ദില്ലി: ആത്മവിശ്വാസത്തിന്റെയും ആത്മപരിശോധനയുടെയും ​ഗുണങ്ങൾ വളർത്തിയെടുക്കാൻ യുവാക്കളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി. ഇതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു."രാജ്യത്തെ യുവാക്കൾ സ്വയം തിരിച്ചറിയുകയെന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം." ലക്നൗ സർവകലാശാലയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെർച്വൽ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. 

സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആത്മവിശ്വാസം ഉണ്ടാകും. ബന്ധനത്തിലുള്ള മനസ്സിന് ഒരിക്കലും സജീവമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും മോ​ദി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം എല്ലാ അർത്ഥത്തിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്", ഒരു സ്വാശ്രയ ഇന്ത്യ എന്നിവയുടെ അടിത്തറയായിരിക്കും പുതിയ വിദ്യാഭ്യാസ നയമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.