വുഹാന്‍: കൊറോണാവൈറസ് പടർന്നുപിടിച്ചതിന്റെ അതേ വേഗത്തിൽ തന്നെയാണ് ആ മാരകമായ പകർച്ച വ്യാധിയെക്കുറിച്ചുള്ള അസത്യപ്രചാരണങ്ങൾക്കും കാറ്റുപിടിച്ചത്. ജനിതകഘടന കണ്ടെത്താൻ വേണ്ടി അന്താരാഷ്ട്ര വൈറോളജി ലാബുകളിൽ ശാസ്ത്രജ്ഞർ മത്സരബുദ്ധിയോടെ രാപ്പകൽ പാടുപെട്ടുകൊണ്ടിരിക്കെ, വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം പോലും മൂന്നുമാസം അകലെയാണ് എന്നിരിക്കെ, ഈ അസുഖത്തിന് ഇനി ഇറങ്ങാൻ ഒറ്റമൂലികൾ ഒന്നും ബാക്കിയില്ല. സാമൂഹ്യമാധ്യമങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധി ശരിയാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഇത്തരത്തിൽ പ്രചരിക്കുന്ന അസത്യങ്ങൾ ഫോർവേർഡ് ചെയ്യപ്പെടുന്നതുകൊണ്ടുണ്ടാകുന്ന അനാവശ്യമായ ട്രാഫിക് കുരുക്കാണ്. വ്യാജമരുന്നുകളെപ്പറ്റിയുള്ള അത്തരം അവകാശവാദങ്ങളിൽ ചിലതാണ്, ഇത്തവണ ഫാക്ട് ചെക്കിൽ.

വെള്ളുള്ളി തിളപ്പിച്ച വെള്ളം

ഫേസ്‌ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നിവയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒരു അവകാശവാദമാണ് അസുഖബാധിതർ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ അസുഖം ഭേദപ്പെടും എന്നത്. അവകാശവാദത്തിൽ വസ്തുത മരുന്നിനുപോലുമില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ആന്റിബയോട്ടിക് ഐ ഡ്രോപ്പ്

ഒരു പച്ചിലച്ചെടിയുടെ കൊഴുപ്പിൽ നിന്നുണ്ടാക്കുന്ന തുള്ളിമരുന്ന് കണ്ണിലൊഴിച്ചാൽ ആ നിമിഷം കൊറോണാവൈറസ് നശിച്ചുപോകും എന്ന തരത്തിലുള്ള പ്രചാരണം ഫിലിപ്പീൻസിലാണ് ശക്തമായത്. ആ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ട് ലൈക്ക് ചെയ്തതും, പങ്കുവെച്ചതും. റ്റിനോസ്പോറ ക്രിസ്‌പാ എന്ന ചെടിയുടെ നീര് കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള അത്ഭുതസിദ്ധിയുള്ളതാണ് എന്നായിരുന്നു പ്രചാരണം. ഫേസ്‌ബുക്കിൽ മാത്രം ഈ വീഡിയോ കണ്ടത് പതിനഞ്ചു ലക്ഷം പേരാണ്.  ഇതും തികച്ചും വ്യാജമായ ഒരു വാർത്തയാണ്.

സിംഗിൾ യൂസ് മാസ്കുകള്‍ ആവികേറ്റി വീണ്ടും ഉപയോഗിക്കാം

ഇതും വളരെ അപകടകരമായ ഒരു പ്രചാരണമായിരുന്നു. മാസ്കുകളുടെ ക്ഷാമം നേരിട്ടപ്പോൾ, ചൈനയിൽ നിന്നുതന്നെയാണ് ഒരു ഡോക്ടറുടെ എന്നപേരിൽ ഈ വീഡിയോ വന്നത്. സിംഗിൾ യൂസ് മാസ്കുകൾ ആവി കയറ്റിയ ശേഷം വീണ്ടും ഉപയോഗിക്കാം എന്നായിരുന്നു അയാളുടെ അവകാശവാദം. എന്നാൽ കൊറോണ ഇങ്ങനെ പകരുന്ന സമയത്ത് ഒരു കാരണവശാലും സിംഗിൾ യൂസ് മാസ്കുകൾ രണ്ടാമതും എടുത്തുപയോഗിക്കരുത് എന്നുതന്നെയാണ് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം.

കൊറോണയ്ക്കുള്ള പച്ചിലമരുന്നുകൾ

ശ്രീലങ്കയിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെയാണ് കായം എന്ന സുഗന്ധവ്യഞ്ജനത്തിന് കൊറോണയെ അകറ്റാനുള്ള ശക്തിയുണ്ട് എന്നമട്ടിലുള്ള പ്രചാരണങ്ങൾ വന്നത്. ഇത് രോഗം പകരുന്നതും തടഞ്ഞേക്കും എന്നതരത്തിലുള്ള പ്രചാരണമുണ്ടായിരുന്നു. ഇതൊക്കെ നിഷേധിച്ചുകൊണ്ട് ശ്രീലങ്കൻ ആരോഗ്യവകുപ്പ് രംഗത്തുവന്നിരുന്നു.

ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിഞ്ഞാൽ മതി

ചൈനയിൽ നിന്നുള്ള ഏതോ ആരോഗ്യ വിദഗ്ദ്ധൻ എന്നപേരിൽ വന്ന പോസ്റ്റിൽ പറഞ്ഞത് ഉപ്പുവെള്ളം കൊണ്ട് വായ കഴുകുകയും കുലുക്കുഴിയുകയും ചെയ്‌താൽ കൊറോണാ വൈറസ് ചത്തുപോകും എന്നായിരുന്നു. ഇതും നിരവധി പേർ പങ്കിട്ട ഒരു വ്യാജവാർത്തയായിരുന്നു. ഇതും തീർത്തും വസ്തുതാവിരുദ്ധമായ ഒരു അവകാശവാദമാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് വിഭാഗം കണ്ടെത്തി.