Asianet News MalayalamAsianet News Malayalam

ഡ്യൂഡിന്‍റെ നീലക്കൊടുവേലി തേടി ആടു തോമയുടെ നാട്ടില്‍

  • ഇല്ലിക്കല്‍കല്ല്
  • കോട്ടയത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം
  • നീലക്കൊടുവേലി ഉണ്ടെന്ന് കരുതപ്പെടുന്ന മല
  • ആട് തോമയുടെ കഥകളുറങ്ങുന്ന ദേശം
A travelogue to Illikkalkallu
Author
First Published Jul 12, 2018, 2:35 PM IST

"അന്ന് ഷാപ്പിലിരിക്കുകയായിരുന്നു നോബിള്‍.. പെട്ടെന്ന് കരണ്ടുപോയി.. അപകടം മനസിലാക്കിയ അവന്‍ മേശപ്പുറത്തു കുത്തി വച്ചിരുന്ന കത്തീം വലിച്ചൂരി ചാടിഎഴുന്നേറ്റു..  എന്നാല്‍ അടുത്ത സെക്കന്‍ഡില്‍ ഇരുട്ടത്തു നിന്നും ഒരാസിഡ് ബള്‍ബ് പറന്നു വന്നു.. അതവന്‍റെ മുഖത്തേക്കാ വന്നു വീണേ.. അവന്മാര് ആറു പേരൊണ്ടാരുന്നു..  ഒടനെ മേശയുടെ അടിയില്‍ പതുങ്ങിക്കെടന്ന ഒരുത്തന്‍ അവന്‍റെ കുതികാലിനു വെട്ടി.. ഞരമ്പ് അറ്റുപോയി... പുറകിലേക്ക് മറിഞ്ഞ് വീണ നോബിളിനെ അവന്മാര്‍ തലങ്ങും വിലങ്ങും കുത്തി.. വാഴപ്പിണ്ടി വെട്ടി അരിയുമ്പോലെ.. അന്നവന് 33 വയസ്സേ ഒണ്ടാരുന്നൊള്ളൂ..."

ളത്തുകടവ് നിന്നും മൂന്നിലവിലേക്കുള്ള റോഡിലെ പുതുശേരി കയറ്റം. ബസ്റ്റോപ്പിനടുത്തുള്ള രാജന്‍ പിള്ളയുടെ കടത്തിണ്ണയിലിരുന്ന് ബേബിച്ചേട്ടന്‍ ആ കഥ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ കോട്ടയം പ്രസിദ്ധീകരണങ്ങളിലെ നോവല്‍ രംഗങ്ങളാണ് ഓര്‍മ്മ വന്നത്. മനുഷ്യന്‍റെ വിയര്‍പ്പും കണ്ണീരും വീണു കുതിര്‍ന്നു കിടക്കുന്ന മലയടിവാരങ്ങളില്‍ മണ്ണിനോടും മൃഗങ്ങളോടുമൊക്കെ പോരടിച്ച് ജീവിതം മെനയുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെ ആത്മ - ഭൗതിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിത കഥകള്‍. കണ്‍മുന്നില്‍ റബര്‍മണമുള്ള ഒരാഴ്ചപ്പതിപ്പിന്‍റെ താള്‍ മറിഞ്ഞു. ഗ്രാമത്തിലെ കരുത്തനും പ്രബലനുമായ റൗഡി. അയാളുടെ വിളയാട്ടങ്ങള്‍. അയാളെ കൊല്ലാനുള്ള നിരന്തരശ്രമങ്ങള്‍. ഒടുവില്‍ ഒരുദിവസം അയാളെ പതിയിരുന്ന് ആക്രമിക്കുന്ന ഒരുസംഘം. തെമ്മാടിക്കുഴിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുന്നതിന്‍റെ അവസാന നിമിഷത്തിലും വായുവില്‍ ചലിച്ചുകൊണ്ടിരിക്കുന്ന അയാളുടെ കഠാര.

ജോയിസി ഉള്‍പ്പെടെ കോട്ടയത്തെ പ്രമുഖ ജനപ്രിയ നോവലിസ്റ്റുകളുടെ ജന്മദേശങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഞങ്ങളും ബൈക്കും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇത്തരം കഥകളൊക്കെ കേള്‍ക്കുക സ്വാഭാവികമായിരിക്കും. പൈങ്കിളി സാഹിത്യം ജീവിതസംഭവങ്ങളെ അയഥാര്‍ത്ഥീകരിക്കുന്നുവെന്നും ഉല്‍കൃഷ്ടങ്ങളായ വികാരങ്ങളെ ദൂരീകരിക്കുന്നുവെന്നും പറഞ്ഞ എന്‍ വി കൃഷ്‍ണവാര്യരെ ഓര്‍ത്തു.  ഗൗരവത്തോടെ കഥ പറഞ്ഞുകൊണ്ടിരിക്കുകയാണ് ബേബിച്ചേട്ടന്‍. അയാളെ നോക്കി വെറുതെയൊന്നു ചിരിച്ചു. അപ്പോള്‍ തനി പാലക്കാരന്‍റെ ഭാഷയില്‍ ബേബിച്ചേട്ടന്‍ പറഞ്ഞു:

"എടോ ഉവ്വേ.. ഇതു ചുമ്മാ കഥയൊന്നുമല്ല കേട്ടോ.. പത്തമ്പത് വര്‍ഷം മുമ്പ് ഇവിടെ ശരിക്കും നടന്ന സംഭവമാണെന്നേ..."

ശ്രീരാജിന് സിഗരറ്റെടുത്തു നീട്ടുകയായിരുന്ന രാജന്‍പിള്ളച്ചേട്ടന്‍ അതു ശരിവയ്ക്കുന്ന ഭാവത്തില്‍ തലകുലുക്കിക്കൊണ്ടു പറഞ്ഞു:

"ഞങ്ങടെ നോബിളിന്‍റെ കഥയാടോ ഉവ്വേ ആ സൂപ്പര്‍ ഹിറ്റ് പടത്തിന്‍റേത്.."

ഇതിനിടെ റോഡരികില്‍ ഒരു ചുവന്ന കാറു വന്നു നിന്നു. യുവാക്കളുടെ ഒരു സംഘം. ഒരാള്‍ പുറത്തേക്കിറങ്ങി കടയിലേക്കു കയറി വന്നു. അയാളുടെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ മാപ്പിലെ ഇംഗ്ലീഷുകാരി ചേച്ചിയുടെ കലപില ശബ്ദം ഉയര്‍ന്നു കേട്ടു. ഇല്ലിക്കല്‍കല്ലിലേക്കുള്ള യാത്രികരാണ്. അങ്ങോട്ടുള്ള വഴിയെക്കുറിച്ച് സംശയം ചോദിക്കാന്‍ കയറിയതാണ്. രാജന്‍പിള്ള വഴി പറഞ്ഞുകൊടുക്കുന്നതിനിടയിലും ഗൂഗിള്‍ ചേച്ചി 'ഗോ സ്ട്രെയിറ്റെന്നും' 'ദെന്‍ ലെഫ്റ്റെന്നു'മൊക്കെ മൊഴിയുന്നത് കേള്‍ക്കാമായിരുന്നു. കാര്‍ കയറ്റം കയറിപ്പോയി.

ഈ പിള്ളേരുടെ ഒരു കാര്യം.. ജീവിതത്തില്‍ എന്നതേലും ഒന്നിലെങ്കിലും വിശ്വാസം വേണം.. ഒന്നുകില്‍ മനുഷ്യനെ.. അല്ലേ യന്ത്രത്തെ..

ബേബിച്ചേട്ടന്‍ പിറുപിറുത്തു. വായില്‍ നല്ല നെടുങ്കന്‍ നാക്കിങ്ങനെ നീണ്ടുനെവര്‍ന്നു കെടക്കുമ്പം ഈ കുന്ത്രാണ്ടമൊക്കെ എന്നാത്തിനാടോ ഉവ്വേ എന്നും പറഞ്ഞ് അയാള്‍ രാജന്‍പിള്ളയെ നോക്കി:

"ഓര്‍ക്കുന്നോ, ആ സിനിമേടെ പേരെന്നതാ രാജന്‍പിള്ളേ...?"

സിനിമയുടെ പേരുമാത്രം എത്രയാലോചിച്ചിട്ടും രണ്ടുപേര്‍ക്കും ഓര്‍മ്മവന്നില്ല. നോബിള്‍ കാലുപൊക്കി എതിരാളിയുടെ തലേലടിക്കുമായിരുന്നുവെന്നും അതുപോലേതാണ്ടൊക്കെ ആ സിനിമേലും ഉണ്ടാരുന്നുവെന്നും ബേബിച്ചേട്ടന്‍ ഓര്‍ത്തെടുത്തു. ഇരുവരുടെയും ഒപ്പം ഞങ്ങളും ആലോചിച്ചു. പണ്ടെപ്പോഴോ ഏതോ സിനിമാ പ്രസിദ്ധീകരണത്തില്‍ വായിച്ചു മറന്ന കഥ പെട്ടെന്നോര്‍മ്മ വന്നു. അങ്ങനെ അവരുടെ ഓര്‍മ്മയെ ഞങ്ങള്‍ ഒരുമിച്ചു പൂരിപ്പിച്ചു

"സ്ഫടികം.."

"അത് തന്നെ..!"

സന്തോഷത്തോടെ ചാടിയെണീറ്റ ബേബിച്ചേട്ടന്‍ കൈലി ഒന്നുകൂടെ മുറുക്കിയുടുത്ത് വീണ്ടും ബെഞ്ചിലേക്ക് ഇരുന്നു; കഥ തുടരുന്നു എന്ന ഭാവത്തില്‍. കോട്ടയത്തെ പേരുകേട്ട ഇല്ലിക്കല്‍ കല്ലു തേടിയായിരുന്നു ഞങ്ങളുടെയും യാത്ര. ഏകദേശം 4000 അടി ഉയരത്തില്‍ മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായ കൊടുംമല. ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. അടുത്തകാലത്തായി സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. അതിന്‍റെ നെറുകയിലെവിടെയോ നീലക്കൊടുവേലിയെന്ന അദ്ഭുത സസ്യമുണ്ട്. ആട് ഒരു ഭീകരജീവിയാണെന്ന ജയസൂര്യ ചിത്രത്തില്‍ ബാങ്കോക്കിലെ ബോസിന്‍റെ നടുവേദന മാറ്റാന്‍ വിനായകന്‍റെ ഡ്യൂഡ് തേടിനടക്കുന്ന അതേ സാധനം തന്നെ.  ഈ കൊടുവേലിക്കഥകളുടെ വേരും തേടിയായിരുന്നു ഞങ്ങളുടെ വരവ്.

തലസ്ഥാന നഗരിയില്‍ നിന്നും ശബരി എക്സ്സപ്രസില്‍ അക്ഷരനഗരിയില്‍ വന്നിറങ്ങിയ ഞാനും അവിടെ കാത്തു നിന്ന ശ്രീരാജും ഒരു ഹീറോ സൂപ്പര്‍ സ്പ്ളെണ്ടറില്‍ മലനെറുകയിലേക്കുള്ള പോക്കാണ്. പെരുംമഴയുടെ ഇടയിലൂടെ ഏറ്റുമാനൂര്‍- പാല- ഭരണങ്ങാനം വഴി മീനച്ചിലാറിന്‍റെ ഓരംപറ്റിയുള്ള യാത്ര ഈരാറ്റുപേട്ടയ്ക്കടുത്തുള്ള  പുതുശേരിയിലെത്തിയപ്പോഴാണ് കണ്ടത്തില്‍ നോബിളിന്‍റെ കഥയുമായി ബേബിച്ചേട്ടന്‍റെ വരവ്.

ആടുതോമയും ആടിലെ ഡ്യൂഡും. കേരളം നെഞ്ചിലേറ്റിയ രണ്ടു കഥപാത്രങ്ങള്‍. മനസില്‍ കൊരുത്തുകിടക്കുന്ന കഥകളൊക്കെ ഒരുപോലെയാണല്ലോ എന്നോര്‍ത്തപ്പോള്‍ കൗതുകം തോന്നി. എങ്കിലും മലകയറി തിരിച്ചിറങ്ങണം എന്ന ചിന്ത ഉള്ളലട്ടി. ഇല്ലിക്കല്‍ കല്ല് എങ്ങോട്ടും ഓടിപ്പോകത്തൊന്നുമില്ലെടോ ഉവ്വേ, അവിടെത്തന്നെ കാണും എന്നാണ് ബേബിച്ചേട്ടന്‍റെ ലോജിക്ക്. എന്നാല്‍പ്പിന്നെ നോബിളിന്‍റെ കഥ മുഴുവന്‍ കേട്ടേച്ച് ഇറങ്ങാമെന്ന് ഞങ്ങളും തീരുമാനിച്ചു.

വെട്ടിയിട്ടാല്‍ മുറികൂടുന്നവന്‍
മൂന്നിലവിലെ ഒരു ധനിക കുടുംബത്തിലായിരുന്നു നോബിളിന്‍റെ ജനനം. രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രമാണി കുടുംബം.  ചെറുപ്പത്തില്‍ ശാന്തസ്വഭാവിയായിരുന്നു നാട്ടുകാരുടെ കഥകളിലെ നോബിള്‍. തോമയെന്ന തോമസ് ചാക്കോയെപ്പോലെ പാഠ്യേതരവിഷയങ്ങളില്‍ മിടുക്കന്‍. എന്നാല്‍ സ്വത്തുണ്ടാക്കുന്ന തിരിക്കിനിടെ അപ്പന്‍ നോബിളിനെ ശ്രദ്ധിക്കാന്‍ മറന്നു. വഴിപിഴച്ച്, സകല അടിതടവുകളും പഠിച്ച്, പനപോലെ അവന്‍ വളര്‍ന്നുപൊങ്ങി. കൂട്ടംതെറ്റിയ കുഞ്ഞാടങ്ങനെ നാടിനെ നടുക്കുന്ന റൗഡിയായി.  കൊന്നും കൊലവിളിച്ചുമുള്ള  നടപ്പ്. എന്തിനും പോന്ന ഒരു സംഘവും നിഴലുപോലെ അവന്‍റൊപ്പമുണ്ടായിരുന്നു. നോബിള്‍ വീട്ടിലെത്തിയാല്‍ അപ്പന്‍ പോലും ഭയന്ന് ഇറങ്ങിപ്പോകുമായിരുന്നുവത്രെ.

നോബിള്‍ ഷാപ്പിലെത്തിയാല്‍ മറ്റുള്ള കള്ളുകുടിയന്മാര്‍ പേടിച്ച് സ്ഥലംവിടും. കാശുകൊടുക്കാതെ കുടിക്കും. സ്ഥിരം അടിപിടി. അങ്ങനെ നാട്ടിലെ അബ്കാരി പ്രമുഖന് സ്വസ്ഥമായി ഷാപ്പ് നടത്താന്‍ പറ്റാതായി. ഒടുവില്‍ അവര്‍ നോബിളിന്‍റെ ഒരു കൂട്ടാളിയെത്തന്നെ വിലയ്ക്കെടുത്തു. അങ്ങനെ ശിവരാമനെന്ന ശിവരാമപിള്ളയുടെ നേതൃത്വത്തിലുള്ള ആ ആറംഗസംഘമാണ് അന്നു രാത്രിയില്‍ ആസിഡ് ബള്‍ബെറിഞ്ഞും കുതികാല്‍ വെട്ടിയും കരുത്തനായ നോബിളിനെ മറിച്ചിട്ടത്.

അന്നു കുട്ടിയായിരുന്നു ബേബിച്ചേട്ടന്‍. നോബിളിനെ നേരില്‍ കണ്ടതായി ഓര്‍മ്മയില്ല. അപ്പനും അമ്മയുമൊക്കെ ആ കൊലപാതകത്തെപ്പറ്റി പറഞ്ഞുകേട്ടത് നല്ല ഓര്‍മ്മയുണ്ട്. എപ്പോഴും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന നോബിള്‍ ഷാപ്പിലെ ഭിത്തിക്ക് തൊട്ടുമുന്നിലേ ഇരിക്കാറുള്ളു. മരിക്കുന്നതിനു മുമ്പ് ശിവരാമന്‍റെ കൂട്ടത്തിലെ പലര്‍ക്കും നോബിളിന്‍റെ കുത്തേറ്റിരുന്നു. കഴുത്തറുത്ത് മാറ്റിയ ശേഷം മാത്രമാണത്രെ നോബിള്‍ മരിച്ചെന്ന് അവര്‍ ഉറപ്പിച്ചത്. കാരണം വെട്ടിയിട്ടാല്‍ തനിയെ മുറിവുകൂടുന്നവനായിരുന്നു നോബിളെന്നായിരുന്നു വിശ്വാസം. സിനിമയിലെപ്പോലെ ആടിന്‍റെ ചങ്കിലെ ചോര കുടിക്കുന്നവനാണോ നോബിളെന്നു ചോദിച്ചപ്പോള്‍ അതൊന്നും അറിയത്തില്ല, പോത്തുവെട്ടുന്നവരെ ഭീഷണിപ്പെടുത്തി ഇറച്ചി സ്വന്തമാക്കിയിരുന്നതായി കേട്ടിട്ടുണ്ടെന്ന് ബേബിച്ചേട്ടന്‍.  

നോബിളിനെ കുത്തിമലര്‍ത്തിയ ശിവരാമനായിരുന്നു പിന്നീട് നാട്ടിലെ പ്രധാന ഗുണ്ട. ദേഹാസകലം രോമം നിറഞ്ഞ കരടിയേപ്പോലരു ഒരു പിള്ളേച്ചന്‍. ജാമ്യത്തിലിറങ്ങിയ കാലത്ത് നോബിളിന്‍റെ ആള്‍ക്കാര്‍ക്കു നേരെ കവലയില്‍ വച്ച് സ്വന്തം ശരീരത്തിലെ രോമം പറിച്ച് ഊതിപ്പറത്തിയ ശിവരാമനും നാട്ടുകാരുടെ കഥകളിലുണ്ട്. ഇയാള്‍ പിന്നീട് ഒരു ചെല്ലപ്പന്‍റെ കൈകളാല്‍ തീര്‍ന്നു എന്നത് മറ്റൊരു കഥ.  

റബറിനൊപ്പം അറിവും ചുരന്ന ഗ്രാമങ്ങള്‍
സമൃദ്ധവും മനോഹരവുമായ കോട്ടയം ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളിലൂടെയാണ് ബൈക്കോടുന്നത്. റബര്‍കൃഷിക്ക് പ്രസിദ്ധമായ ഈ ഗ്രാമങ്ങളില്‍ പലതും ഒരുകാലത്ത് ഒറ്റയാന്മാരുടെ റൗഡിത്തരങ്ങള്‍ക്കും ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും നടുവിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കത്തിക്കുത്തുകളും കൂട്ടത്തല്ലുകളുമൊക്കെക്കൊണ്ട് സംഘര്‍ഷഭരിതമായിരുന്നു അക്കാലത്ത് മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗം മലയോരഗ്രാമങ്ങളിലെയും സായന്തനങ്ങള്‍. കുപ്രസിദ്ധരായ എത്രയോ റൗഡികളുടെ കത്തിമുനത്തുമ്പില്‍ ഗ്രാമങ്ങള്‍ വിറങ്ങലിച്ചു നിന്നിരുന്നു. എത്രയോ മനുഷ്യരടെ ചോര ഈ മണ്ണില്‍ പുരണ്ടിരിക്കുന്നു. വടക്കന്‍ കേരളത്തിലെ അങ്കച്ചേകവന്മാര്‍ക്ക് സമാനമാണ് പാലാക്കാരായ പഴയ നാട്ടുമനുഷ്യരുടെ ജീവിത കഥകളുമെന്ന് തോന്നി.

എന്നാല്‍ ഇന്ന് ഇവിടങ്ങളിലെ ജീവിത നിലവാരം ആകെ മാറിയിരിക്കുന്നു. മണ്ണിനോട് പടപൊരുതിയ മനുഷ്യരുടെ പിന്മുറക്കാരില്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം സ്വന്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  ഉന്നതോദ്യോഗസ്ഥരില്‍ പലരും ഈ നാട്ടുകാരാണെന്നതാണ് കൗതുകം. മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്‍റെ ഉള്‍പ്പെടെ വലിയൊരു പട്ടിക തന്നെ ബേബിച്ചേട്ടന്‍ നിരത്തി. വെറും ശരീരം കൊണ്ട് പ്രകൃതിയെ നേരിട്ട സ്ഥാനത്ത് അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്നു പലരുടെയും കൃഷി. അതിന്‍റെയൊക്കെ തിളക്കം മണ്ണിലും മനുഷ്യരുടെ മുഖത്തുമുണ്ട്.

മൂന്നിലവെത്തുന്നതിനു മുമ്പാണ് നോബിളിന്‍റെ തറവാടെന്ന് ബേബിച്ചേട്ടന്‍ സൂചിപ്പിച്ചിരുന്നു. വഴിയുടെ വലതുവശത്ത് ഒരു ഒറ്റമാവുള്ള വീട്ടുപറമ്പെന്നാണ് അയാള്‍ പറഞ്ഞ അടയാളം. അതനുസരിച്ച് ഇരുവശത്തേക്കും നോക്കിക്കൊണ്ടായിരുന്നു ബൈക്കോടിച്ചത്. നോബിളിന് ഒരു മകനുണ്ടായിരുന്നുവെന്നും നോബിള്‍ കൊല്ലപ്പെട്ട അതേ പ്രായത്തില്‍ മകനും മരിച്ചുവെന്നും അയാള്‍ പറഞ്ഞിരുന്നു. തലയിലെ ഞരമ്പ് പൊട്ടിയായിരുന്നു ആ മരണം. അതുതന്നെ ഇപ്പോള്‍ പത്തിരുപത് കൊല്ലം കഴിഞ്ഞു.

റോഡിന് ഇരുവശത്തും പാവാടയുടുത്ത റബര്‍മരങ്ങള്‍. ഇടയില്‍ കാപ്പിച്ചെടികളും കൊക്കോ മരങ്ങളും. ആഞ്ഞിലിക്കാടുകള്‍. കൂവച്ചെടികള്‍. പറമ്പുകളെ വേര്‍തിരിച്ച് 'ഇരുവാ' എന്നറിയപ്പെടുന്ന കയ്യാലകള്‍. തട്ടുതട്ടായി തിരിച്ച കൃഷിഭൂമികള്‍. മഴക്കാലമായതിനാല്‍ വിശ്രമത്തിലാണ്ട സ്‌പ്രിംഗ്ലറുകള്‍, പൈപ്പ് ലൈനുകള്‍. മലബാറിലെ ഏതോ കുടിയേറ്റ ഭൂമിയില്‍ വഴിതെറ്റിക്കയറിയ പോലൊരു തോന്നല്‍.

ബേബിച്ചേട്ടന്‍ പറഞ്ഞ അടയാളങ്ങള്‍ വഴിയിലൊക്കെ പരതിക്കൊണ്ടിരുന്നു. ഒടുവിലൊരു വളവിലെത്തി. റബര്‍ക്കാടുകള്‍ക്ക് സമീപം ഒറ്റമാവ് നില്‍ക്കുന്ന ഒരു വീട്ടുപറമ്പ്. മരങ്ങള്‍ക്കിടയിലൂടെ ഒരു വീടു കണ്ടു. ഇതു തന്നെയാണോ അതെന്നുറപ്പിക്കാന്‍ വഴിയിലെങ്ങും ആരെയും കണ്ടില്ല. ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചെങ്കിലും അരുതെന്ന് മനസ് പറഞ്ഞു. നോക്കി നോക്കിയിരിക്കുമ്പോള്‍ കുത്തുകല്ലിറങ്ങി തോമസ് ചാക്കോ വരുന്നതു പോലെ  തോന്നി. ഓട്ടക്കാലണ. ചാക്കോ മാഷുടെ ഒച്ച പൊങ്ങി. തോമായുടെ കണ്ണുകളില്‍ നനവുണ്ടെന്നു തോന്നി. കൈകളില്‍ ഒരു കോമ്പസ് ഒളിച്ചുപിടിച്ചിട്ടുണ്ടെന്നു തോന്നി. അടുത്ത നിമിഷം അതൊരു കഠാരയായി വളരുമെന്ന് തോന്നി. കോട്ടയം നോവലിസ്റ്റുകളുടെ പതിവു ശൈലിയില്‍ പറഞ്ഞാല്‍, പിന്നൊന്നും ആലോചിച്ചില്ല, സ്പ്ളെണ്ടറിന്‍റെ ക്ലച്ചില്‍ പതിയെ വിരലമര്‍ന്നു, ഗിയറില്‍ കാല്‍കൊളുത്തി മുകളിലേക്ക് തട്ടി. ഫസ്റ്റ് ഗിയറില്‍ വീണ വണ്ടി വല്ലാത്തൊരു ശബ്ദത്തോടെ ഇരമ്പിപ്പാഞ്ഞു. ഗിയറുകളോരോന്നും നിമിഷങ്ങള്‍ക്കകം വീണു. വളവുകളോരോന്നും വെട്ടിത്തിരിഞ്ഞ് മലനിരകള്‍ക്കിടയിലെ അപരിചിതമായ വഴികളിലൂടെ മുകളിലേക്കത് കുതിച്ചു പാഞ്ഞു.

രുചിയുള്ള രാഷ്ട്രീയം
നേരം ഉച്ചതിരിഞ്ഞു. ഹോട്ടലുകളിലെല്ലാം ഊണ്‍ കഴിഞ്ഞിരുന്നു. മൂന്നിലവ് ടൗണും കഴിഞ്ഞുള്ള കടയില്‍ കയറി. വിവിധ തരത്തിലുള്ള കപ്പപ്പുഴുക്കുകളും ബീഫും പന്നിയുമൊക്കെയുണ്ടെന്ന് ഉടമയും വിളമ്പുകാരനുമൊക്കെയായ ഷാജിച്ചേട്ടന്‍. അധികം ആലോചിച്ചില്ല, വാട്ടുകപ്പപുഴുക്കും പന്നിക്കറിയും വരുത്തി. നല്ല രുചി. പെട്ടെന്ന് തീരരുതെന്ന ആഗ്രഹത്തോടെ കഴിച്ചെങ്കിലും പെട്ടെന്നുതന്നെ തീര്‍ന്നുപോയി. കുറച്ചുനേരം കൂടെ അവിടിരുന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ സമയമില്ല.

