Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റില്ലേ? കീശ കീറിയേക്കും, പിഴ കുറക്കാന്‍ സംസ്ഥാനം ആരെന്നു കേന്ദ്രം!

പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

AG Says That States cant have lower fine than in amended Motor Vehicle Amendment Act
Author
Delhi, First Published Dec 7, 2019, 12:14 PM IST

ദില്ലി: 2019 സെപ്‍തംബര്‍ 1 മുതലാണ് രാജ്യത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമം നിലവില്‍ വരുന്നത്. ഗതാഗതനിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ മുന്നോട്ടുവച്ച നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവും വരുത്തി. 

എന്നാല്‍ പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയരിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്ത് ഉള്‍പ്പെടെ  ബിജെപി ഭരിക്കുന്ന  ചില സംസ്ഥാനങ്ങളും കേരളവും പിഴത്തുക കുറച്ചിരുന്നു. നിയമഭേദഗതി വന്നതിനുശേഷം കുറഞ്ഞ പിഴയീടാക്കിയ ആദ്യ സംസ്ഥാനം ഗുജറാത്താണ്. പിന്നാലെ മറ്റുസംസ്ഥാനങ്ങളും രംഗത്തെത്തി. തുടർന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറിൽ ഗതാഗതമന്ത്രാലയം നിയമോപദേശം തേടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം പാർലമെന്റ് പാസാക്കിയതായതിനാൽ അതിനെ മറികടന്ന് നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്നാണ് അറ്റോർണി ജനറൽ പറയുന്നത്. 

ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കു നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും കൂടാതെ 356-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾക്കെതിരേ നടപടിയെടുക്കാൻ സാധിക്കുമെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. ഒരു നിയമത്തെച്ചൊല്ലി ഒരേസമയം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്രത്തിനാണ് മേൽക്കൈയെന്ന് ഭരണഘടനയുടെ 254-ാം അനുച്ഛേദം അനുശാസിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. 

ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങൾക്ക് തത്സമയം പിഴയടച്ചാൽ മതിയെന്നും കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുറഞ്ഞ പിഴയും കോടതിയിലെത്തി പിഴ അടയ്ക്കണമെന്ന വ്യവസ്ഥയും ഗുജറാത്ത് കൊണ്ടുവന്നിരുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്‍തിരുന്നു. പിന്നീട് മോട്ടോർ വാഹന പിഴയിലെ ഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്.  അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക്‌ പിഴ കുറച്ചിട്ടില്ല. 

അതേസമയം കേന്ദ്രം നിലപാട് കടുപ്പിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രനിയമം കര്‍ശനമായി നടപ്പാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios