Asianet News MalayalamAsianet News Malayalam

അശോക് ലെയ്‍ലൻഡിന്റെ നിർമ്മാണ പ്ലാന്‍റുകൾ ഈ മാസം പന്ത്രണ്ട് ദിവസത്തേക്ക് അടച്ചിടും

വാഹനമേഖലയിലെ കടുത്ത മാന്ദ്യത്തെ തുടർന്ന് അശോക് ലെയ്‍ലൻഡ് ഈ വർഷം ജൂലൈ മുതൽ ഉത്പാദനം കുറച്ചിരുന്നു. തുടര്‍ച്ചയായ ആറാം മാസമാണ് കമ്പനി നിശ്ചിത ദിവസത്തേക്ക് ഉല്പാദനം നിര്‍ത്തി വയ്ക്കുന്നത്. 

Ashok Leyland to shut down production plants for up to 12 days in December
Author
New Delhi, First Published Dec 6, 2019, 10:03 AM IST

ദില്ലി: രാജ്യത്തെ പ്രമുഖ ട്രക്ക്, ബസ് നിർമാതാക്കളായ അശോക് ലെയ്‍ലൻഡിന്റെ നിർമ്മാണ പ്ലാന്റുകൾ ഈമാസം 12 ദിവസത്തേക്ക് അടച്ചിടും. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ റെഗുലേറ്ററി ഫയലിംഗിൽലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഉൽ‌പാദനത്തെ വിൽ‌പ്പനയുമായി സമന്വയിപ്പിക്കുന്നതിനാണ് രണ്ട് മുതൽ 12 ദിവസം വരെ പ്ലാന്റുകൾ അടച്ചിടാൻ തീരുമാനമായത്.

വാഹനമേഖലയിലെ കടുത്ത മാന്ദ്യത്തെ തുടർന്ന് അശോക് ലെയ്‍ലൻഡ് ഈ വർഷം ജൂലൈ മുതൽ ഉത്പാദനം കുറച്ചിരുന്നു. തുടര്‍ച്ചയായ ആറാം മാസമാണ് കമ്പനി നിശ്ചിത ദിവസത്തേക്ക് ഉല്പാദനം നിര്‍ത്തി വയ്ക്കുന്നത്. ജൂലൈ മാസവും ഒമ്പത് ദിവസത്തേക്ക് പാന്ത്‌നഗറിലെ പ്ലാന്റ് കമ്പനി അടച്ചിട്ടിരുന്നു. ജൂലൈ 16 മുതല്‍ 24 വരെയാണ് അടച്ചിട്ടത്. ആഗസ്റ്റ് മാസം 10 ദിവസം കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല. സെപ്റ്റംബറില്‍ അഞ്ച് മുതല്‍ 18 വരെയും ഒക്ടോബറില്‍ രണ്ട് മുതല്‍ 15 ദിവസം വരെയും നവംബറില്‍ 12 ദിവസം വരെയും കമ്പനി പ്രവര്‍ത്തിച്ചിരുന്നില്ല.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്‍ലൻഡിന്റെ അറ്റാദായത്തില്‍ 92.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ ലാഭം കുത്തനെ കുറഞ്ഞിരുന്നു.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 527.7 കോടി രൂപയായിരുന്നു കമ്പനി ലാഭമെങ്കില്‍ ഈ വര്‍ഷം വെറും 38.9 കോടി രൂപയാണ്. അതേസമയം ഡിസംബറിലും 16 ദിവസം ഉല്പാദന ശാലകള്‍ അടച്ചിടുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്‍ലൻഡിന്റെ ഓഹരികള്‍ ബുധനാഴ്ച 77.50 രൂപയിലാണ് ക്ലോസ് ചെയ്തത്. അതായത് 0.19 ശതമാനം ഇടിവ്.

പണലഭ്യതയിലെ കുറവ്, ഭാരത് സ്റ്റേജ്-6 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, ഉൽ‌പ്പന്നങ്ങളുടെ വില വർദ്ധനവ് എന്നിവ വിൽപ്പനയെ ബാധിച്ചതിനാലും ആളുകൾ വാഹനങ്ങൾ വാങ്ങാൻ താത്പര്യം കാണിക്കാത്തതിനാലുമാണ് കമ്പനി ഉൽ‌പാദനം കുറച്ചത്. ജൂലൈ 16 നും ജൂലൈ 24 നും ഇടയിലാണ് ഒമ്പത് ദിവസത്തേക്ക് പന്ത്നഗറിലെ പ്ലാന്റ് അടച്ചത്. ഓഗസ്റ്റിൽ 10 ദിവസത്തേക്ക് പ്രവൃത്തിയില്ലാത്ത ദിവസങ്ങൾ ആചരിച്ചു. തുടർന്ന് സെപ്റ്റംബറിൽ 5 മുതൽ 18 ദിവസം വരെയും ഒക്ടോബറിൽ 2 മുതൽ 15 ദിവസം വരെയും നവംബറിൽ 12 ദിവസം വരെയും വിവിധ പ്ലാന്റുകൾ അടച്ചിരുന്നു.

2019 നവംബറിൽ കമ്പനിയുടെ വിൽപ്പന 22 ശതമാനം ഇടിഞ്ഞ് 10,175 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,119 യൂണിറ്റ് വിറ്റിരുന്നു. മൊത്തം ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എം ആൻഡ് എച്ച്സിവി) വിൽപ്പന 36 ശതമാനം ഇടിഞ്ഞ് 5,321 യൂണിറ്റായി. ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 4 ശതമാനം ഇടിഞ്ഞ് 4,209 യൂണിറ്റായി. ആഭ്യന്തര വിൽപ്പനയിൽ ഈ വർഷം 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരം കയറ്റാവുന്ന ട്രക്കുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

മീഡിയം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ ട്രക്കുകളുടെ ആഭ്യന്തര വിൽപ്പന 2019 നവംബറിൽ 54 ശതമാനം ഇടിഞ്ഞ് 3,676 യൂണിറ്റായി. 2018 നവംബറിൽ 7,980 യൂണിറ്റുകൾ വിറ്റിരുന്നു. ആഭ്യന്തര ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 6 ശതമാനം ഇടിഞ്ഞ് 4,056 യൂണിറ്റായി. 2018 നവംബറിലെ 4,310 യൂണിറ്റുകളാണ് വിറ്റിരുന്നത്.

വിപണിയിലെ ഡിമാന്റിന് അനുസൃതമായി ഉല്പാദനം ക്രമീകരിക്കാനായി ചില കേന്ദ്രങ്ങളില്‍ 2 മുതല്‍ 12 ദിവസം വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് വന്‍ തിരിച്ചടിയാണ് വാഹനമേഖലയില്‍ ഉണ്ടാക്കുക. നിരവധി കമ്പനികള്‍ വലിയ തോതില്‍ തൊഴില്‍ വെട്ടിക്കുറച്ചു. പലരും ഉല്പാദനവും കുറച്ചതായാണ് റിപ്പോർട്ട്. വിപണിയില്‍ പണലഭ്യത കുറഞ്ഞതും വാഹനങ്ങളുടെ ഉയര്‍ന്ന വിലയുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളർച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം.

ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‍ലൻഡിന് 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. 2018 ആഗസ്റ്റില്‍ അശോക് ലെയ്‍ലൻഡിന്‍റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് 3,336 യൂണിറ്റുകളായി കുറഞ്ഞു. ഈ ഓഗസ്റ്റില്‍ ഇന്ത്യയിലെ നാല് പ്രധാന മീഡിയം ഹെവി ഡ്യൂട്ടി വാഹന നിര്‍മാതാക്കളുടെ മൊത്ത വില്‍പ്പനയില്‍ 59.50 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ വില്‍പ്പനയിടിവിന്‍റെ ഞെട്ടലിലാണ് വാഹനലോകം. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് ചരക്ക് നീക്ക സംവിധാനത്തില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്‍റെ സൂചനകളാണ് ട്രക്ക് വില്‍പ്പനയിലുണ്ടായ കുറവില്‍ പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios