ആഫ്രിക്കൻ വംശജനായ ജീവനക്കാരനെ പിരിച്ചുവിടാൻ ഓസ്‌ട്രേലിയൻ കഫെ ചെയിൻ ഉടമ പറഞ്ഞ വിചിത്രമായ കാരണം

Published : Jun 21, 2020, 12:25 PM ISTUpdated : Jun 21, 2020, 12:26 PM IST
ആഫ്രിക്കൻ വംശജനായ ജീവനക്കാരനെ പിരിച്ചുവിടാൻ ഓസ്‌ട്രേലിയൻ കഫെ ചെയിൻ ഉടമ പറഞ്ഞ വിചിത്രമായ കാരണം

Synopsis

'നിങ്ങൾ കറുത്തവർഗക്കാർ ഉണ്ടാക്കുന്ന കോഫി റേസിസ്റ്റുകളായ ഇവിടത്തുകാർ കുടിക്കില്ല' എന്ന് ജീവനക്കാരനെ പിരിച്ചുവിടാൻ കാരണമായി ഷിഫ്റ്റ് മാനേജർ പറഞ്ഞതോടെ റേസിസം ആരോപണങ്ങൾക്ക് നടുവിൽ പെട്ടിരിക്കയാണ് വീണ്ടുമൊരു ഓസ്‌ട്രേലിയൻ കോഫീ ഷോപ്പ് ചെയിൻ.

സിഡ്‌നിയിലെ പ്രസിദ്ധമായ ഒരു ബീച്ച് ടൗൺ ആണ് ബോണ്ടി. അവിടത്തെ  പ്രസിദ്ധമായ കോഫീ ഷോപ്പ് ശൃംഖല XS Espresso -യുടെ ഫ്രാഞ്ചൈസിയിൽ 'ബരിസ്റ്റ' (കാപ്പി ഉണ്ടാക്കുന്ന ആൾ) ആയി വളരെ തൃപ്തികരമായ രീതിയിൽ തന്റെ തൊഴിൽ ചെയ്തുകൊണ്ടിരുന്ന ആയോ ലാന എന്ന നൈജീരിയൻ വംശജനെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ വംശജനായ ഉടമ പിടിച്ചു വിട്ടു. 

എന്തിനാണ് പിരിച്ചുവിടുന്നത് എന്ന് ചോദിച്ചപ്പോൾ," കസ്റ്റമേഴ്സിൽ പലരും നീ ഉണ്ടാക്കുന്ന കോഫിയെപ്പറ്റി പരാതി പറഞ്ഞു." എന്നായിരുന്നു ഉടമയുടെ മറുപടി. എന്നാൽ, നല്ല കാപ്പി നിർമിച്ചെടുക്കാനുള്ള തന്റെ വൈദഗ്ധ്യത്തിൽ മറ്റാരേക്കാളും വിശ്വാസമുണ്ടായിരുന്ന ആയോയ്ക്ക് ആ വിശദീകരണം ഒട്ടും തന്നെ തൃപ്തികരമായി തോന്നിയില്ല. " എന്റെ കാപ്പിയെപ്പറ്റി ഇന്നും ഒരാളും ഒരു കുറ്റവും പറഞ്ഞിട്ടില്ല. നിങ്ങൾ ഉള്ള കാര്യം പറ..." എന്നായി ആയോ. അപ്പോഴാണ് ഷിഫ്റ്റ് മാനേജർ/ഫ്രാഞ്ചൈസി ഉടമയിൽ നിന്ന് സത്യം വെളിയിൽ വന്നത്," ആയോ... നിനക്ക് ബോണ്ടിയിലുള്ളവരെ അറിയാമല്ലോ... ഇവിടെയുളളവർ ഇത്തിരി റേസിസ്റ്റ് ആണ്. അവർക്ക് നീയുണ്ടാക്കുന്ന കോഫി കുടിക്കാൻ ബുദ്ധിമുട്ടുണ്ടത്രെ..." അപ്പോഴാണ് ആയോയ്ക്ക് തന്നെ പിരിച്ചുവിടാനുള്ള യഥാർത്ഥ കാരണം മനസ്സിലായത്, " എനിക്ക് നിങ്ങളുടെ കോഫി വളരെ ഇഷ്ടമാണ്, എന്നാൽ പല ലോക്കൽസും ഇവിടെ ഒരു വെളുത്ത 'ഓസി'(aussie) ഉണ്ടാക്കിയ കോഫി മാത്രമേ കുടിക്കൂ എന്ന് ചിലർ പരാതിപ്പെട്ടിരിക്കുന്നു" എന്നാണ് ഷിഫ്റ്റ് മാനേജരുടെ വാദം. അത് മനസ്സുലച്ചിൽ ഉണ്ടാക്കിയതോടെ ആയോ തന്റെ മനോവിഷമം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു. 

 

 

ആയോ തന്റെ സങ്കടം പങ്കുവെച്ചതോടെ കഫെ ചെയിനിന്റെ ഉടമ അദ്ദേഹത്തെ ബന്ധപ്പെട്ട് ഈ സംഭവത്തിൽ തനിക്കുള്ള ഖേദം പ്രകടിപ്പിച്ചു. തന്റെ ഫ്രാഞ്ചൈസി മാനേജർ പറഞ്ഞത് ഒട്ടും സ്വീകാര്യമല്ലാത്ത കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അവർ തങ്ങളുടെ തെറ്റ് ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി തന്നെ തുറന്നു പറഞ്ഞുകൊണ്ട് ക്ഷമാപണം നടത്തുകയും ചെയ്തു. ആ ക്ഷമാപണത്തിൽ ആത്മാർത്ഥതയുണ്ടെന്ന് ബോധ്യപ്പെട്ട ആയോ, തനിക്കുണ്ടായ വിഷമം നീങ്ങി എന്ന് അറിയിച്ചു. തങ്ങളുടെ ജീവനക്കാർക്ക് വളരെ കർശനമായ റേസിസം വിരുദ്ധ ബോധവൽക്കരണം ഇനിമേൽ ജോലിയുടെ ഭാഗമായിത്തന്നെ നടത്തും എന്നും കഫെ ചെയിൻ ഉടമ അറിയിച്ചിട്ടുണ്ട്. 

 

 

അമേരിക്കയിൽ നടക്കുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' സമരങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വംശീയതാ ആരോപണങ്ങൾ നേരിടുന്ന ഓസ്‌ട്രേലിയൻ സമൂഹത്തിൽ നിന്ന് വരുന്ന ഈ വാർത്ത, ഒരേ സമയം വംശീയത ഒരു ആഗോള യാഥാർഥ്യമാണ് എന്ന വസ്തുതയും, അതേ സമയം മനുഷ്യനന്മ ഇനിയും അന്യം നിന്നിട്ടില്ല എന്ന ബോധ്യവും മുന്നോട്ടുവെക്കുകയാണ്.

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