കുറച്ചു മുന്നോട്ടു പോയപ്പോള്‍ വഴി തെറ്റിയെന്നു തോന്നി. ഗൂഗളില്‍ ഒന്നും മിണ്ടുന്നില്ല. കവറേജ് ഇല്ല. റോഡരികില്‍ അടച്ചിട്ടിരിക്കുന്ന ഒരു പഴയ പീടിക കെട്ടിടം. തിണ്ണയില്‍ വെറും നിലത്ത് ഒരാള്‍ ഇരിക്കുന്നതു കണ്ടു. തല കുമ്പിട്ടാണ് ഇരിപ്പ്. വഴി ചോദിക്കണം. ബൈക്ക് റോഡിനു താഴെ ഒതുക്കി. അയാള്‍ തല ഉയര്‍ത്തി. വടുക്കള്‍ നിറഞ്ഞ മുഖമുള്ള ഒരു വയോധികന്‍. എവിടെയോ കണ്ടുമറന്നതു പോലെ. നരച്ചു ചിതറിയ മുടി മുഖത്തേക്ക് വീണുകിടന്നു. ചുവന്ന കണ്ണുകള്‍. മുഷിഞ്ഞ ലുങ്കിയും ഷര്‍ട്ടും വേഷം. കാലുകളിലും മുറിവുണങ്ങിയ വടുക്കള്‍. എങ്കിലും ആരോഗ്യം അധികം ചോര്‍ന്നുപോയിട്ടില്ലാത്ത ശരീരം. കാട്ടുപുഴപോലെ കുത്തിമറിഞ്ഞൊഴുകിയിരുന്ന ഒരു മനുഷ്യന്‍റെ ഭൂതകാലജീവിതം മുന്നില്‍ തെളിഞ്ഞു. എന്താണെന്ന ഭാവത്തിലുള്ള അയാളുടെ നോട്ടം കണ്ടപ്പോള്‍ അല്‍പ്പം പേടി തോന്നി.

"ഇല്ലിക്കല്‍ കല്ലിലേക്കുള്ള വഴി..?"

അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. പകരം വിരലനക്കി മുന്നോട്ടെന്ന് ആംഗ്യം കാണിച്ചു. മദ്യപിച്ച് നാക്കു കുഴഞ്ഞതിനാല്‍ സംസാരിക്കാനാവാത്തതാണെന്നു തോന്നി. ഇനി ഇയാളാണോ ശിവരമാനെ കുത്തിമലര്‍ത്തിയ ചെല്ലപ്പന്‍? ശ്രീരാജ് വണ്ടി മുന്നോട്ടെടുക്കുന്നതിനിടയില്‍ തിരഞ്ഞുനോക്കി. അയാള്‍ തല വീണ്ടും താഴ്ത്തിയിരിക്കുന്നു. എതിരെ വന്ന ഓട്ടോക്കാരനെ കൈകാട്ടി നിര്‍ത്തി ഒന്നുകൂടെ ചോദിച്ചുറപ്പിച്ച് മങ്കൊമ്പ് - പഴുക്കക്കാനം റോഡ് വഴി വീണ്ടും മുകളിലേക്കു കയറിത്തുടങ്ങി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാജ്യസഭാ സീറ്റ് വിവാദവുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് രാഷ്ട്രീയകേരളത്തിലെ ഏറെ കൗതുകം നിറഞ്ഞ മണ്ണിലൂടെയാണല്ലോ യാത്രയെന്ന് ഓര്‍ത്തു.

മാണി കോണ്‍ഗ്രസിനിട്ട് എട്ടിന്‍റെ പണിയും കൊടുത്ത് വൈസ് പ്രസിഡന്‍റിനെ പുറത്താക്കി കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് ഭരിക്കുന്ന പഞ്ചായത്താണ് മൂന്നിലവ്. ബേബിച്ചേട്ടന്‍റെ ഭാഷയില്‍ ഒരുപാട് തന്തമാരുള്ള കേരളത്തിലെ ഏക പഞ്ചായത്ത്. കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റും സിപിഎമ്മിന്‍റെ വൈസ് പ്രസിഡന്‍റും ചേര്‍ന്നാണ് ഭരണം. ഇടതുപക്ഷത്തിന്‍റെ ഏകപ്രതിനിധിയായ ഈ വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഇല്ലിക്കല്‍ കല്ല് ഉള്‍പ്പെടുന്ന പ്രദേശം. അടുത്തിടെ രാജ്യസഭാ സീറ്റും വാങ്ങി കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരികെ എത്തിയതോടെ പഞ്ചായത്തിന്‍റെ ഭാവി പിന്നെയും തുലാസിലായി. എന്നാല്‍ ധാരണ അനുസരിച്ചുള്ള പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസുകാരിക്ക് നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ഇപ്പോഴും തയ്യാറല്ലെന്നതും രസകരമായ കാര്യമാണ്. ഇതുസംബന്ധിച്ച് മാണി സാര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബേബിച്ചേട്ടന്‍ പറഞ്ഞിരുന്നു.

മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ അടുത്തകാലത്ത് നടന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് പാലായുടെ ഭാഗമായി. അതുപോലെ പി സി ജോര്‍ജ്ജിന്‍റെ ഒപ്പമായിരുന്ന ബേബിച്ചേട്ടനും സംഘവും ഇപ്പോള്‍ മാണി സാറിന്‍റെ ഭാഗമാണ്. അക്കഥ ഇങ്ങനെ. കൊട്ടിഘോഷിച്ച് പീസി മാണിയില്‍ ലയിച്ചപ്പോള്‍ സ്വാഭാവികമായും ബേബിച്ചേട്ടനും കുറച്ചുപേരും ഇപ്പുറത്തെത്തി. പക്ഷേ അധികം വൈകാതെ മാണി സാറോടു പിണങ്ങിയ പീസി തിരികെപ്പോയി. എന്നാല്‍ അങ്ങനങ്ങു പോകാന്‍ തനിക്കു തോന്നിയില്ലെന്നാണ് ബേബിച്ചേട്ടന്‍ പറയുന്നത്. കോണ്‍ഗ്രസ് സിപിഎമ്മിന്‍റെ കൂടെക്കൂടിയതിന് ഇങ്ങനെ കെറുവിക്കുന്നതെന്തിനാ, ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്‍റെ ഒപ്പം കൂടി കോണ്‍ഗ്രസിനിട്ട് പണിതത് മാണിസാറല്ലിയോ ചേട്ടാ എന്നു ചുമ്മാ ചോദിച്ചിരുന്നു. ഓ.. എന്നാ പറയാനാ.. അതൊക്കെ അങ്ങനെയാന്നേ എന്നും പറഞ്ഞ് ഒരു വളിച്ച ചിരിയായിരുന്നു ബേബിച്ചേട്ടന്‍റെ മറുപടി. എന്താണെന്നറിയില്ല, ഷാജിച്ചേട്ടന്‍റെ കടയിലെ കപ്പയുടെയും പന്നിക്കറിയുടെയും രുചി നാവില്‍ മായാതെ കിടക്കുവാണല്ലോ എന്നോര്‍ത്തു.

വലി മുട്ടിയ സൂപ്പര്‍ സ്പ്ളെണ്ടര്‍
കുത്തുകയറ്റത്തിന്‍റെ ഒരറ്റത്തുവച്ച് സൂപ്പര്‍ സ്പ്ലെണ്ടറിനു വലിമുട്ടി. ബൈക്കോടിക്കാന്‍ ശ്രീരാജിനെ വിട്ട് ഞാന്‍ നടന്നു കയറിത്തുടങ്ങി. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അങ്ങകലെ കൂറ്റന്‍ കരിങ്കല്‍ ക്വാറികള്‍ കണ്ടു. പാട്ടുകാരനും സംഗീതജ്ഞനുമൊക്കെയായ തലസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥ പ്രമുഖന് ഇവിടെ എവിടെയോ പാറമടയുണ്ടെന്ന് മുമ്പാരോ പറഞ്ഞിരുന്നു. അതാണോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക തോന്നി.

