Asianet News MalayalamAsianet News Malayalam

പലായനം ചെയ്യുന്ന കടന്നലുകള്‍, ഒളിഞ്ഞു നോട്ടക്കാരുടെ വിളനിലങ്ങള്‍, 'പാതിരാലീല' പറയുന്ന കഥകള്‍

പുസ്തകപ്പുഴയില്‍ ഇന്ന് കെ എന്‍ പ്രശാന്ത് എഴുതിയ പാതിരാലീല എന്ന കഥാസമാഹാരത്തിന്റെ വായന. രശ്മി പി എഴുതുന്നു 

Reading pathiraleela a short story collection by KN Prashanth
Author
First Published Aug 9, 2023, 7:18 PM IST

മലയാളി ആണുങ്ങളുടെ ലൈംഗികതയെ കുറിച്ചുള്ള ഭയവും തന്മൂലം ഉണ്ടാകുന്ന പാപബോധവുമാണ് മള്‍ബറിക്കാട് എന്ന കഥയില്‍. തമ്മില്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍ സാമ്യമുള്ള ഇരട്ടകളില്‍ ഒരാളോടുള്ള പ്രണയം സുരക്ഷിതമായി ആരില്‍ അവതരിപ്പിക്കും എന്ന ആശങ്കകളില്‍ ഉഴറി നടക്കുന്ന അമല്‍. അരുണയാണോ അനുപമയാണോ തന്റെ സ്വപ്നങ്ങളില്‍ വരുന്നതെന്ന് അയാള്‍ക്ക് തന്നെ സംശയമാണ്. 

 

Also Read: ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

Reading pathiraleela a short story collection by KN Prashanth

 

ജന്‍മനാടിനെയും അതിജീവന ഇടത്തേയും കഥകളിലേക്ക് സ്വാംശീകരിക്കുന്ന എഴുത്തുകാരനാണ് കെ.എന്‍ പ്രശാന്ത്. 'ആരാന്‍' 'പൊനം' എന്നിവ നല്‍കിയ കഥാഭൂമിക അതിന് തെളിവാണ്. പ്രാദേശിക ഭാഷയുടെ സൗന്ദര്യം കൊണ്ടും നാട്ടുപഴമ തുളുമ്പുന്ന അനുഭവങ്ങള്‍ കൊണ്ടും പ്രശാന്ത് കഥകള്‍ക്ക് അടിത്തറ ഉറപ്പിക്കുമ്പോള്‍ വ്യത്യസ്തമായ വായനാനുഭവം ഉടലെടുക്കുന്നു. കാടും, വന്യതയും, കപട സദാചാര ലോകവും മിത്തുകളും കഥകളില്‍ കടന്നുവരുന്നു. കെ.എന്‍ പ്രശാന്തിന്റെ പുതിയ കഥാസമാഹാരമായ 'പാതിരാ ലീല'യും ഈ നിരീക്ഷണങ്ങളെ പിന്തുടരുന്നതാണ്. 

വ്യത്യസ്തമായ ഏഴു കഥകള്‍. കഥാപാത്രങ്ങളോടൊപ്പം പ്രകൃതിയും പക്ഷിമൃഗാദികളും. ആദ്യ കഥയായ പൂതപ്പാനിയിലേക്ക് നോക്കിയാല്‍ പ്രകൃതിസ്‌നേഹിയും കവിയുമായ രാഘവന്‍ മാഷിന്റെ വീടും ചുറ്റുമുള്ള മരങ്ങളും കൂടുകൂട്ടിയ കടന്നലുകളും കാണാം. കടന്നല്‍ കുത്തേല്‍ക്കുന്ന പരിസരവാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോള്‍ കടന്നല്‍ കൂടുകള്‍ ജനകീയ വിഷയമായി മാറുന്നു. നാട്ടുകാര്‍ കടന്നലുകള്‍ക്കെതിരെ നില്‍ക്കാന്‍ ധൈര്യം കാണിക്കാതിരുന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ രണ്ട് അതിഥി തൊഴിലാളികള്‍ തയ്യാറാകുന്നു. ഒരുപക്ഷേ നാട്ടുകാര്‍ ആ ദുര്‍ബലരെ ഇരകളാക്കിയതായിരിക്കാം. അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനോ സംഘടന രൂപവല്‍ക്കരിക്കാനോ സ്വാധീനമില്ലാത്ത ആ യാഥാസ്ഥിതികര്‍ അവിടെ കടന്നല്‍  കൂടിന് തീയിടുന്നു. 

അധിവസിക്കുന്ന  ഇടത്തുനിന്ന് അധികാരം കൊണ്ട് ഒഴിവാക്കപ്പെടുന്ന കടന്നലുകള്‍ ഒരു സമൂഹത്തിന്റെ സൂചനയായി വേണമെങ്കില്‍ വായിച്ചെടുക്കാം. പലായനം നടത്തുന്ന മറ്റൊരു ജൈവ സമൂഹം. ലോകത്തിലെ എല്ലാ മരങ്ങളും അധിവസിക്കുവാന്‍ യോഗ്യമെന്നു കരുതുന്ന ആ ജീവികള്‍ അങ്ങനെയൊരു കുടിയിറക്കത്തെ പറ്റി കരുതിയിട്ടുണ്ടാവില്ല. 

പൂതപ്പാനിയിലെ രാഘവന്‍ മാഷ് പ്രകൃതിസ്‌നേഹിയാണ്. വീട്ടുപറമ്പ് മുഴുവന്‍ കാടാണെന്നും ഇരുട്ടു നിറഞ്ഞ ലോകത്ത് താമസിക്കാന്‍ പുതിയ തലമുറയിലെ കുട്ടികളെ കിട്ടില്ലെന്നും ഭാര്യ പരിഭവിക്കുമ്പോള്‍/ പരിഹസിക്കുമ്പോള്‍ ആ മനുഷ്യന്‍ വേദനിക്കുന്നുണ്ട്. പ്രകൃതിയെയും മാതൃഭാഷയും മറക്കുന്ന പുതിയ തലമുറയിലെ പ്രതിനിധി 'പപ്പ മമ്മീനെ ബി കുത്തി' എന്ന് പറയുന്നതും ഒരു സൂചനയാണ്. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പമാണിവിടെ അന്യം നിന്നു പോകാനിടയുള്ള മാതൃഭാഷയും.  കഥയിലെ വിജയന്‍ പോലീസ് അധികാരത്തിന്റെ ഹുങ്കില്‍ മറ്റു മനുഷ്യരെ തെറിവിളിക്കാനും, സ്വന്തം പറമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന നിസ്സാരമൊരു മരക്കൊമ്പ് പോലും വെട്ടി മാറ്റിപ്പിക്കാനും ശബ്ദം ഉയര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തിന്റെയും പ്രതീകമാണ്. 

പാതിരാ ലീല എന്ന കഥ ലൈംഗിക അരാജകത്വത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ ഉള്ളില്‍ പേറുന്ന ഒരു സമൂഹത്തെ അനാവരണം ചെയ്യുന്നു. ലീല- സരിഗ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ. അവര്‍ ഭിന്നലിംഗക്കാരെ അംഗീകരിക്കാന്‍ മടിയുള്ളവരും അവരുടെ പെരുമാറ്റങ്ങളില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരുമാണ്. സരിഗയെ മോശമായി ചിത്രീകരിക്കാന്‍ മത്സരിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ അവളുടെ രാത്രി സഞ്ചാരങ്ങളില്‍ പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട് . രാത്രിയില്‍ ജോലി കഴിഞ്ഞ് സ്ഥാപന ഉടമയോടൊപ്പം സരിഗ വണ്ടിയിറങ്ങുന്നത് സംസ്‌കാരത്തെ  ബാധിക്കുമെന്ന ചിന്താഗതിയുള്ള കപട പുരോഗമനവാദികള്‍.  കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടാപ്പി എന്ന ആദിദേവ് ലീലാധരന്റെ വീട്ടില്‍ കയറി ആക്രോശിക്കുന്ന രംഗം ഭീകരമാണ്. പ്രതീക്ഷിച്ചതൊന്നും കണ്ടെത്താനാവാത്ത ദേഷ്യവും നിരാശയും അവന്റെ വാക്കുകളില്‍ വ്യക്തമാണ്. നാടും നഗരവും പുരോഗമിക്കുമ്പോഴും മലയാളി പുരുഷ വര്‍ഗ്ഗത്തിന്റെ  ചിന്തകളില്‍ യാതൊരു പുരോഗമനവും നടക്കുന്നില്ല എന്ന് പറയുന്നു, ഈ കഥ. 

