Asianet News MalayalamAsianet News Malayalam

തിരുവൈക്കം വാഴുന്നോര്‍

  • ചരിത്രം ഉറങ്ങുന്ന ഒരു ദേശം
  • അവിടുത്തെ അറിയപ്പെടാത്ത മനുഷ്യര്‍
  • സഞ്ചാരി കോളം തുടരുന്നു
A Travel to Vaikom
Author
First Published Jul 17, 2018, 11:20 PM IST

A Travel to Vaikom

 

വൈക്കത്തപ്പനാണേ സത്യം കുഞ്ഞേ.. ഞങ്ങള്‍ക്ക് ഒരു ദിവസം 100 രൂപ പോലും തെകച്ചെടുക്കാന്‍ കിട്ടാറില്ല.. ബ്ലേയിഡുകാരോട് പൈസ വാങ്ങി ഇതിങ്ങനെ നടത്തിക്കൊണ്ടു പോകുന്ന കാര്യം വീട്ടുകാര്‍ക്കും അറിയത്തില്ല.. അടുത്ത ആഴ്ച ഇവിടുന്ന് ഇറങ്ങണമെന്നാ മുന്‍സിപ്പിലാറ്റീടെ താക്കീത്..  എന്തു ചെയ്യുമെന്ന് വൈക്കത്തപ്പനാണേ അറിയത്തില്ല..

ണ്ട് ദളവാ വേലുത്തമ്പി തലവട്ടിക്കൊന്ന് കുഴിച്ചുമൂടിയ മനുഷ്യരുടെ ആത്മഗതം കേള്‍ക്കാനാണ് വൈക്കത്തെ ദളവാകുളം ബസ്റ്റാന്‍ഡില്‍ കാലത്തു തന്നെ വന്നിറങ്ങിയത്. തൊടുപുഴയില്‍ നിന്നും വന്ന ബസിന് കീഴൂരില്‍ നിന്നാണ് കൈകാട്ടിയത്. തലയോലപ്പറമ്പുകാരന്‍ സുല്‍ത്താന്‍റെ സാമ്രാജ്യങ്ങള്‍ ഒറ്റനോക്കില്‍ കാണിച്ചു തന്ന് ദളവാക്കുളത്ത് ഇറക്കിവിട്ട് വൈക്കത്തപ്പനെ ചുറ്റി ബസ് എങ്ങോട്ടോ പോയി. ചരിത്രം തിടംകെട്ടിക്കിടക്കുന്ന ഭൂമി. പക്ഷേ ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ ചോരപൊടിഞ്ഞ കഥയൊട്ടും ഫീലു ചെയ്തില്ല. ആരുടെയും ആത്മഗതവും കാതിലെത്തിയില്ല. പുത്തന്‍ ടൈല് പാകിയ പുതുമോടിയുള്ള ബസ്റ്റാന്‍ഡില്‍ വൈറ്റിലയെന്നും കോട്ടയമെന്നുമൊക്കെ ബോര്‍ഡ് വച്ച കുറേ പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകളുടെ ഇരമ്പല്‍ ശബ്ദം മാത്രം.

കീഴൂരിലുള്ള സുഹൃത്ത് ശ്രീരാജിന്‍റെ വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നു. പക്ഷേ സ്റ്റാന്‍ഡിന്‍റെ അരികിലുള്ള ആ ചെറിയ ഹോട്ടലിന്‍റെ ബോര്‍ഡ് കണ്ടപ്പോള്‍ ചുമ്മാതൊന്നു കയറണമെന്നു തോന്നി. ദളവാകുളത്തെപ്പറ്റി എന്തെങ്കിലുമൊക്കെ കിട്ടിയേക്കും. ഒരു വെറും ചായ കുടിക്കണമെന്നുറപ്പിച്ചാണ് കയറിയതെങ്കിലും കഴിക്കാനെന്താണുള്ളത് ചേച്ചീ എന്ന വെറും ചോദ്യം അറിയാതെ നാവില്‍ തികട്ടിയെത്തി. അതിനുള്ള മറുപടിയായിരുന്നു വൈക്കത്തപ്പനെ വിളിച്ചുള്ള നെഞ്ചുതകരുന്ന പതംപറച്ചിലുകളും കുറേ പാസുബുക്കുകളുടെ നേര്‍ക്കാഴ്ചയും.

A Travel to Vaikom

വത്സലയുടെ ചരിത്രം; സുനിതയുടെയും
ചരിത്രപ്രസിദ്ധമായ ദളവാകുളം നികത്തി മുന്‍സിപ്പാലിറ്റി നിര്‍മ്മിച്ച ബസ്റ്റാന്‍ഡില്‍ ഒരു വര്‍ഷം മുമ്പാണ് കുടുംബശ്രീ പ്രവര്‍ത്തകരായ വത്സലയും സുനിതയും ചേര്‍ന്ന് ചെറിയൊരു ഹോട്ടല്‍ തുടങ്ങുന്നത്. അതുവരെ പല തൊഴിലുകളും ചെയ്ത് ജീവിതം കൂട്ടിപ്പിടിക്കുകയായിരുന്നു ഇവര്‍. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായുള്ള സംരംഭത്തിലേക്ക് തങ്ങള്‍ ഉള്‍പ്പെടെ നാലുപേരെ അധികൃതര്‍ ക്ഷണിച്ചു കൊണ്ടുവരികയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചെറിയൊരു മുറി വാടകയ്ക്ക് നല്‍കിയതല്ലാതെ മറ്റൊരു സൗകര്യവും അധികൃതര്‍ നല്‍കിയില്ല. വന്‍ തുക വായ്പയെടുത്തായിരുന്നു കടയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. സംഭവം നഷ്ടമാണെന്നു മനസിലാക്കിയതോടെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പിന്മാറി.

പക്ഷേ വായ്പാ തിരിച്ചടവും ജീവിതവഴികളും ഇരുവരെയും ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തി. അങ്ങനെ വട്ടിപ്പലിശക്കാരോട് പണം വാങ്ങി ഹോട്ടലില്‍ നിക്ഷേപിച്ചു. കൂലിപ്പണിക്കാരായ ഭര്‍ത്താക്കന്മാര്‍ അറിയാതെയായിരുന്നു ഈ സാഹസം. നേരം പുലരുമ്പോള്‍ ഇരുവരും കടയിലെത്തും. കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും വെള്ളം ചുമന്നെത്തിക്കുന്നതാണ് പ്രധാനപണി. ദിവസവും നൂറോളം ബസുകള്‍ കയറി ഇറങ്ങുന്ന സ്റ്റാന്‍ഡാണ്. എന്നാല്‍ കഠിനാധ്വാനം ചെയ്തിട്ടും ഒന്നുമില്ല മിച്ചം. മുന്‍സിപ്പാലിറ്റിക്കുള്ള 5000 രൂപ കെട്ടിടവാടകയ്ക്കും ചെലവുകള്‍ക്കും ബ്ലേയിഡുകാര്‍ തന്നെ ശരണം. മുടക്കുമുതല്‍ തിരിച്ചുകിട്ടണമെങ്കില്‍ രണ്ടുകൊല്ലമെങ്കിലുമെടുക്കും. അതിനിടെയാണ് മുന്‍സിപ്പാലിറ്റിയുടെ ഞെട്ടിക്കുന്ന ഉത്തരവെത്തിയത്. ഒരു മാസത്തിനുള്ളില്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കണം. കൂടിയ വാടക നല്‍കി കട നടത്താന്‍ മറ്റാരൊക്കെയോ തയ്യാറുണ്ടത്രെ. അധികൃതരെത്തി ബലമായി ഷട്ടറുകള്‍ ഇട്ട് കട അടപ്പിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്.

തേങ്ങ ചിരവുകയായിരുന്ന വത്സല, ഇതാ കാണ് എന്നു പറഞ്ഞ്, കാലിച്ചായക്കൊപ്പം ചെറുകടിയെന്ന പോലെ മൂന്നാലു പാസുബുക്കുകളെടുത്ത് മേശപ്പുറത്തേക്കിട്ടു. പലചരക്ക് കടകളിലെ പറ്റെഴുതാനുപയോഗിക്കുന്ന തരം നീലക്കവറുള്ള ചെറിയ പുസ്തകങ്ങള്‍. വട്ടിപ്പലിശക്കാരുടെ അനധികൃത പാസുബുക്കുകളാണ്. അതില്‍ നിറയെ ദിവസക്കണക്കുകള്‍. അതെടുത്ത് ചുമ്മാ മറിച്ചു നോക്കുന്നതിനിടയില്‍ പുറത്തൊരു ഓട്ടോറിക്ഷ വന്നു നിന്നു. കുറച്ചു പലചരക്കുകളും പച്ചക്കറികളും. വത്സലയും സുനിതയും ചേര്‍ന്ന് അവയെടുത്ത് അകത്തുവച്ചു. പിന്നെ കഴുത്തില്‍ക്കിടന്ന മാലയൂരി ഓട്ടോ ഡ്രൈവര്‍ക്ക് നീട്ടി വത്സല എന്തോ പറയുന്നതു കണ്ടു.

A Travel to Vaikom

അങ്ങനെ കെട്ടുതാലിയും പണയത്തിലായി. മുന്നില്‍ നിന്നും കാലി ഗ്ലാസും പാസുബുക്കുകളും പെറുക്കിയെടുക്കുന്നതിനിടയില്‍ അവര്‍ പിറുപിറുത്തു. പിന്നെ നിലത്തേക്കിരുന്നു. തേങ്ങ ചിരവുന്നത് തുടരുന്നതിനിടയില്‍ കപ്പലില്‍ ജോലിക്കു പോയ മകനെ ഓര്‍ത്തു. കഴിഞ്ഞ കുറേ മാസങ്ങളായി അവന്‍റെ വിവരമൊന്നുമില്ല എന്നു പറഞ്ഞപ്പോള്‍ ശബ്ദത്തില്‍ വിറങ്ങലിപ്പ്. ഭര്‍തൃവീട്ടില്‍ വച്ച് കൊല്ലപ്പെട്ട മകളെ ഓര്‍ത്തപ്പോള്‍ കണ്ണുകളില്‍ നനവും ഭീതിയും. അതേസമയം സുനിത, സ്വന്തം മകളെ കെട്ടിച്ചയക്കുന്നത് സ്വപ്നം കണ്ടു. വെറുമൊരു കാലിച്ചായ കുടിക്കാന്‍ കയറിയ വകയില്‍ കിട്ടിയത് കെട്ടിയൊതുക്കി വച്ചിരിക്കുന്ന ഒരുകെട്ട് ആത്മനൊമ്പരങ്ങളാണല്ലോ എന്നോര്‍ത്തു. ദളവാക്കുളം കേവലമൊരു ബസ്റ്റാന്‍ഡായി മാറിയതിനെപ്പറ്റി  പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല.

വാച്ചില്‍ നോക്കി. ഇരിപ്പു തുടങ്ങിയിട്ട് ഒരു മണിക്കൂറിലധികമായിരിക്കുന്നു. പടിയിറങ്ങാന്‍ നേരം ഊണിനു വരണമെന്ന് ക്ഷണം. സ്വദേശത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും അപ്പോള്‍ മാത്രമാണ് ഇരുവരും ചോദിക്കുന്നത്. കണ്ണൂരെന്ന് കേട്ടപ്പോള്‍ പിണറായിയുടെ നാട്ടുകാരനോ എന്ന് കൗതുകം. ഞങ്ങള്‍ക്കു വേണ്ടപ്പെട്ടവനാണെന്ന ഭാവം മുഖങ്ങളില്‍. മുഖ്യമന്ത്രിയെ ഒന്നുനേരില്‍ കാണാന്‍ എന്താണ് മാര്‍ഗ്ഗമെന്നായി സുനിത. അതിനും മാത്രം ആഴമുള്ള പ്രശ്നങ്ങളൊക്കെയാണോ ചേച്ചീ ഇതെന്ന് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ധൈര്യം കിട്ടിയില്ല. മാത്രമല്ല, പരിദേവനങ്ങളുടെ സമത്വബോധത്തെ ഓര്‍മ്മിപ്പിച്ച് സൈക്കിള്‍ അഗര്‍ബര്‍ത്തിയുടെ ഹിറ്റ് പരസ്യം ചിന്തയില്‍ പുകഞ്ഞുകത്തി.

A Travel to Vaikom

ചരിത്രത്തില്‍ ഇടമില്ലാത്ത, പേരറിയാത്ത, രക്തസാക്ഷികളുടെ തലയില്‍ ചവിട്ടി പേരുകേട്ട വൈക്കം മഹാദേവക്ഷേത്രത്തിന്‍റെ കിഴക്കേനടയിലേക്കു നടന്നു. ന്യൂജന്‍ചരിത്രകാരന്മാര്‍ ഇന്നു മഹാരാജാവിന്‍റെയും രാമസ്വാമി ദിവാന്‍റെയുമൊക്കെ മികവിന്‍റെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം അലയടിച്ച പ്രദേശങ്ങള്‍ ചുറ്റിലും നിശബ്ദമായി കിടന്നു. കേള്‍ക്കാന്‍ ആരുമില്ലാത്തവരുടെ നൊമ്പരങ്ങളൊക്കെ തിടംവച്ചായിരിക്കും ദേവാലയ പരിസരങ്ങളിലെ ഈ കടുത്ത നിശബ്ദതയെന്നു തോന്നി.

ചരിത്രസ്മരണകള്‍ ജ്വലിക്കുന്ന മഹാക്ഷേത്രത്തിന്‍റെ തിരുമുറ്റത്താണ് വന്നു നില്‍ക്കുന്നത്. അതും ജീവിതത്തില്‍ ആദ്യമായിട്ട്. എന്നിട്ടും പ്രത്യേകിച്ചൊരു വികാരവും തൊട്ടുണര്‍ത്തുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അമ്പരന്നു. എന്തുകൊണ്ടാണിങ്ങനെയെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. ഉപയോഗശൂന്യമായ ആലുവിളക്കുകളുടെ കൂറ്റന്‍ തൂണുകള്‍ക്കിടയിലൂടെ അംഗപരിമിതരായ നരജന്മങ്ങള്‍ ഭാഗ്യം വിറ്റുനടക്കുന്നതു കണ്ടു. നരകവാരിധി നടുവിൽ ജനിച്ചുമരിക്കുന്നവരെക്കുറിച്ചെഴുതിയ പൂന്താനത്തെ ഓര്‍ത്തു.  അവരെയൊക്കെ ഒന്നു കരകേറ്റണമേയെന്ന ഒട്ടും ചിലവില്ലാത്ത പ്രാര്‍ത്ഥനയുമായി തിരുവൈക്കം വാഴും ശിവശംഭുവിന്‍റെ മുന്നില്‍ തൊഴുതു നിന്നു. പിന്നെ ഭാഗ്യക്കുറി നീട്ടിയ ഒരു സ്ത്രീയെ കണ്ടില്ലെന്നു നടിച്ച്, ഉറ്റവരുടെ പേരില്‍ വഴിപാടുശീട്ടുകളുമെഴുതിച്ച് പടിയാറും കടന്നിറങ്ങി ചുറ്റുമുള്ള റോഡിലേക്ക് എളുപ്പം നടന്നു.

A Travel to Vaikom

രഘു പറഞ്ഞ ചരിത്രം
ക്ഷേത്രപരിസരത്ത് പണ്ടുണ്ടായിരുന്ന തീണ്ടാപ്പലകകളെക്കുറിച്ച് ദേവസ്വം ബുക്ക് സ്റ്റാള്‍ ജീവനക്കാരനായ ബിന്‍സ് പറഞ്ഞിരുന്നു. അമ്പലത്തിന്‍റെ നാലു ചുറ്റിലുമായി കിലോമീറ്ററുകള്‍ അകലങ്ങളില്‍ സ്ഥാപിച്ചിരുന്ന ഈ പലകകള്‍ക്ക് സമീപം വരെ മാത്രമേ പണ്ട് കീഴാളര്‍ക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. ഇവയുടെ അവശിഷ്ടങ്ങള്‍ ഇന്നും പലയിടത്തുമുണ്ടെന്നു ബിന്‍സ് പറയുമ്പോള്‍ പൊടിവിഴുങ്ങിയ പുസ്തകക്കൂട്ടത്തിലിരുന്ന് അംബ്ദേക്കര്‍ ചെറുതായൊന്നു ചിരിച്ചിരുന്നു. അതുതേടിയുള്ള നടപ്പിനിടയിലാണ് രഘുവെന്ന വയോധികന്‍റെ കടയിലെത്തുന്നത്. ആ കൊച്ചുകടയിലിരുന്ന് ഒരു സോഡാനാരങ്ങാ വെള്ളം അകത്താക്കുന്നതിനിടയില്‍ ദളവാകുളത്തെക്കുറിച്ചുള്ള ഭീകരകഥ ആദ്യമായി കേട്ടു. യു പി സ്കൂളുകളില്‍ പഠിച്ച വേലുത്തമ്പി ദളവയെന്ന വിഗ്രഹം അതോടെ മനസില്‍ വീണുടഞ്ഞു.

ആ കഥ ഇങ്ങനെയാണ്. 1806 ൽ ആണ് ആ സംഭവം. അയിത്തവും തൊട്ടുകൂടായ്മയും കൊടുകുത്തിവാണ കാലം. വൈക്കം ദേശത്തെ വടക്കു കിഴക്കു ഭാഗത്തുള്ള ഒരുകൂട്ടം ഈഴവ യുവാക്കൾക്ക് തങ്ങളുടെ ആരാധനാമൂര്‍ത്തിയായ പനച്ചിക്കൽ കാവിലെ ദൈവത്തെ ഒരുനോക്കു കാണാന്‍ കൊതി തോന്നി. തിരുവൈക്കത്തെ സവര്‍ണരെ കടന്നുവയ്ക്കാന്‍ ഭയമായതിനാല്‍ ഒരുമിച്ചു പോകാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ 200 ഓളം പേര്‍ ജാഥയായി നടന്നുനീങ്ങി. തികച്ചും സമാധാനപരമായിരുന്നു ആ യാത്ര.

എന്നാല്‍ ജാഥയുടെ വിവരം ചില നായര്‍ പ്രമാണിമാരിലൂടെ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ വേലുത്തമ്പി അറിഞ്ഞു. ഏതുവിധേനയും ജാഥയെ നേരിടാൻ ദളവ തീരുമാനിച്ചു. ദളവയുടെ നിര്‍ദ്ദേശാനുസരണം കുഞ്ചക്കുട്ടി പിള്ള, വൈക്കത്ത് പത്മനാഭ പിള്ള  എന്നിവരുടെ നേതൃത്വത്തിലുള്ള കുതിരപ്പട അമ്പലത്തിന്‍റെ കിഴക്കേനടയില്‍ പതിയിരുന്നു. അവിടെ വച്ച് വൈക്കത്തപ്പനെ സാക്ഷിയാക്കി നിരായുധരായ ആ ഈഴവയുവാക്കളെ നിഷ്കരുണം അരിഞ്ഞു തള്ളി. രക്ഷപ്പെടാൻ ശ്രമിച്ചവരെ ഓടിച്ചിട്ടു വെട്ടിക്കൊന്നു. പിന്നെ ശവശരീരങ്ങള്‍ അടുത്തുള്ള ചെളിക്കുളത്തിൽ ചവിട്ടിത്താഴ്ത്തി കുളം മണ്ണിട്ടുമൂടി. വേലുത്തമ്പി നേരിട്ടെത്തി നടപ്പിലാക്കിയ ഈ കൊടുംക്രൂരത നടന്ന സ്ഥലത്തെ അന്നുമുതല്‍ നാട്ടുകാര്‍ ദളവാകുളം എന്നു വിളിച്ചു.

A Travel to Vaikom

പില്‍ക്കാലത്തു നടന്ന വൈക്കം സത്യാഗ്രഹത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഈ സംഭവം. എന്നാല്‍ ഈ കൊടുംക്രൂരത നടന്ന ഭൂമി എന്തുകൊണ്ട് സംരക്ഷിക്കപ്പെട്ടില്ല എന്നതില്‍ അദ്ഭുതം തോന്നി. ദളവയും സംഘവും മണ്ണിട്ടു മൂടിയ ചരിത്രത്തിനു മുകളില്‍ തറയോടു പാകി ബസ്റ്റാന്‍ഡൊരുക്കിയ ബുദ്ധിയില്‍ അമ്പരന്നു. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ കീഴാളന്‍റെ ചോര പൊടിഞ്ഞ കഥ ആരും അറിയരുതെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധമുണ്ടായിരിക്കണം. എന്നാല്‍ അതിന്‍റെ കാരണങ്ങളൊന്നും രഘുവിന് അറിയില്ല. ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊക്കെ ശക്തിയുള്ള പ്രദേശമാണിത്. ഇപ്പോള്‍ മുന്‍സിപ്പാലിറ്റി ഭരിക്കുന്നത് എല്‍ഡിഎഫാണെന്നു കൂടി രഘു പറഞ്ഞു. പിന്നൊന്നും ചോദിച്ചില്ല. സോഡാനാരങ്ങയുടെ കാശും കൊടുത്ത് പതിയെ ഇറങ്ങിയങ്ങു നടന്നു.

ദേശപ്രമുഖര്‍
"സഖാവ് പി കൃഷ്ണപ്പിള്ളയുടെ, പിന്നെ എഴുത്തിന്‍റെ സുല്‍ത്താന്‍ ബഷീറിന്‍റെ, മലയാളത്തിലെ ആദ്യ ആത്മകഥാകാരന്‍ പാച്ചുമൂത്തതിന്‍റെ, നാടകാചാര്യന്‍ ചന്ദ്രശേഖരന്‍ നായരുടെ, സൂപ്പര്‍താരം മമ്മൂട്ടിയുടെ... പിന്നെ.. "

വടക്കേ നടയുടെ മുന്നിലൂടെയുള്ള റോഡരികിലെ എടിഎം കൌണ്ടറിന്‍റെ തിണ്ണയിലിരുന്ന് വൈക്കം ദേശത്തു ജന്മമെടുത്ത പ്രമുഖരുടെ പേരുകള്‍ വിരലിലെണ്ണി പാടുപെടുകയാണ് ലോട്ടറിക്കച്ചവടക്കാരനായ വേണുഗോപാലന്‍. ഇനിയുമാരുടെയൊക്കെയോ പേരുകള്‍ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് അയാള്‍. അതു ശ്രദ്ധിക്കാതെ അയാളുടെ ജീവിതത്തിലേക്ക് സംസാരം വഴിതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വേണുഗോപാലന്‍റെ മുഖത്ത് വികാരങ്ങള്‍ തിരിച്ചറിയാനാവാത്ത ഒരു ചിരി പടര്‍ന്നു. പഴയ ബീക്കോം ബിരുദധാരിയാണ് താനെന്നും ആലപ്പുഴയിലെ ഒരു പ്രമുഖ അക്കൌണ്ടന്‍റ് കമ്പനിയില്‍ ഗുമസ്തപ്പണിയില്‍ തന്‍റെ ജീവിതം തീര്‍ന്നുപോയെന്നുമൊക്കെ പറയുമ്പോള്‍ അയാളുടെ ശബ്ദത്തില്‍ നിരാശ നിഴലിച്ചു. തീണ്ടാപ്പലകയെപ്പറ്റി ചോദിച്ചപ്പോള്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ അടുത്തകാലം വരെ ഇവിടൊക്കെ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ പൊടിപോലും കാണാനില്ലെന്നും അയാള്‍ പറഞ്ഞു. ബുക്ക് സ്റ്റാളിലിരുന്ന് അംബ്ദേക്കര്‍ ചിരിച്ചതോര്‍ത്തു.

A Travel to Vaikom

സഖാക്കള്‍ എത്രവിധം?
പിന്നെയും നീണ്ട നടപ്പ് പിന്നെ ചെന്നുനിന്നത് ഇണ്ടംതുരുത്തി മനയുടെ മുറ്റത്ത്. പണ്ട് മഹാത്മാ ഗാന്ധിയെ പുറത്തിരുത്തിയ അതേ മനയുടെ, ഇന്നത്തെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിന്‍റെ അതേ തിരുമുറ്റത്ത്. പുറത്തു നിന്നിരുന്ന ഒരു മനുഷ്യനെ സഖാവേ എന്നു സംബോധന ചെയ്ത് ആ പൂമുഖത്തേക്ക് കാലെടുത്തു വച്ചപ്പോള്‍ ഉള്ളില്‍ അതുവരയില്ലാത്തൊരു കടലിരമ്പി.

