തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിൽ തുല്യനീതി വേണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ പല കുട്ടികൾക്കും ഇന്‍റർനെറ്റ് സൗകര്യങ്ങളില്ല. ടിവിയില്ല. പഠന ക്ലാസ്സുകൾ ഒരിക്കൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കാണാനാകില്ല. അട്ടപ്പാടിയിലെ ചിണ്ടക്കി ഊരിൽ നിന്ന് മുതൽ ഇടുക്കിയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലകളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസ് നിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നു. 'ഈ-ക്ലാസ്സിൽ ഹാജരുണ്ടോ?', 'പാഠം പഠിച്ചോ?' എന്നീ പരമ്പരകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലെ തുല്യനീതിയില്ലായ്മയിലേക്ക് ആഴത്തിൽ വെളിച്ചം വീശുന്നതായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉന്നയിച്ച പല വാർത്തകളും നിയമസഭയിൽ ചർച്ചയായി. പ്രശ്നപരിഹാരം ഉറപ്പുനൽകി വിദ്യാഭ്യാസമന്ത്രി. 

വിമർശനങ്ങൾ ഉൾക്കൊണ്ട സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും വിഷയത്തിൽ സക്രിയമായി ഇടപെടാൻ തീരുമാനിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതിയെ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഐടി സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പ്രശ്നപരിഹാരത്തിന് സമഗ്രമായ കർമപദ്ധതി തയ്യാറാക്കുക. എവിടെയെല്ലാമാണ് കുട്ടികൾ വേണ്ടത്ര ഇന്‍റർനെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, എങ്ങനെ ഇന്‍റർനെറ്റ് സൗകര്യമില്ലായ്മയും, റേഞ്ച് ഇല്ലാത്ത പ്രശ്നവും പരിഹരിക്കാമെന്നതും സമിതി വിശദമായി പരിശോധിക്കും. പ്രശ്നപരിഹാരത്തിന് കർമപദ്ധതി തയ്യാറാക്കും. 

മുഖ്യമന്ത്രി ഇന്ന് വിളിച്ച യോഗത്തിൽ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്‍റർനെറ്റ് സർവീസ് ദാതാക്കളാണ് പങ്കെടുത്തത്. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട ഇന്‍റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് വിശദമായ ചർച്ച നടന്നു. 

എല്ലാവർക്കും ഇന്‍റർനെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓൺലൈൻ പഠനത്തിലേക്ക് പൂർണ്ണമായും കടക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേക നിധി രൂപീകരിക്കാനും മുഖ്യമന്ത്രി നേരത്തേ വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ആദിവാസി മേഖലകളിൽ വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററുകൾ, സോളാർ സംവിധാനം എന്നിവ എത്തിച്ച് വൈദ്യുതി ലഭ്യമാക്കണം.   ഊര് അടിസ്ഥാനത്തിൽ പഠന സൗകര്യമൊരുക്കണം. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങി നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തി ലഭ്യമാക്കാൻ പ്രത്യേകനിധി രൂപീകരിക്കും. 

ചുരുക്കത്തിൽ ഡിജിറ്റൽ അന്തരം പരിഹരിക്കാൻ വിപുലമായ യജ്ഞത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.  ഇന്‍റർനെറ്റ് വേഗം ഇപ്പോഴും ഭൂരിഭാഗത്തിനും വെല്ലുവിളിയാണ്. അത് പരിഹരിക്കപ്പെടുമോ? സക്രിയമായ ഇടപെടലാണ് സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.