വഴിയുടെ ഇരുവശത്തും ഇല്ലിക്കാടുകളും ഈറ്റക്കൂട്ടങ്ങളും. ഒരുപക്ഷേ ഇതാവാം ഇല്ലിക്കല്‍ എന്ന പേരുവരാന്‍ കാരണം. കുറ്റിക്കാടിനകത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന കവുങ്ങുകള്‍. ചിലയിടങ്ങളില്‍ റബര്‍ ഷീറ്റടിക്കുന്ന മെഷീനുകള്‍. ചിലതൊക്കെ ഉപേക്ഷിക്കപ്പെട്ട  നിലയില്‍. ചിലവ ഇപ്പോഴും ഉപയോഗിക്കുന്നവയാണ്. നീര്‍ച്ചാലുകള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍. ഇതൊക്കെ ചേര്‍ന്നാണ് വഴിനീളെ യാത്രപറഞ്ഞൊഴുകിക്കണ്ട മീനച്ചിലാറാവുന്നത്.

കയറ്റം കൂടുന്നതിനനുസരിച്ച് മലനിരകളും അടുത്തടുത്തു വന്നു. കുത്തനെയുള്ള മലഞ്ചെരിവുകള്‍ ഡ്രാക്കുളക്കോട്ടയെ ഓര്‍മ്മിപ്പിച്ചു. കറുത്ത നിറമാണ് എല്ലാ മലനിരകള്‍ക്കും. നീര്‍ച്ചാലുകള്‍ സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങി. മലകളുടെ മൂടു ചുറ്റിയാണ് മനോഹരമായ റോഡ് മുകളിലേക്ക് പോകുന്നത്. കോട്ടയത്ത് ഇറങ്ങിയതു മുതല്‍ ഇതുവരെ സഞ്ചരിച്ച റോഡുകളൊക്കെ മികച്ചതാണല്ലോ എന്നോര്‍ത്തു. ഒരു വളവില്‍ കാത്തു നിന്ന ബൈക്കിന്‍റെ പിന്നിലേക്ക് വീണ്ടും ചാടിക്കയറി.

ഇനി ജീപ്പ് കമാന്‍ഡറില്‍
ടാര്‍ റോഡ് അവസാനിക്കുന്നതിനും മുമ്പേ ടൂറിസം വകുപ്പിന്‍റെ ഗേറ്റ്. വാഹനങ്ങള്‍ ഇതിനപ്പുറത്തേക്ക് കടത്തിവിടില്ല.  ഇവിടുന്നങ്ങോട്ടു പോകണമെങ്കില്‍ ഡിറ്റിപിസിയുടെ ജീപ്പില്‍ കയറണം. അല്ലെങ്കില്‍ നടക്കണം. കടുത്ത മഴയാണ്. എന്നിട്ടും കൗണ്ടറിലും പരിസരപ്രദേശങ്ങളിലും നല്ല തിരക്കുണ്ട്. തകരച്ചെണ്ട കൊട്ടി ഡാന്‍സ് കളിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. ടിക്കറ്റെടുത്ത് കമാന്‍ഡര്‍ ജീപ്പിന്‍റെ മുമ്പില്‍ കയറി ഇരുന്നു. ആളെണ്ണം പന്ത്രണ്ടു തികഞ്ഞപ്പോള്‍ ഡ്രൈവര്‍ ബിജു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

നാലഞ്ച് വര്‍ഷത്തിനിടയിലാണ് ഇവിടം ഇത്ര ശ്രദ്ധേയമാകുന്നതെന്ന് ബിജു പറയുന്നു. സോഷ്യല്‍മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ് കേരളത്തിലെ മറ്റെല്ലാ ന്യൂജന്‍ ടൂറിസം സ്പോട്ടുകളെയും പോലെ ഇല്ലിക്കല്‍ കല്ലിനെയും പ്രസിദ്ധമാക്കുന്നത്. മൂന്നു ജീപ്പുകള്‍ ഈ രണ്ടു കിലോമീറ്ററിനിടയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. തീക്കോയ് സ്വദേശിയായ ബിജു ഉള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ ഡിറ്റിപിസിയുടെ കോണ്ട്രാക്ട് ജീവനക്കാരാണ്. മിക്ക ദിവസങ്ങളിലും ആയിരത്തോളം പേര്‍ ഇവിടെ എത്താറുണ്ട്. സീസണായാല്‍ മനുഷ്യരുടെ പ്രളയമാണ്. ടാറിങ്ങ് അവസാനിച്ചിടത്ത് യാത്രികരെ ഇറക്കി വിട്ട്, മുള്ളുവേലിക്ക് അപ്പുറത്തേക്ക് ആരും പോകരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ച് മലയിറങ്ങി വന്നവരെയും കയറ്റി ബിജു തിരികെപ്പോയി.

പാവം ഡ്യൂഡ്
തഴച്ചു നില്‍ക്കുന്ന തെരുവപ്പുല്ലുകള്‍ക്കും ഈന്തപ്പനയുടെ രൂപത്തിലുള്ള പേരറിയാത്ത കുറ്റിച്ചെടികള്‍ക്കും ഇടയിലൂടെ മലയുടെ നെറുകിലേക്കുള്ള നടപ്പ് തുടങ്ങി. മലയിറങ്ങി യുവാക്കളുടെ ഒരു സംഘം വന്നു. മറ്റൊരു സംഘം ഞങ്ങളെ കടന്ന് കയറിപ്പോയി. മഴയും മഞ്ഞും കോടയുമൊക്കെ ഇടക്കിടെ സാറ്റുകളിച്ചു. പുല്ലുകള്‍ക്കും ഈറ്റകള്‍ക്കും പേരറിയാത്ത ആ ചെടികള്‍ക്കുമൊക്കെയിടയില്‍ കുറേ തൊഴിലാളി സ്ത്രീകള്‍. തൊഴിലുറപ്പ് ജോലിക്കാരാണ്. മലഞ്ചെരിവുകളില്‍ ഈറ്റച്ചെടിത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് അവര്‍. തിരികെയിറങ്ങുമ്പോള്‍ അവരോട് സംസാരിക്കണം.

നടപ്പ് വ്യൂ പോയിന്‍റില്‍ എത്താറായി. മൂന്നു പാറക്കൂട്ടങ്ങളില്‍ ഒന്നാമത്തേതിലാണ് വ്യൂ പോയിന്‍റ്.  അതിനപ്പുറം കൂടക്കല്ല്. അതിനുമപ്പുറം സര്‍പ്പാകൃതിയില്‍ കൂനന്‍ കല്ല്. ഇവയെ ബന്ധിപ്പിച്ച് അരയടി മാത്രം വീതിയുള്ള നരകപ്പാലം. വ്യൂ പോയിന്‍റിന് താഴെ ഒരു കുടുംബം വിശ്രമിക്കുന്നതു കണ്ടു. തൊട്ടപ്പുറത്ത് ഞങ്ങളും നിന്നു. അവര്‍ അവിടെ യാത്ര അവസാനിപ്പിച്ചെന്ന് സംസാരത്തില്‍ നിന്നും മനസിലായി. അതില്‍ പ്രായമായൊരാള്‍ കൂട്ടത്തിലെ കുട്ടിക്ക് ഒരു കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടു.

" പണ്ടു പണ്ട്, വളരെ പണ്ടാണ്.. മീനച്ചിലാറു കരകവിഞ്ഞൊഴുകിയ ഇതുപോലൊരു മഴക്കാലത്താണ് ആ സംഭവം.. അക്കാലത്ത് പാലാ ചന്തയിലേക്കുള്ള സാധനങ്ങൾ മീനച്ചിലാറു വഴി തോണിയിലായിരുന്നു കൊണ്ടുവന്നിരുന്നത്..  ഒരു ദിവസം വള്ളത്തിൽ പഞ്ചസാര ചാക്കുകളുമായി ഒരു കച്ചവടക്കാരൻ പാലായിലെത്തി.. വള്ളത്തിൽ നിന്ന് തൊഴിലാളികള്‍ ചാക്കുകള്‍ ഇറക്കിത്തുടങ്ങി.. മണിക്കൂറുകള്‍ കഴിഞ്ഞു.. ചാക്കുകളാണെങ്കില്‍ ഇറക്കിയിട്ടുമിറക്കിയിട്ടും തീരുന്നില്ല.. തൊഴിലാളികള്‍ക്കു മടുത്തു.. സംഗതി ലാഭമാണെങ്കിലും കച്ചവടക്കാരനും മടുത്തു.. എല്ലാത്തിനുമൊരു പരിധിയില്ലേ..? അയാള്‍ നോക്കുമ്പോൾ വള്ളത്തിലതാ ഒരില പറ്റിപ്പിടിച്ചിരിക്കുന്നു.. അതെടുത്ത് മണത്തു നോക്കി.. പ്രത്യേകിച്ചൊന്നും തോന്നിയില്ല.. അയാളതു വലിച്ച് പുഴയിലേക്കെറിഞ്ഞു.. അതോടെ വള്ളത്തില്‍ ബാക്കിയുണ്ടായിരുന്ന പഞ്ചസാര ചാക്കുകള്‍ ഒറ്റയടിക്ക് അപ്രത്യക്ഷമായി.. സംഭവമറിഞ്ഞ നാട്ടുകാർ ഞെട്ടി.. കഥയറിഞ്ഞ കച്ചവടക്കാരനും ഞെട്ടി.. കാരണം തേടിവന്ന ഭാഗ്യത്തെയായിരുന്നു അയാൾ ഒഴുക്കിലെറിഞ്ഞു കളഞ്ഞത്.. അത് നീലക്കൊടുവേലിയുടെ ഇലയായിരുന്നു.."

അവരെയും പിറകിലാക്കി മുകളിലേക്ക് നടക്കുമ്പോള്‍ നേരത്തെ രാജന്‍പിള്ള പറഞ്ഞ മറ്റൊരു കൊടുവേലിക്കഥയോര്‍ത്തു. കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസം രാത്രിയില്‍ മീനച്ചിലാറിലൂടെ നീലക്കൊടുവേലിപ്പൂക്കള്‍ ഒഴുകി വരുമത്രെ. കല്ലുവലിപ്പവും കനവുമുള്ള പൂക്കള്‍. പക്ഷേ മനുഷ്യര്‍ക്ക് കാണാനാവില്ല. അഥവാ കണ്ണില്‍പ്പെട്ടാലും പിടിക്കാന്‍ ചെല്ലുമ്പോള്‍ മുങ്ങിപ്പോകും. എന്നാല്‍ കാലവര്‍ഷക്കാലത്ത് കൊടുവേലി ഇലകള്‍ കിട്ടിയവരുമുണ്ടത്രെ. അതിനു പക്ഷേ തലേവര തെളിയണം. ഭാഗ്യവാന്മാരുടെ വീട്ടുപറമ്പുകളുടെ വക്കത്ത് കൊടുവേലി ഇലയും ഉപേക്ഷിച്ച് മീനച്ചിലാര്‍ ഒഴുകിപ്പോകും. അങ്ങനെ കൊടുവേലിയില കിട്ടിയവരാണ് നാട്ടിലെ കാശുകാരെന്നാണ് കഥകള്‍.

കൂടക്കല്ലിനു മുകളിലൊരു ചെറിയ കുളമുണ്ട്. അതിലാണ് നീലക്കൊടുവേലി വളരുന്നതെന്നാണ് ഐതിഹ്യം. പണ്ട് ചിലരൊക്കെ അതില്‍ ഇറങ്ങിനോക്കിയത്രെ. പക്ഷേ അവരൊന്നും ഇതുവരെ തിരികെ എത്തിയിട്ടില്ല. കാരണം മനുഷ്യന്‍ താഴേക്ക് ഇറങ്ങും തോറും കുളത്തിലെ വെള്ളവും താഴേക്കു താഴേക്കു പോകും. ഇറങ്ങുന്നവരെ അങ്ങനെ മുച്ചൂടും കുളം വിഴുങ്ങും. ദാമോദരന്‍ ഉണ്ണിമകന്‍ ദില്‍മനെന്ന എടക്കൊച്ചിക്കാരന്‍ ഡ്യൂഡിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കഷ്ടം തോന്നി.

ഇളകിയാടുന്ന കമ്പിവേലിയും ഭീമന്‍റെ ഉലക്കയും
വ്യൂ പോയിന്‍റു വരെ മാത്രമാണ് വലിയ അപകടമില്ലാതെ പ്രവേശിക്കാനാവുക. നരകപാലം കടന്ന് കൂടക്കല്ലിലും കൂനന്‍ കല്ലിലും എത്തുക എന്നത് ജീവന്‍ പണയം വച്ചുള്ള ഒരു കളിയാണ്. അത്രമേല്‍ ധൈര്യശാലികള്‍ക്കും ജീവനെയും ജീവിതത്തെയും പറ്റി ബോധമൊന്നുമില്ലാത്തവര്‍ക്കും മാത്രം കളിക്കാന്‍ പറ്റുന്ന മരണക്കളി. കാലൊന്നു വഴുതിയില്‍ ആയിരക്കണക്കിനടി താഴേക്കാവും പതിക്കുക. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകളുടെ ജീവന്‍ പൊലിഞ്ഞ ഇടമാണിത്. മിക്കവരും വിദ്യാര്‍ത്ഥികള്‍. സെല്‍ഫിയെടുക്കുന്നതിനിടയിലാണ് പലരും താഴേക്ക് പതിച്ചത്. മഴത്തുള്ളികള്‍ക്കും കോടമഞ്ഞിനുമൊപ്പം വീശിയടിക്കുന്ന കാറ്റില്‍ മരണത്തിന്‍റെ ഗന്ധമുണ്ടെന്നു തോന്നി. സുരക്ഷയ്ക്കായി ഡിറ്റിപിസി സ്ഥാപിച്ച മുള്ളുവേലിയുടെ തൂണില്‍പ്പിടിച്ച് നരകപ്പാലത്തിനപ്പുറത്തേക്ക് നോക്കി. ഞെട്ടിപ്പോയി. വേലിയുടെ സിമന്‍റ് തൂണുകള്‍ ഇളകിയാടുന്നു. കേവലം മുന്നറിയിപ്പു ബോര്‍ഡുകളില്‍ ഒതുങ്ങുന്നു ഡിറ്റിപിസിയുടെ സുരക്ഷ.

കുടക്കല്ലിന്‍റെയും കൂനന്‍കല്ലിന്‍റെയും പൊടിപോലുമില്ല കാണാന്‍. ചുറ്റും പരന്നൊഴുകുകയാണ് കോട. രാമാനന്ദ് സാഗറിന്‍റെ പഴയ ഭക്തിസീരിയലുകളിലെ ദേവലോകത്താണ് എത്തിനില്‍ക്കുന്നതെന്ന് തോന്നി. ഇപ്പോഴൊരു കാറ്റടിക്കും, കോട ഓടിയൊളിക്കും. അകലെ നിന്നാണെങ്കിലും ആ കാഴ്ച മുന്നില്‍ തെളിയും. പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നതിനിടയില്‍ മണ്ണില്‍ക്കിടക്കുന്ന ചുവന്ന നിറമുള്ള കല്ലുകൾ കണ്ണിലുടക്കി. കയറുന്ന വഴികളില്‍ പലയിടത്തും ഇത്തരം കല്ലുകള്‍ കണ്ടിരുന്നു. ഈ പ്രദേശത്തെ കല്ലുകളിൽ ചെമ്പിന്‍റെ അംശമുണ്ടെന്നും  നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ ഇരുമ്പും മറ്റും ഖനനം ചെയ്തിരുന്നുവെന്നുമൊക്കെയുള്ള പ്രാദേശിക ചരിത്രകാരന്മാരുടെ വാദങ്ങള്‍ എവിടെയോ വായിച്ചിരുന്നു.

മഹാഭാരതവും പാണ്ഡവരുടെ വനവാസകാലവും രാജ്യത്തെ പലയിടങ്ങളിലുമെന്ന പോലെ കഥകളായി ഈ മണ്ണിലുമുണ്ട്.  പാണ്ഡവര്‍ ഈ മലനിരകളില്‍ താമസിച്ച നാളുകള്‍. അങ്ങനൊരു ദിവസം വിശന്നുവലഞ്ഞ ഭീമന്‍ പാഞ്ചാലിയോട്‌ ഭക്ഷണം ചോദിച്ചു. എന്നാല്‍ ആഹാരം റെഡിയാവാന്‍ അല്‍പ്പം വൈകി. ക്ഷുഭിതനായ ഭീമന്‍ അടുക്കളയിലിരുന്ന വലിയ ഉലക്കയെടുത്ത് വലിച്ചെറിഞ്ഞു. കൂനന്‍ കല്ലിന്റെയും കുടക്കല്ലിന്റെയും ഇടയില്‍ കൂടിയാണ് ആ ഉലക്ക പാഞ്ഞത്. അങ്ങനെ ഉലക്ക ചെന്നു വീണ സ്ഥലത്ത് ഒരു തോടുണ്ടായി. അതാണ് 'ഒലക്കപ്പാറത്തോട്'. ഒലക്ക വീണുണ്ടായ വലിയ ദ്വാരം ഇന്നും അവിടുണ്ടത്രെ. കൊടുംമലയില്‍ അടുക്കളയോ എന്നും പാണ്ഡവര്‍ ഉലക്കയൊക്കെയെടുത്താണോ കാടുകയറിയത് എന്നൊന്നും സംശയിക്കരുത്. തോമസ് ചാക്കോയ്ക്ക് ആടിന്‍റെ ചങ്കിലെ ചോര കുടിക്കാമെങ്കില്‍ സാക്ഷാല്‍ ഭീമസേനന് അടുക്കളയിലും ആവാം.

പത്തി വിടര്‍ത്തിയ പാമ്പ്!
താഴെ നിന്നാരൊ വാശിക്ക് സിഗരറ്റ് വലിക്കുന്നുണ്ട്, അതാണിത്രയും പൊക. പടര്‍ന്നു കയറിക്കൊണ്ടിരിക്കുന്ന കോടയെ നോക്കി ശ്രീരാജ് പതം പറഞ്ഞു. കൂടക്കല്ലും കൂനന്‍ കല്ലും അതിനിടയിലെങ്ങോ ഒളിച്ചിരിപ്പാണ്. ദൈവമായിരിക്കും ഇത്രയും വലിയ പുകയൂത്തുകാരനെന്ന് ഞാന്‍. ഏയ് അല്ല, അങ്ങേരു നമുക്കും മേലെയിരുന്നാണ് ബീഡി വലിക്കുന്നതെന്ന് അവന്‍. അങ്ങനെ നോക്കിനിന്നപ്പോള്‍ ഒരു കാറ്റടിച്ചു. കാട്ടിലേക്കോടിയ കോട തിരികെ വരാന്‍ തക്കം പാര്‍ത്ത് പാത്തിരുന്നു.

കാണെക്കാണേ അങ്ങകലെ ചിലരൂപങ്ങള്‍ തെളിഞ്ഞു വന്നു. പാതി മുറിഞ്ഞു പോയൊരു കുന്ന്. അതിന്‍റെയറ്റത്തു നിവർത്തിവച്ച കുട പോലെയൊരു കല്ല്. പത്തി വിടർത്തി നില്‍ക്കുന്ന പാമ്പാണതെന്നു ആദ്യം തോന്നി. മുടിയും മാംസവുമൊക്കെ കൊഴിഞ്ഞു പോയ ഒരു തലയോടാണെന്നു പിന്നെ തോന്നി. പിൻകാലുകൾ മടക്കി വച്ച് കിടക്കുന്ന ഒരു സിംഹമാണെന്നും അല്ല, പകയൊളിപ്പിച്ച് ചിരിക്കുന്ന ഒരു പെണ്ണാണെന്നും തോന്നി.

അതാണ് കുടക്കല്ല്. അതിനു ചുവട്ടിലൊരു ഗുഹയുണ്ട്. പിന്നെ കാണുന്നത് മുച്ചിരി കല്ല്. അതിനുമപ്പുറം കൂനന്‍ കല്ല്. ഇടയില്‍ കാണുന്ന  വീതി കുറഞ്ഞ പാതയാണ് നരകപ്പാലം. ശ്രീരാജ് പറഞ്ഞുകൊണ്ടിരുന്നു. കാണെക്കാണേ വീണ്ടുമാരോ സിഗരറ്റ് വലിച്ചു. പാത്തിരുന്ന കോട ഓടിയെത്തി കാഴ്ചകളെ കവര്‍ന്നു. വീണ്ടും കാറ്റടിച്ചു. കോട പേടിച്ചോടി. കാറ്റു കനത്തു. മഴയും തുടങ്ങി. ഏതുനിമിഷവും താഴെ വീണുടഞ്ഞേക്കാവുന്ന മണ്‍കുടം പോലൊരു ശരീരം മുന്നില്‍ തെളിഞ്ഞു. താഴ്വാരങ്ങളില്‍ കാത്തിരിക്കുന്നവരെക്കുറിച്ചോര്‍ത്തപ്പോള്‍ അകം പിടഞ്ഞു. ജീവനോടുള്ള അഭിനിവേശം കോടയെ തുരത്തിയ മലങ്കാറ്റിനെക്കാളും കരുത്താര്‍ജ്ജിച്ചു. തിരികെ നടക്കുന്നതിനിടയില്‍ കോരിച്ചൊരിഞ്ഞ് മഴപ്പെയ്ത്ത് തുടങ്ങി.

താഴെ എത്തുമ്പോഴേക്കും തൊഴിലാളി സ്ത്രീകള്‍ മടങ്ങിയിരിക്കുന്നു. നിരാശ തോന്നി. കട്ടനും പരിപ്പുവടയും കഴിക്കുന്നതിനിടയില്‍ ഈന്തപ്പന പോലെയുള്ള ഈ ചെടി ചുറ്റീന്താണെന്നു പറഞ്ഞു തന്നത് ചായക്കടക്കാരന്‍ ജയന്‍. ഈന്തിന്‍റെയും കണയുടെയുമൊക്കെ കുടുംബക്കാരനാണ്. പഴങ്ങള്‍ക്ക് നല്ല മധുരമാണ്. ഉണക്കിപ്പൊടിച്ചാല്‍ പലഹാരങ്ങളൊക്കെയുണ്ടാക്കാം. ഇതിന്‍റെ തണ്ടുകീറി ചൂലുമുണ്ടാക്കാം. പണ്ട് ഈ കായ്കള്‍ അടര്‍ത്തിയെടുക്കാന്‍ മാത്രമായിരുന്നു നാട്ടുകാരില്‍ പലരും മലകയറി വന്നിരുന്നതെന്നും ജയന്‍.

മലയറിങ്ങുന്നതിനു മുമ്പാണ് അങ്ങകലെ അമ്പരപ്പിക്കുന്നൊരു കാഴ്ച കണ്ടത്. വീതിയുള്ളൊരു വെള്ളത്തോര്‍ത്തെടുത്ത് തോളില്‍ ചുറ്റി നില്‍ക്കുന്ന ഒരുമല. കൂറ്റനൊരു വെള്ളച്ചാട്ടമാണ്. മര്‍മ്മല വെള്ളച്ചാട്ടം. ഒറ്റപ്പെട്ട പ്രദേശമാണെന്നും ഇന്നിനി അങ്ങോട്ടു പോകേണ്ടെന്നും ജയന്‍ പറഞ്ഞു. പക്ഷേ പതുങ്ങി നില്‍ക്കുന്ന കോടയെപ്പോലെ കാഴ്ചയോടുള്ള ദുര ഉള്ളില്‍ പടര്‍ന്നു. ജീവനോടുള്ള അഭിനിവേശം പതിയെ മാഞ്ഞു.

ആറ്റിലേക്കച്ചുതാ..
അടുക്കം വഴി താഴേക്കിറങ്ങുന്നതിനിടയിലാണ് മോഹനനെ കാണുന്നത്. ഇടറുന്ന കാലുകളും കള്ളുമണക്കുന്ന ശരീരവുമായി കൂളായിട്ടയാള്‍ കുന്നുകയറി വന്നു. ഞങ്ങടെ ഇല്ലിക്കല്‍ കല്ലെങ്ങനാ പിള്ളേരേ കൊള്ളാമോ എന്നയാള്‍ ചോദിച്ചു. സൂപ്പറാ ചേട്ടാ എന്നു പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു. ഇനി മര്‍മ്മല വെള്ളച്ചാട്ടം കൂടി കാണണമെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് അമ്പരപ്പ്. ഈ മുടിഞ്ഞ മഴയത്ത് അങ്ങോട്ടു പോകണ്ടാ, വാഗമണ്ണിലങ്ങാനും ഉരുളുപൊട്ടിയാല്‍ മര്‍മ്മല അരുവിയില്‍ വെള്ളം പൊങ്ങും. മോഹനന്‍ പറഞ്ഞു. വേണമെങ്കില്‍ താഴത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചിട്ടു പോ, എന്നിട്ട് വേറൊരു ദിവസം വാ പിള്ളേരേ എന്നും കൂടി പറഞ്ഞ് അയാള്‍കുന്നു കയറിപ്പോയി.

