ആധാര്‍ സഹായ നമ്പര്‍ വന്നതിന് പിന്നിലെ 'പിഴ' തങ്ങളുടേത് ; കുറ്റമേറ്റെടുത്ത് ഗൂഗിള്‍

By Web TeamFirst Published Aug 4, 2018, 10:19 AM IST
Highlights


സംഭവവുമായി ബന്ധപ്പെട്ട് പലരുടേയും മൊബൈല്‍ ഫോണുകളില്‍ പ്രത്യക്ഷമായ ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ വിശദീകരണം.

ദില്ലി: മൊബൈല്‍ ഫോണ്‍ കോണ്‍ടാക്റ്റുകളില്‍ ആധാര്‍ സഹായ നമ്പര്‍ വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍. ഫോണുകളഇല്‍ നമ്പര്‍ പ്രത്യക്ഷമായത് ആന്‍ഡ്രോയിഡ് സോഫ്റ്റ്‍വെയറില്‍ ഉണ്ടായ തകരാറു മൂലമാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. നമ്പര്‍ ഫോണില്‍ ലഭ്യമാക്കാന്‍ ആധാര്‍ അതോറിറ്റിയില്‍ നിന്ന് ഒരു തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഗൂഗിള്‍ വിശദമാക്കി. മറ്റ് ടോള്‍ഫ്രീ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കോഡിങ്ങില്‍ സംഭവിച്ച ചില സാങ്കേതിക തകരാര്‍ മൂലം മൊബൈല്‍ ഫോണുകളില്‍ പ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് ഗൂഗിള്‍ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം. 

സംഭവവുമായി ബന്ധപ്പെട്ട് പലരുടേയും മൊബൈല്‍ ഫോണുകളില്‍ പ്രത്യക്ഷമായ ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ വിശദീകരണം. ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇത് കൂടാതെ ഹെല്‍പ് ലൈന്‍ നമ്പര്‍ എന്ന പേരില്‍ നല്‍കിയ നമ്പര്‍ തെറ്റാണെന്നും ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. 

രണ്ട് വര്‍ഷത്തിലധികമായി പ്രവര്‍ത്തനക്ഷമമല്ലാത്ത നമ്പറാണ് ഹെല്‍പ് ലൈന്‍ നമ്പറായി നല്‍കിയിരിക്കുന്നതെന്നും ആധാര്‍ അതോറിറ്റി വിശദമാക്കിയിരുന്നു. ഈ വിഷയത്തിൽ ഉണ്ടായ ആശങ്കകളിൽ വിഷമമുണ്ടെന്നും ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്ട് പട്ടികയിൽ കടന്നുകൂടിയ നമ്പർ ആവശ്യമെങ്കിൽ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

ആൻഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഈ തകരാര്‍ ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഗൂഗിള്‍ വിശദമാക്കുന്നത്. ജിമെയിൽ അക്കൗണ്ടിൽ നിന്ന് ഫോണുകളിലേക്ക് കോൺടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവർക്കാകും ഈ പ്രശ്നമുണ്ടായിരിക്കുകയെന്നും ഗൂഗിള്‍ വിശദമാക്കുന്നു. യുഐഡിഎഐ ടോൾ ഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ട് പട്ടികയിൽ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാർ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകൾ പുറത്തുകൊണ്ടു വന്ന സൈബർ സുരക്ഷാ വിദഗ്ധൻ എലിയറ്റ് ആൽഡേഴ്സ്നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതൽ ആളുകൾ ഇതേ പരാതിയുമായി എത്തുകയായിരുന്നു. വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തിയതോടെ ഈ വിഷയത്തിൽ ഉണ്ടായ ആശങ്ക അകലുകയാണ്.  

click me!