കൊവിഡ്19: 'വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി'കള്‍ക്ക് പൂട്ട്; ശക്തമായ നടപടിയുമായി സാമൂഹ്യമാധ്യമങ്ങള്‍

By Web TeamFirst Published Mar 6, 2020, 1:49 PM IST
Highlights

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കുണ്ടായത്. വാട്‌സാപ്പിലൂടെയാണ് ഏറിയ പ്രചാരണങ്ങളും നടക്കുന്നത്. 

ബെംഗളൂരു: കൊവിഡ്19 വൈറസ് ബാധയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ ശക്തമായ നടപടികളുമായി സാമൂഹ്യമാധ്യമങ്ങള്‍. ഫേസ്‌ബുക്കും യൂട്യൂബും ഷെയര്‍ചാറ്റും അല്‍ഗോരിതത്തില്‍ മാറ്റംവരുത്തുകയും തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതായുമാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. 

Read more: 'ബെംഗലുരുവിലെ കൊറോണ ബാധിച്ച കോഴി'; പ്രചാരണങ്ങളിലെ വസ്തുതയെന്ത്?

ഇന്ത്യയില്‍ കൊവിഡ്19 ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കുണ്ടായത്. വാട്‌സാപ്പിലൂടെയാണ് ഏറിയ പ്രചാരണങ്ങളും നടക്കുന്നത്. വ്യാജ വീഡിയോകളാണ് വാട്സാപ്പില്‍ പ്രചരിക്കുന്നവയില്‍ ഏറെയെന്ന് ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതിക് സിന്‍ഹ പറയുന്നു. ആരോഗ്യരംഗത്തെ കുറിച്ച് മുമ്പുണ്ടായ വ്യാജ പ്രചാരണങ്ങളുടെ കുറഞ്ഞത് രണ്ടുമൂന്ന് ഇരട്ടി കഥകളെങ്കിലുമാണ് വാട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ട് എന്നാണ് ബൂംലൈവിലെ ഫാക്‌ട് ചെക്കറായ സാചി സുതാര്യയുടെ നിരീക്ഷണം. 

കൊവിഡ്19നെ തടനായുള്ള പ്രതിവിധികള്‍, മരുന്നുകള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ സര്‍ക്കുലറുകള്‍, ചൈനയെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയാണ് വ്യാജ സന്ദേശങ്ങളില്‍ പ്രധാനമായുള്ളത്. 

Read more: കൊറോണ: 20,000ത്തിലേറെ രോഗികളെ കൊല്ലാന്‍ ചൈന കോടതിയുടെ അനുമതി തേടിയോ? സത്യമിത്

വ്യാജ പ്രചാരണങ്ങള്‍ തടയാനായി സര്‍ക്കാരുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണം വാട്‌സാപ്പ് തേടിയിട്ടുണ്ട്. ആരോഗ്യരംഗത്തെ ആഗോള സംഘടനകളും സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ഫേസ്‌ബുക്ക് അവകാശപ്പെടുന്നു. കൊവിഡ്19 പടരുന്ന സാഹചര്യം മുതലെടുത്ത് വ്യാജ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊവിഡ്19നെ കുറിച്ച് ആധികാരികമല്ലാത്ത സന്ദേശങ്ങളും വീഡിയോകളും നിയന്ത്രിക്കാന്‍ പരിശ്രമിക്കുകയാണ് യൂട്യൂബും. വ്യാജ സന്ദേശങ്ങള്‍ തടയാന്‍ 13 ഭാഷകളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട് ഷെയര്‍‌ചാറ്റ്. വ്യാജം എന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതായി ഷെയര്‍‌ചാറ്റ് അധികൃതരും വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.  

Read more: പച്ചില മുതല്‍ ഉപ്പുവെള്ളം വരെ; കൊറോണ ചികിത്സക്ക് മരുന്നെന്ന് വ്യാജ പ്രചാരണങ്ങള്‍ പെരുകുന്നു

click me!