വഴി നീളെ വഴി ചോദിച്ചവര്‍ക്കെല്ലാം മോഹനന്‍റെ അതേ ശബ്ദം. ഒറ്റപ്പെട്ട പ്രദേശമാണതെന്നും ഈ സന്ധ്യയ്ക്ക് ഒരു പട്ടിക്കുഞ്ഞുപോലും അവിടെ കാണില്ലെന്നും വഴിയറിയാതെ നിങ്ങള്‍ പെട്ടു പോകുമെന്നുമൊക്കെ പലരും ഓര്‍മ്മിപ്പിച്ചു. പക്ഷേ തിക്കോയിയും പിന്നിട്ട് ഞങ്ങളും ബൈക്കും രണ്ടുംകല്‍പ്പിച്ചങ്ങനെ ഓടിക്കൊണ്ടിരുന്നു. അടുത്തിടെ ടാറിട്ട വീതി കുറഞ്ഞ റോഡ്. മുന്നോട്ടു പോകും തോറും മഴ കനത്തു. വഴി കൂടുതല്‍ വിജനമായി. ചുറ്റും കൈതച്ചക്ക തോട്ടങ്ങളും റബര്‍ എസ്റ്റേറ്റുകളും. റോഡിലേക്ക് ഇടിഞ്ഞുവീണ കല്ലും മണ്ണും മരക്കൊമ്പുകളും. വണ്ടി കുറേനേരമായി റിസര്‍വ്വിലാണെന്ന് അപ്പോഴാണ് ശ്രീരാജ് ഓര്‍മ്മിക്കുന്നത്. അതുവരെയില്ലാത്ത ഒരു പേടി ഒരുനിമിഷത്തേക്കു തോന്നി. മര്‍മ്മല അരുവി എന്ന ദിശാസൂചി ബോര്‍ഡുകളല്ലാതെ എത്ര ഓടിയിട്ടും മറ്റൊന്നും കണ്ടില്ല. പൊടുന്നനെ ഒരു സ്കോര്‍പ്പിയോ എതിരെ വന്നു. ഏറെ നേരത്തിനടയില്‍ കണ്ട ഏക വാഹനം. വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവരുടെ അവസാന സംഘമാവണം. ഒരു കൊടുംവളവുകൂടി തിരിഞ്ഞിറങ്ങിയപ്പോള്‍ റോഡ് തീര്‍ന്നു. വെള്ളച്ചാട്ടത്തിന്‍റെ ബോര്‍ഡ് കണ്ടു. ചുവട്ടില്‍ മഞ്ഞനിറത്തിലുള്ള ഒരു ആപ്പേ പിക്കപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു. ഐസ്‍ക്രീം വണ്ടിയാണ്. മനുഷ്യസാനിധ്യമുണ്ടെന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.

ഒരു വലിയ മലഞ്ചിരിവിലാണ് നില്‍പ്പ്. അകലെ നിന്നും വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കാതിലടിച്ചു. സാധനങ്ങളെല്ലാം വാരിക്കെട്ടി പോകാനൊരുങ്ങുകയാണ് ഐസ്‍ക്രീം കച്ചവടക്കാരനായ ഷാജി. ഈ നേരത്തെന്താണെന്ന മട്ടില്‍ അയാള്‍ ഞങ്ങളെ നോക്കി. കോണ്‍ ഐസ്‍ക്രീം കഴിക്കുന്നതിനിടയില്‍ താനൊരു കര്‍ഷകനായിരുന്നുവെന്ന് പറഞ്ഞ് അയാള്‍ അഭിമാനിച്ചു. കൃഷിപ്പണിക്കിടെ മരം വീണു കാലുതകര്‍ന്ന് പുതിയ തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നതോര്‍ത്ത് വേദനിച്ചു.

പണ്ട് ഈ മലമുകളിലൊക്കെ ആള്‍ താമസമുണ്ടായിരുന്നു. ഇന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഏതാനും വ്യക്തികളുടെ കൈകളിലാണ്. വെള്ളച്ചാട്ടത്തിന്‍റെ ഒച്ച കേള്‍ക്കുന്ന ഭാഗത്തേക്കു ചൂണ്ടി പണ്ട് അവിടെ താമസിച്ചിരുന്ന പത്തുമക്കളുള്ള ഒരു കര്‍ഷക കുടുംബത്തെപ്പറ്റി ഷാജി പറഞ്ഞപ്പോള്‍ അമ്പരന്നു പോയി. അവരൊന്നും ഇന്നിവിടില്ല. പഠിച്ച് ജോലി വാങ്ങി അമേരിക്കയിലൊക്കെയാണ്. അപ്പനും അമ്മയുമൊക്കെ നഗരത്തിലേക്ക് ചേക്കേറി. ആ വീടും പറമ്പുമൊക്കെ ഇപ്പോഴും അവിടെയുണ്ട്. മലയറിങ്ങി പുഴ കടന്ന് കിലോമീറ്ററുകളോളം കാട്ടുവഴികളിലൂടെ നടന്ന് ഈരാറ്റുപേട്ടയിലും പാലായിലുമൊക്കെ പോയി വിദ്യ അഭ്യസിച്ചവരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അഭിമാനം തോന്നി. പൈങ്കിളി സാഹിത്യം ജീവിതത്തിന്‍റെ യതാര്‍ത്ഥ പ്രശ്നങ്ങളെ നിരാകരിക്കുന്നുവെന്ന് പരിഹസിച്ച കൃഷ്ണവാര്യരൊന്നും ഈ പ്രദേശങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടിട്ടുണ്ടാവില്ലെന്നോര്‍ത്ത് സമാധാനിച്ചു.

പുഴയിലേക്ക് ഇറങ്ങരുതെന്ന് ഓര്‍മ്മിപ്പിച്ച് ഒടുവില്‍ ഷാജിയും വിട്ടുപോയി. വെള്ളച്ചാട്ടത്തിന്‍റെ ഒച്ച പിന്നെയും കാതിലടിച്ചു പ്രലോഭിപ്പിച്ചു. പഞ്ചായത്തിന്‍റെ മുന്നറിയിപ്പ് ബോര്‍ഡും കടന്ന്, പുഴതേടി കാലുലച്ച് പാഞ്ഞുപോകുന്ന മഴവെള്ളത്തെപ്പോലെ പുഴ തേടി ഞങ്ങളും താഴേക്കു നടന്നു. കുറ്റിക്കാടുകള്‍ക്കപ്പുറം മഞ്ഞനിറത്തില്‍ കുത്തിയൊഴുകുന്ന പുഴ കണ്ടു. എന്നിട്ടും വെള്ളച്ചാട്ടം മാത്രം കണ്ടില്ല. ഒച്ചമാത്രം കേട്ടു. കുറച്ചുകൂടി മകളിലാണത്. എന്തുവേണമെന്നറിയാതെ പരസ്പരം മുഖം നോക്കി ഞങ്ങളങ്ങനെ നിന്നു. പതിയെ വെള്ളത്തിലേക്ക് കാല്‍വച്ചു.

"എറങ്ങരുത്.."

ശബ്ദം കേട്ട് ഞെട്ടി. ആരുമില്ലെന്നു കരുതിയ വിജനഭൂമിയില്‍ ഒരു മനുഷ്യ ശബ്ദം. നോക്കുമ്പോള്‍ പുഴയ്ക്കക്കരെയുള്ള പാറക്കൂട്ടത്തിനു മുകളില്‍ ഒരാള്‍. നേരത്തെ ആളൊഴിഞ്ഞ കടത്തിണ്ണയില്‍ വച്ച് വിരലനക്കി വഴി ചൂണ്ടിക്കാട്ടിയ അതേ മനുഷ്യന്‍. കാട്ടുപുഴപോലെ കുലംകുത്തിമറിഞ്ഞിരുന്ന ഭൂതകാലജീവിതത്തിന്‍റെ ഉടമ. വടുക്കള്‍ നിറഞ്ഞ മുഖം ഓര്‍ത്തെടുക്കുന്നതിനിടെയില്‍ അയാള്‍ വലതുകൈ ഉയര്‍ത്തുന്നതു കണ്ടു. വിരലുകള്‍ അനങ്ങുന്നതു കണ്ടു. തിരികെപ്പോകാനുള്ള ആജ്ഞയാണ്.

നോക്കി നില്‍ക്കുമ്പോള്‍ പുഴയില്‍ വെള്ളത്തിനു കനം വയ്ക്കുന്നു. വാഗമണ്ണില്‍ ഉരുളുപൊട്ടിക്കാണുമോ? അതോ വെറും മഴവെള്ളം മാത്രമായിരിക്കുമോ? വെള്ളച്ചാട്ടത്തിന്‍റെ ശബ്ദത്തിനൊപ്പം ആര്‍ത്തലയ്ക്കുന്ന മഴക്കിടയിലൂടെ  മറ്റെന്തൊക്കെയോ ശബ്ദങ്ങളും കേട്ടു തുടങ്ങി. കുതിച്ചെത്തുന്ന വെള്ളമാണോ? അതോ ഒരു മരം കടപുഴകി വീണതോ? പാറകള്‍ ഉരുണ്ടുവരുന്നതോ?

ആ മനുഷ്യന്‍ തൊട്ടുമുന്നിലുള്ള മറ്റൊരു ചെറിയ പാറയിലേക്ക് ചാടുന്നതു കണ്ടു. വിരലുകളില്‍ തിരികെപ്പോകാനുള്ള ആജ്ഞ കടുക്കുന്നതും. പുഴതേടി കുതിച്ചെത്തുന്ന മലവെള്ളപ്പാച്ചിലുകള്‍ക്കിടയിലൂടെ ഞങ്ങളും പാഞ്ഞു, ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മയുടെ തിരുമുറ്റത്തിനു മുന്നില്‍ സൂപ്പര്‍ സ്പെ്ളെണ്ടറിന്‍റെ എണ്ണടാങ്ക് കാലിയാകുന്നതു വരെ.

ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios