Asianet News MalayalamAsianet News Malayalam

കൊവിഡ് 19; മാസ്‍കുകള്‍ നിര്‍മ്മിക്കാന്‍ കിയയും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‍കുകള്‍ നിര്‍മിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷനും

Kia Motors Will Make Mask
Author
Mumbai, First Published Mar 27, 2020, 7:37 PM IST

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‍കുകള്‍ നിര്‍മിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷനും. ചൈനയിലെ ഫാക്റ്ററിയാണ് ഇതിനായി പരിഗണിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ വക്താവ് പ്രസ്താവിച്ചു. 

ചൈനയിലെ യാന്‍ചെംഗ് പ്ലാന്റില്‍ മുഖാവരണങ്ങള്‍ നിര്‍മിക്കാനാണ് കിയ ഉദ്ദേശിക്കുന്നത്. മുഖാവരണങ്ങളും മറ്റും നിര്‍മിക്കുന്നതിന് കാര്‍ നിര്‍മാതാക്കളെ ചൈനീസ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതായി കിയ വക്താവ് പറഞ്ഞു. എത്ര മുഖാവരണങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. യുഎസ്സിലെ ജോര്‍ജിയയിലെയും ഇന്ത്യയില്‍ ആന്ധ്രയിലെ അനന്തപുര്‍ പ്ലാന്റിലെയും സ്ലൊവാക്യയിലെയും ഉല്‍പ്പാദനം കിയ മോട്ടോഴ്‌സ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, വെന്റിലേറ്ററുകളും മറ്റ് ശ്വസനോപകരണങ്ങളും നിര്‍മിക്കുമെന്ന് ഫോഡ് മോട്ടോര്‍ കമ്പനി പ്രസ്താവിച്ചു. പ്രോജക്റ്റ് അപ്പോളോ എന്ന കോഡ് നാമത്തിലാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യുഎസ് കാര്‍ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ജനറല്‍ ഇലക്ട്രിക്കിന്റെ ആരോഗ്യ പരിരക്ഷാ വിഭാഗം, 3എം കമ്പനി എന്നിവയുമായി ചേര്‍ന്നാണ് ഫോഡ് പ്രവര്‍ത്തിക്കുന്നത്. മഹാമാരി നേരിടുന്നതിന് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി യുഎസ് വാഹന നിര്‍മാതാക്കള്‍ സഹകരിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിന് വെന്റിലേറ്ററുകള്‍ക്കും മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുകയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം എവിടെയെല്ലാമാണെന്ന് അറിയുന്നതിന് ഫെഡറല്‍, സംസ്ഥാന, തദ്ദേശ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ഫോഡ് സിഇഒ ജിം ഹാക്കറ്റ് പറഞ്ഞു. ജനറല്‍ ഇലക്ട്രിക് കൂടാതെ ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ച് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതും ഫോഡ് വിലയിരുത്തുകയാണ്.

വടക്കേ അമേരിക്കയിലെ പ്ലാന്റുകള്‍ മാര്‍ച്ച് 30 നുശേഷം അടച്ചിടല്‍ തുടരുമെന്ന് ഫോഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വക്താവ് വ്യക്തമാക്കി.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര വെന്‍റിലേറ്റര്‍ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 3ഡി പ്രിന്റിംഗ് വഴി മുഖമറകള്‍ (വൈസര്‍) നിര്‍മിച്ചുതുടങ്ങിയതായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അറിയിച്ചു. സ്‌പെയിനിലെ തൊഴിലാളികള്‍ അവരവരുടെ വീടുകളിലാണ് മുഖമറകള്‍ നിര്‍മിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം രീതിയാണ് അവലംബിക്കുന്നത്. സ്‌പെയിനിലും മറ്റ് രാജ്യങ്ങളിലും മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്. വെന്റിലേറ്ററുകളുടെ പാര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന് ഫ്രാന്‍സില്‍ 3ഡി പ്രിന്ററുകള്‍ ഉപയോഗിക്കാമെന്ന് കമ്പനിയിലെ ഒരു എന്‍ജിനീയര്‍ പറഞ്ഞു.

യുഎസ് കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് തങ്ങളുടെ ഇന്ത്യാനയിലെ പ്ലാന്റില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കും. ഇതിനായി മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വെന്‍ടെക്കുമായി ‘പ്രൊജക്റ്റ് വി’ എന്ന പേരില്‍ പങ്കാളിത്തം സ്ഥാപിച്ചു. കാറുകള്‍ക്കായി ചെറിയ ഇലക്ട്രോണിക് ഘടകങ്ങളാണ് നിലവില്‍ ഇവിടെ നിര്‍മിക്കുന്നത്. ഇരു കൂട്ടരും ചേര്‍ന്ന് രണ്ട് ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.

Follow Us:
Download App:
  • android
  • ios