ഇന്ത്യയില്‍ കാറുകളില്‍ പിന്നിലിരുന്ന യാത്രചെയ്യുന്ന 90 ശതമാനം പേരും  പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് ഉപയോഗവും നിരത്തുകളില്‍ കുട്ടികളുടെ സുരക്ഷയും എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. 

ദില്ലി: ഓരോ ദിവസവും റോഡില്‍ പൊലിയുന്ന മനുഷ്യജീവനുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. റോഡപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോദിവസവും നമ്മളെ തേടിയെത്തുന്നത്. ഇതില്‍ പലതും നമ്മുടെ തന്നെ അശ്രദ്ധ കൊണ്ടോ അറിവില്ലായ്‍മ കൊണ്ടോ സംഭവിക്കുന്നതുമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 9,408 കുട്ടികളുടെ ജീവനാണ്‌ റോഡപകടങ്ങളില്‍ പൊലിഞ്ഞതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുകയാണ് ഒരു പഠന റിപ്പോര്‍ട്ട്. 

ഇന്ത്യയില്‍ കാറുകളില്‍ പിന്നിലിരുന്ന യാത്രചെയ്യുന്ന 90 ശതമാനം പേരും പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് ഉപയോഗവും നിരത്തുകളില്‍ കുട്ടികളുടെ സുരക്ഷയും എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. ബെംഗളൂരു, ദില്ലി, മുംബൈ, ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലെ 6,306 പേരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇവിടങ്ങളിലെ 98 ശതമാനം ആളുകളും പിന്‍ഭാഗത്തെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. 

പഠനത്തില്‍ യാത്രികരുടെ അശ്രദ്ധയും അനാസ്ഥയും വെളിവാക്കുന്ന നിരവധി കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കമ്പനികള്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നല്‍കുന്നുണ്ടെന്ന് ഇതില്‍ 70 ശതമാനം പേര്‍ക്കും അറിയാവുന്ന കാര്യമാണെന്നതാണ് കൗതുകം. അതേസമയം ഇന്ത്യയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന അവബോധം ഇതില്‍ 27.7 ശതമാനം പേര്‍ക്ക് മാത്രമേയുള്ളു. 

92.8 പേര്‍ക്കും ചൈല്‍ഡ് ഹെല്‍മറ്റ് കുട്ടികള്‍ക്ക് നല്‍കുന്ന സുരക്ഷയെക്കുറിച്ച് അവബോധമുണ്ട്. എന്നാല്‍ ഇതില്‍ 20.1 ശതമാനം പേര്‍ മാത്രമാണ് ചൈല്‍ഡ് ഹെല്‍മറ്റ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്. റോഡില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ രാജ്യത്ത് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ 91.4 ശതമാനം പേര്‍ ആവശ്യപ്പെട്ടു.