കെട്ടിടം മുഴുവനും കയറിയിറങ്ങി. സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഭരതനും ഹരിയപ്പനും ഒപ്പം വന്നു. പഴമയൊട്ടും ചോരാതെ മന മനോഹരമായി പുതുക്കിപ്പണിതിരിക്കുന്നു. ജാത്യാഭിമാനത്തിന്‍റെ കഫം വീണുറഞ്ഞ നാലുകെട്ടിനകത്തെ വരാന്തയില്‍ ചെത്തുതൊഴിലാളികള്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്നു. ഒരുകാലത്ത് കീഴാളനു വെറുതെയൊന്നു നോക്കുവാന്‍ പോലും അനുവാദമില്ലാതിരുന്ന കെട്ടിടം. ഇതൊക്കെയാവും കാലത്തിന്‍റെ കാവ്യനീതി. പൂമുഖത്തിരുന്ന് ഭരതന്‍ ആ കഥ പറഞ്ഞു. അവര്‍ണരുമായി ബന്ധമുള്ളതിനാല്‍ ഗാന്ധിയെ അയിത്തമാരോപിച്ച് പുറത്തിരുത്തിയതും പിന്നെ അതേ തൊഴിലാളികളുടെ കൈകളിലേക്ക്  ഈ കെട്ടിടം വന്നെത്തിയതുമായ കഥകള്‍.

A Travel to Vaikom

പുരാതനമായൊരു ബ്രാഹ്മണ ഭവനമായിരുന്നു ഇണ്ടംതുരുത്തി. വടക്കുംകൂർ രാജകുടുംബത്തിന്റെ മൂലസ്ഥാനം. വൈക്കത്തപ്പന്‍റെയും ഒപ്പം 48 ബ്രാഹ്മണകുടുംബങ്ങളുടെയും അധിപന്മാരും നാടുവാഴികളുമായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരി കുടുംബത്തിന്‍റെ വസതി. വൈക്കം ക്ഷേത്രഭരണത്തിന്റെ മുഖ്യചുമതലയും ഊരാണ്മയും കാലാകാലങ്ങളായി ഇണ്ടംതുരുത്തിയിലെ കാരണവര്‍ക്കായിരുന്നു.

വൈക്കം സത്യാഗ്രഹം കൊടുമ്പിരി കൊള്ളുന്ന കാലം. 1925 മാര്‍ച്ച്‌ ഒമ്പതിന്‌ ഗാന്ധി വൈക്കത്തെത്തി. നീലകണ്ഠൻ നമ്പ്യാതിരിയായിരുന്നു അന്ന് ഇണ്ടംതുരുത്തിയിലെ കാരണവര്‍. സത്യാഗ്രഹം അവസാനിപ്പിക്കാന്‍ നമ്പ്യാതിരിയുമായി നേരിട്ടുള്ള ചര്‍ച്ചകൊണ്ട് കഴിയുമെന്ന് ഗാന്ധി കരുതി. വിവരം അറിയിച്ചപ്പോള്‍ വേണമെങ്കില്‍ മനയിലേക്ക്‌ വരാം എന്നായിരുന്നു മനയില്‍ നിന്നുള്ള ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി. അങ്ങനെ ഗാന്ധി മനയിലെത്തി. എന്നാല്‍ അവര്‍ണരോട് ഇടപഴുകുന്നയാളും അബ്രാഹ്‌മണനുമായ ഗാന്ധി മനയുടെ അകത്തു കയറിയാല്‍ അവിടം അശുദ്ധമാകുമെന്നായി നമ്പ്യാതിരി. പകരം മുറ്റത്തൊരു പന്തലിട്ടു.  വേണമെങ്കില്‍ അവിടെ ഇരിക്കാം, അല്ലെങ്കില്‍ സ്ഥലം കാലിയാക്കാം. ശിവശംഭുവിനെപ്പോലും ഉലയ്ക്കുന്ന കല്ലേല്‍പിളര്‍ക്കുന്ന കല്‍പന. അങ്ങനെ ഗാന്ധിയും സംഘവും പുറത്തിരുന്നു. നമ്പ്യാതിരിയും സില്‍ബന്ധികളും തീണ്ടാപ്പാടകലെ മനയുടെ അകത്തും. മൂന്നു മണിക്കൂർ നേരം നീണ്ട ചര്‍ച്ച. പക്ഷേ ഒരു ഫലവുമുണ്ടായില്ല. കീഴാളനാവുക എന്നാല്‍ കര്‍മ്മഫലമാണെന്നായിരുന്നു കാരണവരുടെ വാദം.

നിരാശനായി ഗാന്ധി മടങ്ങി. ഉടനെ മനയിലും പരിസരത്തും ശുദ്ധികലശം നടത്തി നമ്പ്യാതിരി. എന്നാല്‍ അധികം വൈകാതെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. അധികാരത്തിന്‍റെ സമവാക്യങ്ങള്‍ ജനം നിര്‍ണ്ണയിക്കുന്ന കാലം വന്നു. ഭൂപരിഷ്‌കരണവും ഉള്‍പ്പോരുകളുമെല്ലാം മനയെ പിടിച്ചുലച്ചു.

സ്വത്ത് മാത്രമല്ല, ആഢ്യത്വവും ഹുങ്കുമൊക്കെ വൈക്കം കായലിലെ പോളച്ചെടികളെപ്പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയി.

അറുപതുകളുടെ ആദ്യപകുതിയിലാണ് ഇണ്ടംതുരുത്തി മനയുടെ ചരിത്രം അടിമുടി മാറുന്നത്. നമ്പ്യാതിരിയുടെ പിന്‍തലമുറയിലെ ഒരു യുവതിയുടെ വിവാഹം നടത്താന്‍ പണമില്ല. കൈവശമുള്ള മന വില്‍ക്കുകയല്ലാതെ അവകാശികള്‍ക്കു മറ്റൊരു വഴിയുമില്ലായിരുന്നു. കെട്ടിടത്തിനു പലരും പല വിലയിട്ടു. എന്നാല്‍ വൈക്കത്തെ കമ്മ്യൂണിസ്‌റ്റുകാരുടെ കൈകളിലെത്താനായിരുന്നു മനയുടെ വിധി. സിപിഐ നേതാവായിരുന്ന സി കെ വിശ്വനാഥന്‍റെ നേതൃത്വത്തില്‍ വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ കെട്ടിടം വിലയ്ക്കു വാങ്ങി. അങ്ങനെ 1963ല്‍ ഇണ്ടംതുരുത്തിയുടെ മുകളില്‍ ചെങ്കൊടി ഉയര്‍ന്നു. മുന്നില്‍ വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്‌ എന്ന ബോര്‍ഡും തൂങ്ങി.  ഒരു കാലത്ത്‌ ദൂരെ നിന്നു പോലും ഇങ്ങോട്ടു നോക്കാന്‍ അനുവാദമില്ലാതിരുന്ന അവര്‍ണര്‍ അന്നുമുതല്‍ മനയ്‌ക്കകത്തു കയറിയിറങ്ങി. അതിപ്പോഴും തുടരുന്നു. ഭരതന്‍റെ വാക്കുകള്‍ക്ക് വിപ്ലവച്ചൂര്.

