തിരുവനന്തപുരം:സ്കൂളുകള്‍ കേന്ദ്രീകരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്നതിനായി 10,12 ക്ലാസുകളിലെ അധ്യാപകർ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. 10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മുടക്കമില്ലാതെ നടത്തുന്നതിനെയാണ് വിദ്യാലയങ്ങൾ സജീവമാക്കുന്നത്. അധ്യാപകര്‍ സ്കൂളുകളില്‍ എത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

1) കോവിഡ്-19 സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
2) 10, 12 ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ആകെ അധ്യാപകരില്‍ 50% പേര്‍ ആദ്യത്തെ ഒരാഴ്ചയും അടുത്ത 50% പേര്‍ തൊട്ടടുത്ത ആഴ്ചയും എന്ന രീതിയില്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതാണ്.
3) ഏതൊക്കെ അധ്യാപകര്‍ എപ്രകാരം ഹാജരാകണമെന്ന കാര്യം ബന്ധപ്പെട്ട പ്രഥമാധ്യാപകര്‍ തീരുമാനക്കേണ്ടതും ആയതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.
4) പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക, കുട്ടികളുടെ നിലവിലെ പഠന നിലവാരം മനസ്സിലാക്കി അത് മെച്ചപ്പെടുത്തുന്നതിനുള്ള മാനസിക പിന്തുണ നല്‍കുക എന്നിവയാണ് അധ്യാപകരുടെ പ്രധാന ചുമതലകള്‍.

കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനം വഴി മാത്രം നടക്കുന്ന ക്ലാസുകൾ ഉയർന്ന ക്ലാസുകളിൽ ഉള്ളവർക്ക് പൂർണ്ണമായും ഗുണം ചെയ്യില്ലെന്ന വസ്തുതയെ തുടർന്നാണ് ഈ നടപടി.