അഹമ്മദാബാദ്:  രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2023 ഡിസംബറോടെ ഓടിത്തുടങ്ങിയേക്കും. പദ്ധതിയുടെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അച്ചാല്‍ ഖരേ വ്യക്തമാക്കി. പ്രധാന നിര്‍മാണ ജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിക്കും. 2023 ഡിസംബറോടെ ട്രെയിനുകള്‍ ഓടിച്ചുതുടങ്ങും. 3000 ത്തോളം രൂപയായിരിക്കും ടിക്കറ്റ് നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പദ്ധതി പ്രദേശത്തെ വലിയ മരങ്ങള്‍ പറിച്ചുനടാനായി എന്‍എച്ച്എസ്ആര്‍സിഎല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്‍ത വാഹനങ്ങള്‍ വിന്യസിച്ചിട്ടുള്ളതായയും ഇതുവരെ 4,000 വലിയ മരങ്ങള്‍ മറ്റിടങ്ങളിലേക്ക് പറിച്ചുനട്ടെന്നും ഖരേ പറഞ്ഞു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനായാല്‍ നിശ്ചിതസമയപരിധിയില്‍തന്നെ പാളം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഖരേ വ്യക്തമാക്കി.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ഏഴ് കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിന്‍ കടന്നു പോവും. ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ 508 കിലോമീറ്റില്‍ 27 കിലോമീറ്റര്‍ തുരങ്കപാതയും 13 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമായിരിക്കും.  21 കിലോമീറ്ററാണ് ഈ തുരങ്ക പാതയുടെ ദൂരം. വന്‍മരങ്ങള്‍ വെട്ടിനീക്കാതെ പിഴുതുമാറ്റിനടുകയാണ് ചെയ്യുക. കടലിനടിയിലൂടെയുള്ള തുരങ്കമടക്കം നാല് വലിയ ജോലികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 50,000 കോടി രൂപയോളം വരുന്ന ജോലികളാണിവ. മൊത്തം 1,380 ഹെക്ടര്‍ സ്ഥലമാണ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിക്ക് വേണ്ടത്. ഇതുവരെ 45 ശതമാനം വരുന്ന 622 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 

1.08 ലക്ഷം കോടി രൂപയാണ് ആകെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാന്‍ ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കും. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാര്‍. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. പ്രതിവര്‍ഷം 0.1 ശതമാനം പലിശ നിരക്കില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയാണ് നിക്ഷേപം നടത്തുന്നത്. 

ഇരുവശത്തേക്കും പ്രതിദിനം 35 വീതം ട്രെയിനുകള്‍ ഓടിക്കാനാണ് ലക്ഷ്യം. 508 കിലോമീറ്റര്‍ദൂരത്തില്‍ 12 സ്റ്റേഷനുകള്‍ ഉണ്ട്. അഹമ്മദാബാദിലെ സ്റ്റേഷന്‍നിര്‍മാണം ആരംഭിച്ചു.  ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യും. മണിക്കൂറില്‍ 320-350 കിലോമീറ്ററാകും ബുള്ളറ്റ് ട്രെയിനിന്റെ വേഗത.  പരമാവധി 320 കിലോമീറ്റര്‍ വേഗത്തിലോടിച്ചാല്‍ രണ്ടുമണിക്കൂര്‍ ഏഴ് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. 12 സ്റ്റേഷനുകളിലും നിര്‍ത്തിയാല്‍ പോലും 2.58 മണിക്കൂര്‍ കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍.