Asianet News MalayalamAsianet News Malayalam

വടക്കാഞ്ചേരി അപകടം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ വ്യാപക പരിശോധന, എകസ്ട്രാ ഫിറ്റിംഗിന് കനത്ത പിഴ

പാലിയേക്കര ടോൾ ബൂത്തിൽ ഐഎസ്.എൽ മത്സരത്തിനായി പോകുന്ന ആരാധകരുടെ ബസുകളും, വിനോദ യാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകളിലും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Motor Vehicle department Checking Tourist buses
Author
First Published Oct 7, 2022, 12:27 PM IST

കൊച്ചി: വടക്കാഞ്ചേരിയിലെ ബസ് അപകടത്തിൻ്റെ പശ്ചാലത്തലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ പരിശോധന. മോട്ടോര്‍ വാഹനവകുപ്പിൻ്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടക്കുന്നത്. 

തൃശ്ശൂര്‍ പാലിയേക്കരയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസുകൾ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഐഎസ്.എൽ മത്സരത്തിനായി പോകുന്ന ആരാധകരുടെ ബസുകളും, വിനോദ യാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ  നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. 

പത്തനംതിട്ട  റാന്നിയിൽ നിന്ന് കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസിൽ നിയമ വിരുദ്ധമായ ലൈറ്റുകളും, മ്യൂസിക് സംവിധാനവും കണ്ടെത്തി. പത്തനംതിട്ട RTO സ്ക്വാഡാണ് പരിശോധന നടത്തിയത്. നാളെ ആർടിഒ ഓഫീസിൽ വാഹനം ഹാജരാക്കാൻ നിർദേശം നൽകിയ ശേഷം ടൂർ തുടരാൻ അനുവദിച്ചു. 

കൊച്ചിയിലും ടൂറിസ്റ്റ് ബസുകളിൽ ‍ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴ ഈടാക്കി. ബസുകളിൽ എയര്‍ ഹോണുകളും നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നുള്ള മൂന്ന് ബസുകളും ആലുവയിലെ ഒരു ബസിലും ആണ് ചട്ടവിരുദ്ധമായി എക്സ്ട്രാ ഫിറ്റിംഗുകൾ കണ്ടെത്തിയത്. ബസുകൾക്കെല്ലം ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. 

അതിനിടെ തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് അപകടമുണ്ടാക്കി. എതിര്‍ദിശയിൽ വന്ന ടൂറിസ്റ്റ് ബസിൽ ബൈക്ക് യാത്രക്കാരൻ ഇടിച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂര്‍ കുരിയച്ചിറ സെൻ്റ് ജോസഫ്സ് സ്കൂളിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി എത്തിയ ടൂറിസ്റ്റ് ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ബൈക്ക് യാത്രികിൻ്റെ കാലൊടിഞ്ഞു. 

ഇതേസമയം വടക്കാഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിൻ്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് പാലക്കാട് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാര്‍ അറിയിച്ചു. ഉച്ചയോടെ സ്ഥലം സന്ദർശിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി. ബസ് ഉടമയ്ക്ക് എതിരെയുള്ള നടപടി വിശദാന്വേഷണത്തിന് ശേഷം മാത്രമായിരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. അപകട സ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നതും അപകടത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 

Follow Us:
Download App:
  • android
  • ios