വുഹാന്‍: ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിനെ തടയാന്‍ നിതാന്ത പരിശ്രമങ്ങളിലാണ് ലോകം. ഇതിനിടെ കൊറോണ വൈറസിനെ ചുറ്റിപ്പറ്റി കിംവദന്തികളും വ്യാജ പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഒഴുകുകയാണ്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ചൈന 20,000ത്തിലധികം രോഗികളെ കൊല്ലാന്‍ കോടതിയുടെ അനുമതി തേടി എന്നാണ് ഒടുവിലത്തെ വ്യാജ പ്രചാരണം. 

ചൈന ഇരുപതിനായിരത്തിലധികം ആളുകളെ കൊല്ലുന്നു എന്ന അവകാശവാദത്തോടെ ഒരു വെബ്‌സൈറ്റ്(AB-TC) ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനുള്ള അനുമതി ചൈനീസ് പരമോന്നത കോടതി വെള്ളിയാഴ്‌ച നല്‍കാന്‍ സാധ്യതയുള്ളതായി വെബ്‌സൈറ്റ് അവകാശപ്പെട്ടു. ചൈനീസ് സര്‍ക്കാരിനെയോ ആരോഗ്യമന്ത്രാലത്തെയോ ഉദ്ധരിക്കാതെയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കൊറോണ ഭീതി നിലനില്‍ക്കുന്നതിനായും മരണനിരക്ക് ഉയരുന്നതിനാലും ഈ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 

എന്നാല്‍ ആരൊക്കെയാണ് എഡിറ്റോറിയല്‍ ടീം എന്നുപോലും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടര്‍മാരുടെ പേരുവിവരങ്ങള്‍ ചേര്‍ക്കാതെ പ്രദേശിക ലേഖകര്‍ എന്ന അവകാശവാദത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. ഈ വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വസ്‌തുതാനിരീക്ഷണ മാധ്യമമായ ബൂംലൈവ് കണ്ടെത്തി. 2019 ജൂണിലാണ് ഈ വെബ്‌സൈറ്റ് സൃഷ്‌ടിച്ചത് എന്നും ബൂംലൈവിന്‍റെ പരിശോധനയില്‍ വ്യക്തമായി. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് നേരത്തെയും വിവാദങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട് ഈ ചൈനീസ് വെബ്‌സൈറ്റ് എന്നാണ് റിപ്പോര്‍ട്ട്.