഗ്പൂര്‍ ആസ്ഥാനമായ അര്‍ത്ഥക്രാന്തി എന്ന സംഘടനയുടെ പ്രധാന ശുപാര്‍ശയാണ് ബി.ടി.ടി. ആദായ നികുതിയടക്കം രാജ്യത്തെ പ്രധാനപ്പെട്ട 64 നികുതികള്‍ നിര്‍ത്തലാക്കി ബി.ടി.ടിയിലേക്ക് മാറണമെന്നാണ് ഈ സംഘടനയുടെ ശുപാര്‍ശ. നോട്ട് നിരോധനവും പ്ലാസ്റ്റിക് മണി വ്യാപകമാക്കണമെന്നതുമടക്കമുള്ള കാര്യങ്ങളില്‍ അര്‍ത്ഥ ക്രാന്തിയുടെ ശുപാര്‍ശ സ്വീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബി.ടി.ടിയും പ്രധാന ചര്‍ച്ചയാകുന്നത്.

click me!