കോഴിപ്പോരും പ്രണയ നിര്‍വൃതിയും ഇതിവൃത്തമാക്കിയ  കഥയാണ് 'പെരടി'. കാടും വന്യതയും ഉള്‍നാടന്‍ മനുഷ്യരുടെ ദൈനംദിന ജീവിതങ്ങളും പെരടിയില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. പെരടി എന്ന പോരുകോഴിയെ ചുറ്റിപ്പറ്റി മുന്നേറുന്ന കഥ മനുഷ്യഹൃദയങ്ങളിലെ നിയന്ത്രണവിധേയമാകാത്ത വന്യതയെ ഓര്‍മ്മിപ്പിക്കുന്നു.  കാമേഷ്  എന്ന നായക കഥാപാത്രം കാടിന്റെ വന്യതയില്‍ ആകൃഷ്ടനായി കാടിനെ ലക്ഷ്യമാക്കി നടക്കുന്ന കാഴ്ച കാണാം. കാടും അതിന്റെ ഉള്ളറകളും മനുഷ്യനെ കീഴ്‌പ്പെടുത്തുന്നതായി പെരടി സൂചിപ്പിക്കുന്നു.

മലയാളി ആണുങ്ങളുടെ ലൈംഗികതയെ കുറിച്ചുള്ള ഭയവും തന്മൂലം ഉണ്ടാകുന്ന പാപബോധവുമാണ് മള്‍ബറിക്കാട് എന്ന കഥയില്‍. തമ്മില്‍ തിരിച്ചറിയാനാവാത്ത വിധത്തില്‍ സാമ്യമുള്ള ഇരട്ടകളില്‍ ഒരാളോടുള്ള പ്രണയം സുരക്ഷിതമായി ആരില്‍ അവതരിപ്പിക്കും എന്ന ആശങ്കകളില്‍ ഉഴറി നടക്കുന്ന അമല്‍. അരുണയാണോ അനുപമയാണോ തന്റെ സ്വപ്നങ്ങളില്‍ വരുന്നതെന്ന് അയാള്‍ക്ക് തന്നെ സംശയമാണ്. അവിചാരിതമായി തൊട്ടുപോയതും താന്‍ സ്‌നേഹിക്കുന്നവളും ഒരാള്‍ തന്നെയാണോ എന്ന സംശയത്തില്‍ നീറി ജീവിക്കുന്ന അയാള്‍ ഇരട്ടകളില്‍ ഒരാളുടെ മരണത്തിന് കാരണക്കാരന്‍ താനാണെന്ന പാപബോധത്തില്‍ ആസ്വസ്ഥനാകുന്നു. ഭ്രമത്തിന്റെയും, വിഭ്രമത്തിന്റെയും ഇടയില്‍ അകപ്പെടുന്ന മനുഷ്യമനസ്സിനെ അനാവരണം ചെയ്യുകയാണ് ഈ കഥ.

