Asianet News MalayalamAsianet News Malayalam

'കവച്' ഉണ്ടായിരുന്നെങ്കില്‍ ആ പാളങ്ങള്‍ ഇങ്ങനെ ചോരപ്പുഴയില്‍ കുതിരില്ലായിരുന്നു!

 അപകടം നടന്ന റൂട്ടില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

If there was the Kavach system there would be no blood on those tracks prn
Author
First Published Jun 3, 2023, 2:28 PM IST

ഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്. അപകടം നടന്ന റൂട്ടില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ റയിൽവേ ആവിഷ്‌കരിച്ച സംവിധാനമായ ‘കവച്’ ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തൽ. ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് ‘കവച്’. ഈ സംവിധാനം അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഉണ്ടായിരുന്നെങ്കിൽ 260 ലേറെ പേരുടെ ജീവനെടുത്ത വൻ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മിനിട്ടുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ഇന്നലെ വൈകീട്ടാണ് നടന്നത്. വൈകിട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയതാണ് ഭീകരമായ അപകടത്തിന്‍റെ തുടക്കം. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. പാളം തെറ്റിയ നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ  ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

എന്താണ് കവച്?
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ സംവിധാനമാണ് കവച്. ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും. 

നിര്‍മ്മാണം ആത്മനിർഭർ ഭാരത്
ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ദക്ഷിണ–മധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ നിശ്ചിത ദൂരത്തിനുള്ളിൽ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്തു ട്രെയിനുകൾ നിർത്താൻ കഴിയുന്ന സംവിധാനമാണിത്. ഒരു ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ചാൽ മുന്നറിയിപ്പ് നൽകുകയും, അതേ ലൈനിൽ മറ്റൊരു ട്രെയിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ ഓട്ടോമാറ്റിക്കായി നിർത്തുകയും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ‌ആത്മനിർഭർ ഭാരത് പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റിൽ കവച് സംവിധാനവും ഇടംപിടിച്ചിരുന്നു. ആകെ 2000 കിലോമീറ്റർ റെയിൽ നെറ്റ്‌വർക്ക് ഈ സംവിധാനത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്താകായുള്ള ട്രെയിന്‍ റൂട്ടുകളില്‍ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികള്‍ തുടര്‍ന്നുവരികയാണ്. 

എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യ
ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമായ കവചിന് സാധിക്കും. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. സിഗ്‌നൽ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിൻ അപകടങ്ങളിൽ മിക്കപ്പോഴും വില്ലനാകുന്നത്. 
 

Follow Us:
Download App:
  • android
  • ios