Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ ഇത്തവണ വിഷമകരമാകില്ല: ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാൻ അവസരം

ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരമാണ് ഈ വർഷത്തെ പരീക്ഷയുടെ പ്രത്യേകത. 
 

Opportunity to select and write questions in sslc
Author
Trivandrum, First Published Dec 30, 2020, 4:10 PM IST

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്‌ടു പൊതുപരീക്ഷകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഭയപ്പാട് വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌. ഓരോ പരീക്ഷയ്ക്കും ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാൻ അവസരം ഉണ്ടാകുമെന്നും ഫുൾ മാർക്ക് നേടാൻ എത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ചോദ്യപേപ്പറിൽ രേഖപ്പെടുത്തുമെന്നും മന്ത്രി വിദ്യാർത്ഥികൾക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരമാണ് ഈ വർഷത്തെ പരീക്ഷയുടെ പ്രത്യേകത. 

ഇഷ്ടമുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ചോദ്യപേപ്പറിൽ ഉള്ള ആകെ ചോദ്യങ്ങളുടെ എണ്ണവും കൂടും. ചോദ്യങ്ങൾ മുഴുവൻ വായിച്ച് അവരവരുടെ അഭിരുചിക്ക് അനുസരിച്ചു ഉത്തരങ്ങൾ എഴുതാൻ കൂടുതൽ സമയവും അനുവദിക്കും. ഇതിനായി ഈ വർഷം പരീക്ഷയുടെ സമയം കൂട്ടിയിട്ടുണ്ട്. തന്നിരിക്കുന്ന മുഴുവൻ ചോദ്യങ്ങളും ശ്രദ്ധിച്ചു വായിച്ചുനോക്കി ഉത്തരം അറിയാവുന്നവ ടിക് ചെയ്ത് എഴുതാനുള്ള സമയം യഥേഷ്ടം ലഭിക്കും. 

സിലബസ് വെട്ടിക്കുറയ്ക്കാതെയാണ് പരീക്ഷ നടത്തുന്നത്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്ന് അറിയാവുന്ന തിരഞ്ഞെടുക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. തിയറി പരീക്ഷയ്ക്ക് ശേഷം ചെറിയ ഇടവേള നൽകിയാണ് പ്രാക്ടിക്കൽ പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു. വരുന്ന മൂന്ന് മാസംകൊണ്ട് സ്കൂളുകളിൽ ചെയ്യുന്ന പ്രാക്ടിക്കൽ ക്ലാസുകൾ ഒന്നുകൂടെ ഓർത്തെടുക്കാനുള്ള സമയവും ഇതിലൂടെ ലഭിക്കും. ഇതുവരെ യുട്യൂബിലും മറ്റും ലഭ്യമാക്കിയിട്ടുള്ള ക്ലാസുകൾ അധ്യാപകരുടെ സാഹായത്തോടെ വീണ്ടും പഠിക്കണം. ജനുവരി ഒന്നു മുതലുള്ള രണ്ടരമാസക്കാലത്തെ സ്കൂൾപഠനം കൂടി ശ്രദ്ധിച്ചാൽ കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച വിജയം നേടാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
  

Follow Us:
Download App:
  • android
  • ios