കുരിപ്പ്മാട്,ഗുഹ, ചട്ടിക്കളി തുടങ്ങിയ കഥകള്‍ ചേര്‍ത്ത് വായിക്കേണ്ടവയാണ്. ഭൂത-വര്‍ത്തമാന സംഭവ വികാസങ്ങള്‍ ഇഴ പിരിഞ്ഞ രീതിയിലാണ് കുരിപ്പുമാടിന്റെ ആഖ്യാനം. വസൂരി വന്നു മരിച്ചവരെയും മരണാസന്നരെയും കൊണ്ടു തള്ളുന്ന കുരിപ്പുമാടില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിലവിളികള്‍ ഭീതി ജനിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ താഴ്ന്ന ശ്രേണിയിലുള്ള വിഭാഗങ്ങളോട് മറ്റു മനുഷ്യര്‍ വാക്കിലും നോക്കിലും കാണിക്കുന്ന അധികാര പ്രയോഗങ്ങളും കഥയില്‍ കാണാം. പകയും വിദ്വേഷവും ഇഴ കലര്‍ന്ന ആഖ്യാനം കൊണ്ടാണ് കുരിപ്പുമാട് വ്യത്യസ്തമാകുന്നത്. ജാതിവേര്‍തിരിവുകള്‍ വലിഞ്ഞു മുറുക്കുന്ന അവസ്ഥയെ കഥ അനാവരണം ചെയ്യുന്നു. 

കുരിപ്പുമാടിന്റെ തുടര്‍ച്ചയായി വായിക്കാവുന്ന കഥയാണ് 'ഗുഹ' നിരന്തര ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന ഒരു സമൂഹമാണ് കഥയിലുള്ളത്. ആള്‍ദൈവങ്ങളെയും, അവരെ കണ്ണടച്ച് വിശ്വസിക്കുന്ന ഒരു പറ്റം മനുഷ്യരെയും നിശിതമായി വിമര്‍ശിക്കുന്നതാണ് ഗുഹയുടെ ആഖ്യാനം. പകയും പ്രതികാരവും ഏതു കാലഘട്ടത്തിലും മനുഷ്യനെ പിന്തുടരുന്നത് ഈ മൂന്നു കഥകളിലും കാണാവുന്നതാണ്. ചട്ടിക്കളി എന്ന കഥയില്‍ ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും ഉയര്‍ത്തെഴുന്നേറ്റ കീരി ഗിരിഷും ജന്മിപുത്രനായ ശ്രീനാഥും പ്രദാനം ചെയ്യുന്ന അനുഭവവും മറ്റൊന്നല്ല. പണം, അധികാരം എന്നിവ എത്ര കണ്ട് മനുഷ്യനെ അളക്കുന്നതിന് നിദാനമാകുന്നു എന്നത് കഥ ചര്‍ച്ച ചെയ്യുന്നു. ജാതീയ വേര്‍തിരിവിന്റെ മുറിവുകളെ ആന്തരികമായും ബാഹ്യമായും അതിജീവിച്ച് ശക്തി പ്രാപിക്കുന്ന ഒരു തലമുറയേയും ഈ കഥകള്‍ കാണിക്കുന്നു. 

നാട്ടുഭാഷാ വഴക്കവും അതിന്റെ കരുത്തും നാട്ടുമിത്തുകളുടെ തഴപ്പുമാണ് കെ എന്‍ പ്രശാന്തിന്റെ കഥകളുടെ മുഖ്യ സവിശേഷത. മിത്തുകളെ, സാമൂഹിക അനാചാരങ്ങളെ, മനുഷ്യ ചിന്തകളെ എഴുത്തുകാരന്‍ കഥയുടലില്‍ ചേര്‍ത്തുവെക്കുന്നു. കപട സദാചാരവും ലൈംഗികത എന്ന പാപചിന്തയും പേറി  അക്രമാസക്തരാവുന്ന യുവതയേയും 'പാതിരാലീല' എന്ന കഥാസമാഹാരത്തില്‍ കാണാം. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കാനാണ് എഴുത്തുകാരന്‍ എപ്പോഴും ശ്രമിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios