നാഗ്പൂര്‍: ഓണ്‍ലൈന്‍ പണം തട്ടിപ്പുകള്‍ വ്യാപകമാരകുന്നതിനിടെ നാഗ്പൂര്‍ സ്വദേശിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴിയാണ് അജ്ഞാതന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. 

നാഗ്പൂര്‍ സ്വദേശിയായ അശോക് മന്‍വാതെയുടെ ഇളയ മകനോട് പിതാവിന്റെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ഇന്‍സ്റ്റാള്‍ ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ പണം നഷ്ടപ്പെടുകയുമായിരുന്നു. 

കുട്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ അജ്ഞാതന് ഈ ഫോണ്‍ വിദൂരത്തുനിന്ന് കൈകാര്യം ചെയ്യാനുള്ള അനുമതി കൂടിയാണ് ലഭിച്ചത്. ഇതുപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വലിക്കുകയായിരുന്നു. 

''അശോകിന്റെ ഇളയ മകന്‍ ആണ് ഫോണ്‍ ഉപയോഗിക്കുന്നത്. ഈ ഫോണിലേക്ക് ബുധനാഴ്ച ഒരു അജ്ഞാത കോള്‍ വരികയും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. '' - പൊലീസ് പറഞ്ഞു. 

പിതാവിന്റെ അക്കൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് വര്‍ദ്ധിപ്പിക്കാമെന്നും ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാഗ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.