A Travel to Vaikom

2009ല്‍ കെട്ടിടം പുതുക്കിപ്പണിതു. ചെത്തു തൊഴിലാളികളിൽ നിന്നും സമാഹരിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു നിലകളുള്ള മനയുടെ പഴയ ഘടനയിൽ മാറ്റമൊന്നും വരുത്താതെയായിരുന്നു പുനർനിർമ്മാണം. നാലുകെട്ടും അറകളുമൊക്കെ അതേപടി നിലനിർത്തി. ഇന്ന് തൊഴിലാളികള്‍ക്കു പുറമേ ചരിത്രവിദ്യാര്‍ത്ഥികളും മറ്റുമായി നിരവധിയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

മരങ്ങള്‍ നിറഞ്ഞ വളപ്പിലൂടെ വെറുതെ നടന്നു. മഴ തോര്‍ന്ന സമയം. മരങ്ങള്‍ പെയ്തു കൊണ്ടിരുന്നു. നല്ല തണുപ്പ്. മുറ്റത്ത് മൂന്ന് ശവകുടീരങ്ങള്‍. സി കെ വിശ്വനാഥൻ, എം വാസുദേവൻ, എൻ ദാമോദരൻ എന്ന ബോസുചേട്ടന്‍ തുടങ്ങി വൈക്കത്തെ ആദ്യകാല സിപിഐ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്.

വീണ്ടും പൂമുഖത്തേക്കു നടക്കുന്നതിനിടയില്‍ ഭരതനൊരു രഹസ്യം പറഞ്ഞു. അടുത്തകാലത്ത് ഇണ്ടംതുരുത്തി കുടുംബത്തിലെ ചില ന്യൂജനറേഷന്‍ പിന്മുറക്കാര്‍ പാര്‍ട്ടിയെ സമീപിച്ചിരുന്നുവത്രെ. പണം എത്ര വേണമെങ്കിലും തരാം മന തിരികെ നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പാര്‍ട്ടി തള്ളിക്കളഞ്ഞു. പുതുപ്പണം ഉപയോഗിച്ച് പഴയ പ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് നമ്പ്യാതിരിയുടെ പിന്‍ഗാമികളെന്നാണ് ഭരതന്‍റെ നിരീക്ഷണം.

A Travel to Vaikom

പത്രങ്ങള്‍ മറിച്ചു നോക്കുന്നതിനിടെ പൂമുഖത്തേക്ക് ഒരു സ്ത്രീ കയറി വന്നു. ഏതോ തൊഴിലാളി വനിതയാണ്. ദൈന്യതയാര്‍ന്ന മുഖം. ആരെ കാണാനാണെന്ന് ആരോ ചോദിക്കുന്നതു കേട്ടു. അവര്‍ ഏതോ നേതാവിന്‍റെ പേരു പറഞ്ഞു. അദ്ദേഹം എത്തിയിട്ടില്ല, കുറച്ചു വൈകും, നാളെ വരൂ എന്ന് കടുത്ത ശബ്ദത്തില്‍ മറുപടി. എന്തിനാണിവരിങ്ങനെ ഒച്ച കടുപ്പിക്കുന്നതെന്നോര്‍ത്ത് അമ്പരന്നു. ഒരുപാടു ദൂരെ നിന്നും വരികയാണെന്നു പറഞ്ഞ് ദൈന്യതയോടെ അവര്‍ ഒതുങ്ങി നില്‍ക്കുന്നതും കണ്ടു. ചിലപ്പോള്‍ ആ കടുത്തശബ്ദക്കാരന്‍റെ സ്വരം അയാളുടെ മാത്രം പ്രത്യേകതയായിരിക്കും. ആ സ്ത്രീയുടെ ദൈന്യരൂപം ഒരുപക്ഷേ അവരുടെ കൂടെപ്പിറപ്പായിരിക്കും. സോഷ്യല്‍മീഡിയയുടെ ഭാഷയില്‍ ഇതൊന്നും ഒരു ഇഷ്യൂവേ അല്ലായിരിക്കാം. എങ്കിലും ഇരിക്കുന്ന സ്ഥലം അങ്ങനെയുള്ളതായതിനാലും കേട്ട കഥകളുടെ ചൂടാറത്തതിനാലും സര്‍വ്വോപരി ഈയുള്ളവനൊരു വികാരജീവിയായതിനാലുമാവണം ആ സ്ത്രീയൊരു ഗാന്ധിയാകുന്നതായും ചുറ്റുമുള്ളവരൊക്കെ നമ്പ്യാതിരിമാരാകുന്നതായും തോന്നി.

അതിനിടെ ഓഫീസിന്‍റെ ചുമതലയുള്ള മറ്റൊരു സഖാവിനരികിലേക്ക് ഹരിയപ്പന്‍ നയിച്ചു. അദ്ദേഹം വൈക്കത്തെ ചെത്തു തൊഴിലാളികളുടെ സമരചരിത്രത്തെക്കുറിച്ചുള്ള പുസ്തകം തരുമെന്ന് ഭരതന്‍ പറഞ്ഞിരുന്നു. ഓഫീസ് മുറിയില്‍ പുസ്തകം പരതുന്നതിനിടെ നമ്മുടെ ആളൊക്കെയാണോ എന്നയാള്‍ ചോദിച്ചു. സഖാവേ എന്നുള്ള സംബോധനയാവണം ആ ചോദ്യത്തിനു പിന്നിലെന്നു തോന്നി. ഏതുതരം സഖാവാണ്..? ചെറിയൊരു ചിരിയോടെ അടുത്തചോദ്യം. അപ്രതീക്ഷിതമായെത്തിയ ആ ചോദ്യത്തിനു മുന്നില്‍ ആദ്യമൊന്നു പകച്ചു. ചോദ്യത്തിലെ വ്യംഗാര്‍ത്ഥം പിടികിട്ടി. സിപിഐക്കാരന്‍ തന്നെയാണോ എന്നുള്ള ഉറപ്പിക്കലാണ്. വളഞ്ഞ വഴിയിലൂടെ ജാതി ചോദിക്കുന്ന സവര്‍ണതന്ത്രം ഓര്‍മ്മവന്നു. സഖാവെന്ന വാക്കിന് ഒരൊറ്റ അര്‍ത്ഥമല്ലേയുള്ളൂ സഖാവേ എന്നു തിരികെ ചോദിച്ച് വെറുതെയൊന്നു ചിരിച്ചു. പിന്നെ പുസ്തകം വാങ്ങി സഞ്ചിയിലേക്ക് തിരുകി യാത്ര പറഞ്ഞിറങ്ങി. മെയിന്‍ റോഡിലേക്കു കയറുന്നതിനു മുമ്പ് പതിയെ തിരിഞ്ഞുനോക്കി.

മുറ്റത്തേതോ  ഒരു കോണില്‍ ഗാന്ധി ഇപ്പോഴും ഇളിഭ്യനായി നില്‍പ്പുണ്ടെന്നു തോന്നി; അകത്തെ ഇരുണ്ട കോണുകളിലിരുന്ന് നമ്പ്യാതിരിമാര്‍ വായ പൊത്തി ചിരിക്കുന്നുണ്ടെന്നും.

A Travel to Vaikom

വൈക്കം കായലോളം തല്ലുന്ന വഴിയേ..
വെള്ളപ്പൊക്ക കാലങ്ങളില്‍ ഒഴുകി നടക്കുമെന്നു കേട്ടിട്ടുള്ള അനാഥശവങ്ങളെപ്പോലെ കായല്‍പ്പരപ്പിനു മുകളില്‍ ആയിരക്കണക്കിനു ചെടികള്‍. ബോട്ടു പതപ്പിക്കുന്ന ജലപ്പാളികള്‍ക്കിടയിലൂടെ അവയങ്ങനെ തലങ്ങും വിലങ്ങും പാഞ്ഞു. ഇവ ആഫ്രിക്കന്‍ പായലാണെന്നാണ് കരുതിയത്. എന്നാല്‍ അവ പോളച്ചെടികളാണെന്ന് പത്മന്‍ പറഞ്ഞു. കുട്ടനാടന്‍ നെല്‍പ്പാടങ്ങള്‍ കൃഷിക്ക് ഒരുക്കുമ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് കടന്ന് ഒഴുകി വരുന്ന പാഴ്ച്ചെടികളാണിവ. കുറേക്കാലം ഇങ്ങനെ കാണും. പിന്നെ ഉപ്പുവെള്ളത്തില്‍ ചീഞ്ഞുപോകും. അടുത്ത സീസണില്‍ വീണ്ടും വരും. പത്മന്‍ പറഞ്ഞുകൊണ്ടിരുന്നു.

ജലഗതാഗതവകുപ്പിന്‍റെ ബോട്ടിലെ ലസ്കറാണ് പത്മന്‍. വൈക്കം ജെട്ടിയില്‍ നിന്നും തവണക്കടവിലേക്കുള്ള ബോട്ടുയാത്രക്കിടയിലാണ് പത്മനെ പരിചയപ്പെടുന്നത്. കായലില്‍ അങ്ങോളമിങ്ങോളം കാണുന്ന വിഎല്‍സി പ്ലെയറിന്‍റെ ഐക്കണ്‍ രൂപത്തിലുള്ള വസ്തുവിന്‍റെ പേര് ബോയ എന്നാണെന്നും ബോട്ടിന്‍റെ സഞ്ചാരപാത അടയാളപ്പെടുത്തുകയാണ് അവയുടെ ചുമതലയെന്നും ചുവന്ന ബോയ കാണുന്ന ഇടം ദേശീയ ജലപാത, പച്ച ബോയ പ്രാദേശിക പാത എന്നുമൊക്കെ കുട്ടികളുടേതു പോലുള്ള എന്‍റെ ചോദ്യങ്ങള്‍‌ക്ക് മറുപടിയായി അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. തവണക്കടവിലേക്ക് മൂന്നുകിലോമീറ്ററോളം ദൂരമുണ്ടെന്നും ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നത് 25 അടിയോളം ആഴമുള്ള സ്ഥലത്തുകൂടെയാണെന്നും അയാള്‍ പറഞ്ഞു. അവിടെയാണ് ഏറ്റവും ആഴം കൂടിയ ഭാഗം. അയാളുടെ വിരലുനീണ്ട ഇടത്ത് മുങ്ങിയാടുന്ന ഒരു ബോയ. അതിന്‍റെ നേരിയ അഗ്രം മാത്രം  ജലോപരിതലത്തില്‍ കണ്ടു.

A Travel to Vaikomവൈക്കം ജട്ടിയില്‍ നിന്നും ആലപ്പുഴ ജില്ലയിലെ തവണക്കടവ് എന്ന പള്ളിപ്പുറത്തേക്ക് ജലഗതാഗതവകുപ്പിന്‍റെ മൂന്നു ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഒപ്പം രണ്ട് ജങ്കാര്‍ സര്‍വ്വീസുകളുമുണ്ട്. ഓരോ പത്തുമിനുട്ടിനും ഇടയില്‍ ഇരുകടവുകളിലേക്കും സര്‍വ്വീസുണ്ട്. സ്രാങ്കുമാരായും ബോട്ട് മാസ്റ്റര്‍മാരായും ലസ്കര്‍മാരായും അറുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പത്മന്‍ ജോലിയില്‍ കയറിയിട്ട് ഒന്നര പതിറ്റാണ്ടോളമായി. ഇപ്പോള്‍ കൂടുതലും ദിവസക്കൂലിക്കാരാണ് സര്‍വ്വീസില്‍. ടിപ്പര്‍ ലോറികളും കാറുകളുമൊക്കെ കയറ്റിയ ഒരു കൂറ്റന്‍ ജങ്കാര്‍ എതിര്‍ദിശയിലേക്കു പോയി. നീരിലാടുന്ന ഒരു ബോയയുടെ തുഞ്ചത്തിരിക്കുന്ന പേരറിയാത്തൊരു കൂറ്റന്‍പക്ഷി കണ്ണിലുടക്കി. പത്മനോട് പേര് ചോദിക്കുന്നതിനു മുന്നേ അത് പറന്നുയര്‍ന്നു.

വെറും നാലു രൂപ മുടക്കി പതിനഞ്ച് മിനുട്ട് നീളുന്ന ബോട്ട് യാത്രയ്ക്കൊടുവില്‍ ആലപ്പുഴ ജില്ലയിലെത്തിയതിന്‍റെ സന്തോഷത്തോടെ തവണക്കടവിലേക്ക് കാല്‍ വച്ചു. കരയില്‍ ചെറിയൊരു ബസ്റ്റാന്‍ഡ്. ചേര്‍ത്തലയെന്നും മാരാരിക്കുളമെന്നുമൊക്കെ ബോര്‍ഡ് വച്ച ബസുകള്‍. ഏതെങ്കിലുമൊരു ബസില്‍ കയറി ചുമ്മാതൊന്നു കറങ്ങിയാലോ എന്ന് ആദ്യം ആലോചിച്ചു. ഇപ്പോള്‍ തന്നെ നേരം ഉച്ച തിരിഞ്ഞിരിക്കുന്നു. അപ്പര്‍കുട്ടനാടും ബഷീറിന്‍റെ നാട്ടിലെ ചില കാഴ്ചകളും കൂടി ബാക്കിയുണ്ടെന്ന് ഓര്‍ത്തപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു.

A Travel to Vaikom

കറങ്ങിത്തിരിഞ്ഞ് ഒരു ചായക്കടയില്‍ കയറി. ഉദയ ടീസ്റ്റാള്‍. തന്‍റെ പേരു തന്നെയാണ് കടയ്ക്കുമെന്ന് ഉടമ കം സപ്ലയര്‍ ഉദയന്‍ ചേട്ടന്‍. കാല്‍നൂറ്റാണ്ടോളം ബസ് തൊഴിലാളിയായിരുന്ന ഉദയന്‍ ചേട്ടന്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈ കട നടത്തുന്നു. ആലപ്പുഴക്കാര്‍ക്ക് കോട്ടയത്തിനും മറ്റുമുള്ള എളുപ്പ മാര്‍ഗ്ഗമാണ് ഈ കടവ്. ദിവസവും നിരവധി യാത്രികരെത്തുന്ന ഇവിടെ മോശമില്ലാത്ത കച്ചവടം നടക്കുന്നുണ്ടെന്ന് ഉദയന്‍ ചേട്ടന്‍. എന്നാല്‍ തൊട്ടുതാഴെ കായലിനു കുറുകെ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാലം ഇപ്പോള്‍ അയാളുടെ പേടി സ്വപ്നമാണ്. പാലം വന്നാല്‍ ജെട്ടി പൂട്ടും. ബസ്റ്റാന്‍ഡ് അപ്രത്യക്ഷമാകും. പിന്നെങ്ങനെ കച്ചവടം ചെയ്യും? അംഗന്‍വാടി വിട്ടെത്തിയ പേരക്കുട്ടിയെ മടിയിലിരുത്തി ലാളിച്ചുകൊണ്ടയാള്‍ ചോദിക്കുന്നു. ഒരാളുടെ ആവശ്യം മറ്റൊരാള്‍ക്ക് അനാവശ്യമാകുന്ന ജഗതിയന്‍ യുക്തി ഓര്‍മ്മ വന്നു.

A Travel to Vaikom

ഒതളങ്ങാപ്പാടം
തിരികെ വൈക്കം ജെട്ടിയിലിറങ്ങി ബീച്ചിലൂടെ വെറുതെയൊന്നു കറങ്ങി. കേരളത്തിലെ മറ്റു പലയിടങ്ങളിലെയുമെന്ന പോലെ ആഭ്യന്തര ടൂറിസത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ അവിടെയും കണ്ടു. ചൂണ്ടയെറിഞ്ഞ് അനക്കം കാത്തിരിക്കുന്ന മീന്‍പിടുത്തക്കാരെക്കണ്ടു. അവരില്‍ ചിലര്‍ക്കത് വയറ്റില്‍പിഴപ്പായിരുന്നെങ്കില്‍ മറ്റു ചിലരാവട്ടെ സമയം കൊല്ലാനെത്തിയവരായിരുന്നു.

മൂവാറ്റുപുഴയാറിന്‍റെ ഓരത്തുകൂടെ പതിയെ അപ്പര്‍കുട്ടനാട് മേഖലയിലേക്ക് കടന്നു.   പഴമ്പെട്ടി, കോരിക്കല്‍, മുണ്ടാര്‍, എഴുമാന്തുരുത്ത്, മുക്കം വഴി മഴയുടെ ഇടയിലൂടെ ഒരു ഹോണ്ട ആക്ടീവയിലായിരുന്നു ആ യാത്ര. റോഡിന്‍റെ ഇരുവശവും നോക്കെത്താദൂരത്തോളം വെള്ളം കയറിക്കിടക്കുന്ന പാടശേഖരങ്ങള്‍. വഴിതെറ്റി വൈക്കം കായലിനു നടുവിലേക്ക് വീണ്ടുമെത്തിയോ എന്നു ശങ്കിച്ചു. റോഡവസാനിക്കുന്നത് ഏതെങ്കിലും ജലപാതാളത്തിന്‍റെ നടുവിലേക്കായിരിക്കുമോ എന്നു പേടിച്ചു. ജലപ്പരപ്പുകള്‍ക്കു മുകളില്‍ കൊച്ചു തുരുത്തുകള്‍. ഒറ്റപ്പെട്ട ചെറു വീടുകള്‍. അവയുടെ മുറ്റത്ത് ചെറുതോണികള്‍. ചിലയിടങ്ങളില്‍ കയറുകെട്ടി വലിച്ചു നീക്കുന്ന ചെറുചങ്ങാടങ്ങള്‍. ചിതറിത്തെറിച്ച താറാക്കൂട്ടങ്ങള്‍.

വൈക്കം കായലിനു മുകളില്‍ ഓളം തല്ലുന്നത് പോളച്ചെടികളാണെങ്കില്‍ കടുത്തുരുത്തിയുടെ പ്രാന്തപ്രദേശങ്ങളിലെ ഈ ജലപ്പാടങ്ങളില്‍ കിളുര്‍ത്തു നില്‍ക്കുന്നത് മനുഷ്യജീവിതങ്ങളാണ്.

റോഡരികിലും പാടവരമ്പുകളിലും പേരക്കയ്ക്ക് സമാനമായ കായകള്‍ നിറഞ്ഞ വൃക്ഷക്കൂട്ടങ്ങള്‍. നല്ല ഭംഗിയുള്ള കായ. വണ്ടി നിര്‍ത്തി. ഒതള മരങ്ങളാണ്. കുട്ടനാടന്‍ നെല്‍പ്പാടങ്ങളില്‍ ഈ വിഷച്ചെടികള്‍ക്കെന്താണ് കാര്യം? മിക്ക പാടങ്ങള്‍ക്കും അതിരിടുന്നത് ഒതളമരങ്ങളാണ്. ഏതെങ്കിലും കാലത്ത് വെള്ളത്തില്‍ ഒഴുകിയെത്തി പൊട്ടിമുളച്ചതാവാം ഇവയെന്ന് കോരിക്കല്‍ വച്ചു കണ്ട ഷാജി. ഒതളങ്ങാ കഴിച്ച് മരണത്തെ പുല്‍കാന്‍ മാത്രം ഇവിടെയെത്തുന്നവരെക്കുറിച്ചറിഞ്ഞതും അയാളില്‍ നിന്നാണ്. ചക്രവാളത്തെ തൊട്ട് പരന്നുകിടക്കുന്ന ജലപ്പാടത്തിനു നടുവിലെ തുരുത്തുകളിലിരുന്ന് ഒതളങ്ങ കഴിച്ച്, മരണാന്തര ജീവിതം സ്വപ്നംകാണുന്ന കമിതാക്കളെക്കുറിച്ചോര്‍ത്തു.

A Travel to Vaikom

അസ്കര്‍ ഒരു കഥാപാത്രമല്ല
നേരം സന്ധ്യയോടടുത്തു. തലയോലപ്പറമ്പിലെ ഫെഡറല്‍ ബാങ്ക് കെട്ടിടത്തിനു മുന്നിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. രാവിലെ ബസിലിരുന്ന് ഒറ്റനോക്കില്‍ കണ്ട സുല്‍ത്താന്‍റെ സാമ്രാജ്യം ചുറ്റുമങ്ങനെ പരന്നു കിടന്നു. ബാങ്കിന്‍റെപ്രവര്‍ത്തിസമയം കഴിഞ്ഞിരുന്നു. എങ്കിലും പാതിയടഞ്ഞ ഷട്ടറുകള്‍ക്കപ്പുറം ആരൊക്കെയോ ജോലിയില്‍ മുഴുകിയിരിപ്പുണ്ട്. പതിയെ അങ്ങോട്ട് കയറി.

ഈ കെട്ടിടമിരിക്കുന്ന സ്ഥലത്താണ് പണ്ട് എഴുത്തിന്‍റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ തറവാടിരുന്നത്. ആ സ്ഥലം പിന്നീട് വിലയ്ക്കു വാങ്ങിയ ഫെഡറല്‍ ബാങ്ക് അവിടെ പുതിയൊരു കെട്ടിടം പണിതു. പക്ഷേ അവര്‍ ബഷീറിനെ മറന്നില്ല. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി ബാങ്കിനകത്ത് ബഷീറിയന്‍ സ്മരണകളുടെ നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ചാരുകസേര, ചെറിയൊരു കിണര്‍, നിരവധി ഓര്‍മ്മച്ചിത്രങ്ങള്‍ തുടങ്ങിയ ബഷീറിയന്‍ ജീവിതക്കാഴ്ചകളും ഫെഡറല്‍ ബാങ്കിന്‍റെ തലയോലപ്പറമ്പ് ശാഖയെ വേറിട്ടതാക്കുന്നു.

ബാങ്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ എല്ലാം നോക്കിക്കണ്ടു. തിരികെയിറങ്ങി. മുറ്റത്തൊരു കോണില്‍ എടിഎം കൌണ്ടര്‍. വണ്ടിക്കൂലിക്കുള്ള കാശു തികയ്ക്കാന്‍ അതിലൊന്നു കയറി. അപ്പോള്‍ മണിയോഡറുമായി പണ്ട് ബഷീറിന്‍റെ പടികടന്നു വന്ന പോസ്റ്റുമാന്‍ കുട്ടമ്പിള്ളയെ ഓര്‍ത്തു. കവിളനകത്ത് മാമ്പഴം ഇട്ടപോലെ മുഴയുള്ള കുട്ടന്‍ പിള്ള. കാശൊപ്പിട്ടു വാങ്ങി അതില്‍ നിന്നും ഒരു നോട്ടെടുത്ത് പാത്തുമ്മയുടെ ആടിന് തിന്നാന്‍ കൊടുത്ത ബഷീര്‍. എടിഎമ്മില്‍ ആകെയുണ്ടായിരുന്ന മൂന്നു നൂറുരൂപയുടെ നോട്ടുകള്‍ മടക്കി കീശയിലേക്ക് ഇട്ടു. മണി ഓര്‍ഡറായി വന്ന നൂറു രൂപ ചെറുസംഖ്യകളായി സാഫായിപ്പോയെന്നും പറഞ്ഞ്, പാത്തുമ്മയുടെ ആടിന്‍റെ നാലാം അധ്യായം ബഷീര്‍ എഴുതി അവസാനിപ്പിച്ച വാക്കുകള്‍ ഓര്‍ത്തു.

ജീവിതത്തില്‍ ചെലവുകളില്ലേ..?

തലയോലപ്പറമ്പ് ചന്തയുടെ സമീപത്തു തന്നെയായിരുന്നു പാത്തുമ്മയുടെ വീട്. പാത്തുമ്മ അടുത്തകാലത്താണ് മരിച്ചത്. ഇപ്പോള്‍ അവരുടെ കൊച്ചുമക്കളോ മറ്റോ ആണ് അവിടെ താമസം. അവരെയും ആ വീടും ഒന്നു കാണണമെന്ന് കരുതി ആ പടി വരെ എത്തിയതാണ്. ഒരു കടമുറിയുടെ പിന്നിലാണ് വീട്. അങ്ങോട്ട് കയറാമെന്നു കരുതിയെങ്കിലും ആരുടെയൊക്കെയോ സ്വകാര്യതയെ ലംഘിക്കുകയാണെന്ന ഒരു തോന്നലുണ്ടായതിനാല്‍ അവസാന നിമിഷം മടക്കച്ചുവട് വച്ചു. റോഡിനപ്പുറം ഹനീഫയുടെ തുന്നല്‍പ്പീടിക കണ്ടു. പട്ടാളത്തില്‍ ചേരാന്‍ റെഡിയായി നടക്കുന്ന ഹനീഫ. അബ്ദുള്‍ ഖാദറിന്‍റെ തകരപ്പീടികയിലെ പെട്രോമാക്സ് വെളിച്ചത്തില്‍ ഹനീഫ അവിടിരുന്ന് തുണി തുന്നുന്നുണ്ടെന്നു തോന്നി. എന്നാല്‍ ഇപ്പോള്‍ വേറേ ആരോ ആണ് ആ കടയുടെ ഉടമസ്ഥനെന്ന് ബോര്‍ഡ് പറഞ്ഞു.

A Travel to Vaikom

പിന്‍വാങ്ങുന്ന പ്രകാശകിരണങ്ങള്‍ക്കിടയിലൂടെയാണ് വെള്ളൂര്‍ ഗ്രാമത്തിലെത്തിയത്. അവിടെയാണ് എച്ച്എൻഎൽ. ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ ഫാക്റ്ററികളിലൊന്നായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രീന്റ് ലിമിറ്റെഡ്. ഏകദേശം 1400 -ഓളം തൊഴിലാളികള്‍ക്ക്‌ നേരിട്ടും 5000 ത്തോളം തൊഴിലാളികള്‍ക്ക്‌ അനുബന്ധമായും തൊഴില്‍ നല്‍കിവരുന്ന സ്ഥാപനം. കുറച്ചുകാലമായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സമരം.

സര്‍ക്കാര്‍ ഒഴിവായാല്‍ കമ്പനി പച്ചപിടിക്കുമെന്ന് പെട്ടിക്കടക്കാരന്‍ പരമേശ്വരന്‍. അതേസമയം കോര്‍പ്പറേറ്റുകളുടെ കൈയ്യിലെത്തിയാലുള്ള തൊഴിലാളികളുടെ ഭാവിയെപ്പറ്റിയും അയാള്‍ ആശങ്കപ്പെട്ടു. ഏതെങ്കിലും ഒരു തോണിയില്‍ കാലുറപ്പിക്കൂ ചേട്ടാ എന്നു മനസില്‍ പറഞ്ഞ് നേരെ സമരപ്പന്തലിലേക്കു പോയി. പക്ഷേ അവിടം കാലിയായിരുന്നു. എന്തോ അടിയന്തിര യോഗം നടക്കുന്നുണ്ട്. ഇരുളുവാരിപ്പുതയ്ക്കാനൊരുങ്ങുന്ന എച്ച്എൻഎല്ലിനെ നോക്കി കുറച്ചു നേരം വെറുതെ നിന്നു.

ഇനി കോട്ടയത്തേക്കുള്ള ബസ് പിടിക്കണം. അവിടെ നിന്നും തലസ്ഥാനനഗരിയിലെത്തണം. തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള രാജീവന്‍ ചേട്ടന്‍റെ തട്ടുകടയിലെത്തുമ്പോഴേക്കും കനത്തമഴയും തുടങ്ങി. മുമ്പ് ഹോട്ടല്‍ നടത്തിയിരുന്ന രാജീവന്‍ പത്തുപന്ത്രണ്ട് വര്‍ഷമായി തട്ടുകടയിലേക്ക് തിരിഞ്ഞിട്ട്. സന്ധ്യയ്ക്ക് തുടങ്ങി രാത്രി വരെ നീളുന്ന കച്ചവടം.

കഴിക്ക്...

ചൂടു കപ്പബിരിയാണിയില്‍ സവാള അരിഞ്ഞ് വച്ചത് മുന്നിലെത്തിച്ച കൈകളിലേക്കും മുഖത്തേക്കും വെറുതെ നോക്കി. നീലനിറത്തിലുള്ള തൊപ്പി വച്ചൊരു ചെറുപ്പക്കാരന്‍. ബലിഷ്ഠമായ ശരീരവും വെളുത്ത നിറവും. അയാളുടെ കണ്ണുകളില്‍ തിരിച്ചറിയാനാവാത്തൊരു ഭാവം. ചിലപ്പോള്‍ ചെറിയൊരു ചിരി. ചിലപ്പോള്‍ തുളുമ്പുന്ന ക്രൌര്യം. കടയിലെത്തുന്ന എല്ലാവരോടും ഓടിനടന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന അയാളുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേടു തോന്നി.  കഴിക്കെന്നയാള്‍ വീണ്ടും പറഞ്ഞു.

ഒന്നും കരുതരുത്.. ചെറിയ അസുഖമുണ്ട്. അരികിലെത്തിയ രാജീവന്‍ ചേട്ടന്‍ പതിയെ പറഞ്ഞു. അസ്കര്‍ അനാഥനാണ്. രാജീവന്‍ ചേട്ടന്‍റെ ഒപ്പം കൂടിയിട്ട് കുറച്ചുവര്‍ഷങ്ങളായി. കൂലിയൊന്നും വാങ്ങാതെയാണ് അസ്കറിന്‍റെ സേവനം. നിര്‍ബന്ധിച്ച് നല്‍കിയാല്‍ പോലും വാങ്ങില്ല. അതുകൊണ്ട് അവന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് പതിവ്.

ചിലപ്പോള്‍ അസ്കര്‍ മൗനിയായിരിക്കും. മറ്റു ചിലപ്പോള്‍ വയലന്‍റാകും. തന്‍റെ സ്വഭാവം പിടിച്ചാല്‍ കിട്ടില്ലെന്നു അയാള്‍ക്കു തന്നെ തോന്നുന്ന നിമിഷം അസ്കര്‍ തനിയെ കട വിട്ടു പോകും. പിന്നെ കുറേ ദിവസത്തേക്ക് അവന്‍ ആ പ്രദേശത്തേക്കു വരില്ല. ഭേദമായെന്നു തോന്നിയാല്‍ ആരും വിളിക്കേണ്ട, തനിയെ ഇങ്ങു പോരും. ഇതാണ് പതിവ്. കുറച്ച് ഉള്ളി തരാമോ എന്നു ചോദിച്ചപ്പോള്‍ അസ്കര്‍ ഒരുപിടി സവാള വാരി പാത്രത്തിലേക്ക് ഇട്ടുതന്നു. എന്നിട്ട് നിഷ്കളങ്കമായി ചിരിച്ചുകൊണ്ടു നിന്നു.

സമയം എട്ടുമണിയും കഴിഞ്ഞു. കോട്ടയത്തേക്കുള്ള പ്രൈവറ്റ് ബസെത്തി. കോരിച്ചൊരിയുന്ന മഴയുടെ ഇടയിലൂടെ അതിലേക്ക് ഓടിക്കയറി. ചരിത്രത്തിന്‍റെ പര്യംപുറത്തു നിന്ന് കുറേ മനുഷ്യര്‍ കൈകള്‍ വീശി. മഴത്തുള്ളികളെ ഭേദിച്ച് മറ്റേതൊക്കെയോ ദേശങ്ങളിലേക്ക് ആ കൈകള്‍ നീണ്ടുനീണ്ടു പോയി. പതിയെ സീറ്റിലേക്കു വീണു. കണ്ണുകളില്‍ ഉറക്കത്തിന്‍റെ ക്ഷേത്രപ്രവേശന വിളംബരം തുടങ്ങി.

A Travel to Vaikom

ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡ്യൂഡിന്‍റെ നീലക്കൊടുവേലി തേടി ആടു തോമയുടെ നാട്ടില്‍

കേട്ടതൊക്കെ ശരിയാണ്, അവിടെ ശരിക്കും ആത്മാക്കളുണ്ട്!

വയനാട്ടില്‍ എവിടെയാണയാള്‍ മറഞ്ഞിരിക്കുന്നത്?

പണ്ടിവിടൊരു പുലയരാജാവുണ്ടായിരുന്നു

"അങ്ങനെ ഭൂമിയെല്ലാം താഴെയായി, ‌ഞങ്ങയെല്ലാം മേലെയും"- പാലക്കയം തട്ടിന്‍റെ കഥ

പൊസഡിഗുംപെയില്‍ പെയ്യുന്നത് മഞ്ഞു മാത്രമല്ല!

സുമതിവളവിന്‍റെ കഥ

ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!

പുഴകയറി വന്ന പോതി!

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്

അദാനിയുടെ രാജ്യം

ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!

ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"

Follow Us:
Download App:
  • android
  • ios