കൊല്ലം: കൊല്ലം ഏരൂരില്‍ വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ നടത്തിയ രണ്ട് ആന്ധ്ര സ്വദേശികള്‍ പിടിയിൽ. പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചവർക്ക് കരള്‍ രോഗങ്ങള്‍ ഉള്‍പ്പടെ പിടിപെട്ടിരുന്നു.

ആന്ധ്ര കമ്മം ജില്ലാ സ്വദേശികളായ ചെന്നൂരി പ്രസാദ്, സഹോദരൻ ചെന്നൂരി ഏലാദ്രി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആറ് മാസം മുമ്പ് അഞ്ചല്‍ ഏരൂർ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ ചികിത്സ. മരുന്ന് കഴിച്ച ആറ് വയസുകാരൻ ഉള്‍പ്പെട മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുന്നുകളില്‍ മെർക്കുറിയുടെ അളവ് കൂടുതലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

സംഘത്തില്‍ ഉണ്ടായിരുന്ന പതിനാല് വയസുകാരൻ ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.  ഏട്ടംഗ സംഘമാണ് ചികിത്സയ്ക്കായി ഏരൂരില്‍ എത്തിയത്. പനി, വാദം, കരപ്പൻ തുടങ്ങിയ രോഗങ്ങള്‍ക്കാണ് സംഘം മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചവർ ഇപ്പോഴും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. നേരത്തെ ഈ സംഘം കൊല്ലം ജില്ലയിലെ കടക്കല്‍ കേന്ദ്രീകരിച്ചും ചികിത്സ നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ മരുന്ന് നിർമ്മിച്ച് ചികിത്സ നടത്തിയതിന് ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.