സിനിമാക്കഥ പോലെ സംഭവബഹുലം ജയലളിതയുടെ വ്യക്തിജീവിതം

By Web DeskFirst Published Dec 5, 2016, 1:31 PM IST
Highlights

തമിഴ്നാട്ടിൽ നിന്ന് മൈസുരിലേക്ക്  കുടിയേറിയ അയ്യങ്കാർ കുടുംബത്തിലെ ജയറാം വേദവല്ലി ദമ്പതികൾക്ക് 1948 ഫെബ്രുവരി 24ന് ഒരു പെൺകുട്ടി പിറന്നു. കോമളവല്ലിയെന്ന് പേര് നൽകിയെങ്കിലും അമ്മു എന്നായിരുന്നു സ്നേഹത്തോടെ അച്ഛനമ്മാമാർ അവളെ വിളിച്ചത്.  

മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്ന മുത്തശ്ശൻ, രാജാവിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർത്ത് വിളിച്ച ജയലളിത എന്ന പേരിലാണ് പിന്നീട് ആ കുട്ടിയെ ലോകം അറിഞ്ഞത്.  രണ്ടാം വയസിൽ അച്ഛൻ മരിച്ചതാണ് ജയലളിതയുടെ ജീവിതത്തിലുണ്ടായ ആദ്യതിരിച്ചടി. ഇതോടെ മക്കളുമായി വേദവല്ലി ചെന്നൈയിലേക്ക് താമസം മാറ്റി. സന്ധ്യ എന്ന പേരിൽ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ  വേദവല്ലി തന്നെയാണ് ജയലളിതക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. 1961 പുറത്തിറങ്ങിയ  ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ എപ്പിസിലിൽ  ആണ് ജയലളിത ആദ്യമായി അഭിനയിച്ചത്.

1965  ൽ പുറത്തിറങ്ങിയ  വെണ്ണിറൈ ആടൈയിലെ നായികയെ തമിഴ്നാട്ടുകാർക്ക് ഇഷ്ടപ്പെട്ടതോടെ ജയലളിതയുടെ തലവര തെളിഞ്ഞു. എംജിആറിന്റെ നായിക ആയതോടെ ആ ജിവിതം മറ്റൊരുവഴിക്ക് ഒഴുകാൻ തയ്യാറെടുക്കുകയായിരുന്നു. 28 ചിത്രങ്ങളിലാണ് ഇരുവരും ജോ‍ഡികളായത്.

1982ൽ എംജിആർ തന്നെ ജയലളിതയെ രാഷ്ട്രീയത്തിലേക്കും കൊണ്ടുവന്നു.  എംജിആർ  വിവാഹിതനായിരുന്നെങ്കിലും എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായി തമിഴകം അംഗീകരിച്ചത് സന്തതസഹചാരിയായിരുന്ന ജയയെയാണ് .   സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ്  രാഷ്ട്രീയ ഉയർച്ചകൾ ഒന്നൊന്നായി അവർ സ്വന്തമാക്കിയത്.  എന്നാൽ ഉയർച്ചകൾ മാത്രമുണ്ടായിരുന്നതല്ല അവരുടെ  ജീവിതം .  

ഭരണത്തിന്റെ ആദ്യകാലങ്ങളിൽ സ്വജനപക്ഷപാതിയായ , ആഡംബര ഭ്രമമുള്ള അഴിമതിക്കാരിയെന്ന് ആരോപണമുള്ള ജയലളിതയെയാണ് ജനം കണ്ടത്.  എന്നാൽ വീഴ്ചകളിൽ നിന്ന് ജയലളിത പാഠം പഠിച്ചു.  ഉപദ്രവിച്ചവരെ അതിലും രൂക്ഷമായി വേട്ടയാടി ,   എതിർസ്വരങ്ങളെ അടിച്ചൊതുക്കി.   ഇന്ന് ജയലളിത തമിഴകത്തിന് സർവാദരണീയായ അമ്മയാണ്.  

ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നു, പെട്ടെന്നൊരു ദിവസം തമിഴകത്തെ അനാധമാക്കി എംജിആർ കടന്നുപോയതുപോലെ അമ്മയും യാത്രയായി. അതേ ചോദ്യം തമിഴകം ആവർത്തിക്കുന്നു.   സൊല്ലാമെ പോയിട്ടാളോ, ഇനി നാങ്കള്ക്ക് യാർ.

click me!