തമിഴ്‍നാട്ടിലെ കാർ നിർമാണശാലയിലെ സൗകര്യം വികസിപ്പിക്കാൻ 150 കോടി രൂപ കൂടി നിക്ഷേപിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഹ്യുണ്ടായി അക്കാദമി ഓഫ് ടെക്നിക്കൽ സ്കിൽസ്(എച്ച് എ ടി എസ്) സ്ഥാപിക്കാനാണ് പുതിയ നിക്ഷേപത്തിൽ ഗണ്യമായ പങ്കും കമ്പനി ചെലവിടുകയെന്നും വിവിധ മേഖലകളിൽ യുവാക്കളെ പരിശീലിപ്പിക്കാൻ ആണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അക്കാദമിയിൽ അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടാകും. ഇന്ത്യയിലെ എല്ലാ മുൻനിര കമ്പനികൾക്ക് ഉപയോഗപ്രദമാവും വിധത്തിലുള്ള പ്രതിഭകളെ വാർത്തെടുക്കാൻ പുതിയ സംരംഭത്തിലൂടെ സാധിച്ചേക്കും. നിലവിൽ ഹ്യൂണ്ടായ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു മേഖലാതല പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

പ്രതിവർഷം 5,000 പേർക്കു പരിശീലനം നൽകാനാണു ഹ്യുണ്ടായിയുടെ പദ്ധതി. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ രണ്ട് സംയോജിത നിർമാണശാലകൾ ചെന്നൈയയ്ക്കടുത്ത് ശ്രീപെരുംപുത്തൂരിലെ ഇരുങ്ങാട്ടുകോട്ടൈയിലാണു പ്രവർത്തിക്കുന്നത്. എച്ച് എ ടി എസ്സിനായി ഇതിനടുത്തുതന്നെ ഹ്യൂണ്ടായ് ഭൂമിയും വാങ്ങിക്കഴിഞ്ഞെന്നും കെട്ടിട നിർമാണം ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടുകളണ്ട്.