കൊവിഡ് മഹാമാരിക്ക് ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും ജനജീവിതം പലതരത്തിൽ മാറിമറിഞ്ഞിട്ടുണ്ട്. നമ്മൾ കൊവിഡിന് മുമ്പ് സ്ഥിരമായി പൊതുഇടങ്ങളിൽ ചെയ്തുകൊണ്ടിരുന്ന പലതും ഇന്ന് ചിന്തിക്കാൻ പോലുമാകാത്തത്ര വർജ്യമായിട്ടുണ്ട്. ഒപ്പം, കൊവിഡിന് മുമ്പ് തികച്ചും അസ്വാഭാവികവും ആഡംബരവും ആയി തോന്നിയിരുന്ന പല പ്രവൃത്തികളും ഇന്ന് അത്യന്താപേക്ഷിതമായ പൊതുമര്യാദകളായി മാറിയിട്ടുമുണ്ട്. ലോകം കൊവിഡിന് മുമ്പും ശേഷവും എന്ന രീതിയിൽ ലോകചരിത്രം ഭാഗിക്കപ്പെട്ടു എന്നുതന്നെ പറയാം.

അക്കൂട്ടത്തിൽ ഉണ്ടായ ഒരു മാറ്റമാണ് പൊതുഗതാഗത മാർഗ്ഗങ്ങളായ ട്രെയിൻ, മെട്രോ, ബസ്, ടാക്സി തുടങ്ങിയവ പ്രയോജനപ്പെടുത്താനുള്ള ഭയം. അത് വ്യാവസായിക ലോകത്തും ഒരു പുതുചലനമുണ്ടാക്കി എന്നാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന വില്പനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈക്കിൾ വില്പനയിൽ വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് അവ വ്യക്തമാക്കുന്നത്. 

 

 

പല ലോകനഗരങ്ങളിലെയും ബസ്, മെട്രോ, ടാക്സി, ട്രെയിൻ ഗതാഗതസംവിധാനങ്ങളിലെ യാത്രക്കാരുടെ എണ്ണം ഇപ്പോഴും വളരെ കുറഞ്ഞു തന്നെ ഇരിക്കുകയാണ്. സൈക്കിൾ പുതുതായി വാങ്ങുന്നവരുടെ എന്നതിൽ ഉണ്ടായ കുതിച്ചു ചാട്ടം പല വൻകിട വില്പനശാലകളിലും സൈക്കിളുകളുടെ സ്റ്റോക്ക് പൂർണ്ണമായും തീർത്തിരിക്കുകയാണത്രെ. വാൾമാർട്ട്, ടാർജറ്റ് തുടങ്ങിയ അമേരിക്കൻ ഹൈപ്പർ മാർട്ടുകളിൽ ഇപ്പോൾ സൈക്കിളുകൾ കിട്ടാനില്ല എന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട്. ടോയ്‌ലറ്റ് പേപ്പർ വിറ്റുപോകുന്ന കണക്കിനാണ് ലോകത്ത് സൈക്കിളുകൾ വിറ്റുപോകുന്നതെന്നാണ് സൈക്കിൾ വ്യവസായത്തെ നിരീക്ഷിക്കുന്ന ഒരു അനലിസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്. 

മനിലയിൽ അവധിക്കാലത്താണ് സാധാരണ സൈക്കിൾ വിപണി ഉണരാറുള്ളത്. ഇപ്പോൾ അവധിക്കാലത്തെ ഇരട്ടി വില്പനയോടെ മുന്നോട്ട് കുത്തിക്കുകയാണത്രെ വ്യാപാരം. കുട്ടികളുടെയും മുതിർന്നവരുടെയും സൈക്കിളുകളുടെ വില്പന ഇരട്ടിച്ചിട്ടുണ്ട്. മനിലയെപ്പോലെ, ബർലിൻ, റോം, ബൊഗോട്ട തുടങ്ങിയ പല നഗരങ്ങളും ഇപ്പോൾ സൈക്കിളുകൾക്കായി പുതിയ ലൈനുകൾ അനുവദിച്ച് അവയുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെന്റ് സൈക്ക്ളിങ്ങിനെ പ്രോത്സാഹിപ്പിക്കാനും സൈക്ലിസ്റ്റുകളുടെ സുരക്ഷ വർധിപ്പിക്കാനായി 22 മില്യൺ ഡോളറിന്റെ പാക്കേജിനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇന്ത്യയിലും സൈക്കിൾ ചവിട്ടുന്നവർക്ക് പ്രോത്സാഹനമേകാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

 

ജിംനേഷ്യങ്ങൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് വ്യായാമം ചെയ്യുന്നവർ അത് മുടങ്ങാതിരിക്കാൻ സൈക്കിൾ ചവിട്ടിലേക്ക് തിരിഞ്ഞതാണ് സുരക്ഷാ മുൻകരുതലിനു പുറമെ സൈക്കിൾ വില്പന വര്ധിക്കാനിടയാക്കിയ മറ്റൊരു പ്രധാന കാരണം. ഈ അവസരം മുതലെടുത്ത്, ജോലിക്ക് പോകുന്നവരെ ലക്ഷ്യമിട്ട്, പുതിയ ലാഭകരമായ മോഡലുകൾ ഇറക്കി ഇ-സൈക്കിൾ  നിർമാതാക്കളും വലിയൊരു വ്യാപാരത്തിന് തയ്യാറെടുക്കുകയാണ്. 

ഇങ്ങനെ ലോകത്തിലെ നിരത്തുകളിൽ ഒരു സൈക്കിൾ വിപ്ലവം ഉണ്ടാകാൻ പോകുന്ന സാഹചര്യത്തിൽ, മറ്റുവാഹനങ്ങൾ ചീറിപ്പായുന്ന നിരത്തുകളിലേക്ക് തങ്ങളുടെ സൈക്കിളുകളുമായി ഇറങ്ങുന്നവരുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ വേണ്ടി ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് എന്തൊക്കെ മുൻകരുതലുകളും പരിഷ്കാരങ്ങളും ഉണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.