Asianet News MalayalamAsianet News Malayalam

അ‌മ്മ അ‌റിയാൻ: മലയാളസിനിമ ഒരു മരണം റിപ്പോർട്ട് ചെയ്ത വിധം

കെ പി ജയകുമാർ എഴുതുന്നു: 'അമ്മ അറിയുക, അമ്മയോടു പറയുക' എന്നത് മറ്റൊരു തരത്തിലും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. അമ്മയ്ക്ക് രാഷ്ട്രീയം മനസ്സിലാവുമോ? 'വീട്ടിനുള്ളിൽ നിശബ്ദനും അസ്വസ്ഥനുമായ വിപ്ലവകാരിയുടെ കനത്ത മൗനം' മിക്ക നക്സലൈറ്റ് സിനിമകളിലും ആവർത്തിക്കുന്ന ബിംബമാണ്.

revisiting Amma Ariyaan a movie by John Abraham
Author
Thiruvananthapuram, First Published Aug 3, 2020, 5:19 PM IST

അമ്മ അറിയാനിൽ കാഴ്ച്ചപ്പെടുന്ന 'അമ്മ'മാരെല്ലാം നിശ്ശബ്ദരാണ്. കാലാകാലങ്ങളിലൂടെ കൽപ്പിച്ചുകിട്ടിയ പെണ്ണവസ്ഥയുടെ ആവിഷ്‌കാരമാണ് ഈ നിശ്ശബ്ദത. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയിലെ ഊമപ്പെണ്ണ് ഈ നിശ്ശബ്ദതയുടെ ഏറ്റവും തീവ്രമായ ആവിഷ്‌കാരമായിരുന്നു. 'പുരുഷനാൽ 'ആക്രമിക്കപ്പെട്ട്' ചാപിള്ളയെ ഗർഭം ധരിക്കുന്ന അവൾക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു.' എന്നാൽ അമ്മ അറിയാനിൽ നിശ്ശബ്ദരുടെ ഓർമ്മകൾ വാചാലമാകുന്നതിലൂടെയാണ് ആത്ഹത്യചെയ്ത ഹരിയുടെ ചിത്രവും ഒരു കാലഘട്ടത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നത്. സ്ത്രീകൾക്ക് കൽപ്പിക്കപ്പെടുന്ന അധമാവസ്ഥ ദൈവഹിതമാണെന്നും പ്രകൃതി നിയമമാണെന്നും മറ്റുമുള്ള ധാരണകളെ പുറന്തള്ളിക്കൊണ്ട് നിശ്ശബ്ദരാക്കപ്പെട്ടവരുടെ ഓർമ്മകൾ ചരിത്രത്തിനുനേരേ ഉന്നയിക്കപ്പെടുന്നു.

 

revisiting Amma Ariyaan a movie by John Abraham

 

വ്യവസ്ഥാപിത ചലച്ചിത്ര സങ്കൽപ്പങ്ങളെയും സാമൂഹിക സദാചാര ബിംബങ്ങളെയും അട്ടിമറിച്ചുകൊണ്ടും ജനകീയമായ സംവേദന രീതികളും സ്ഥലകാല സങ്കൽപ്പങ്ങളും പുനർനിർമ്മിച്ചുകൊണ്ടുമാണ് 'അമ്മ അറിയാൻ' ആഖ്യാനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും നിർമ്മാണത്തിന്റെയും കാഴ്ചയുടെയും വ്യാകരണം തെറ്റിക്കുന്നത്. ദേശചരിത്രത്തെയും വർത്തമാനകാലത്തെയും കാഴ്ചയിലേക്ക് കൊണ്ടുവന്നുകൊണ്ട് സാമൂഹ്യ ജീവിതത്തിന്റെ ദുരിതവും പ്രതിരോധവും പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രം എഴുപതുകൾ പിൻപറ്റിയ രാഷ്ട്രീയ ധാരയോടുള്ള സർഗാത്മക വിമർശനവും രേഖപ്പെടുത്തുന്നു.  

എഴുപതുകളിലും അടിയന്തരാവസ്ഥയുടെ കാലഘട്ടങ്ങളിലും കേരളത്തിലെ യുവാക്കൾ ഏറ്റുവാങ്ങിയ പീഡനത്തിന്റെയും തുടർന്നുള്ള കാലത്ത് അവർ അകമേ കൊണ്ടുനടന്ന സംഘർഷങ്ങളുടെയും ആഖ്യാനമായി 'അമ്മ അറിയാൻ' കാണാനാവും. കേരള സമൂഹത്തിന്റെ ഒരുപാട് ഓർമ്മകളിലൂടെയും സ്ഥലകാലങ്ങളിലൂടെയും നടത്തുന്ന യാത്രയും വർത്തമാന പരിതസ്ഥിതിയുടെ രേഖപ്പെടുത്തലുമുണ്ട് ഈ ചിത്രത്തിൽ. ആത്മഹത്യയിൽ/മരണത്തിൽ അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ഈ ചലച്ചിത്രം. ഭരണകൂട അധികാരം ജനതക്കുമേൽ നടപ്പാക്കുന്ന സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ പീഡനങ്ങളുടെ ഓർമ്മകളിലൂടെയാണ് കാഴ്ച വികസിക്കുന്നത്. സിനിമ റിപ്പോർട്ട് ചെയ്യുകയാണ്. ചിതറിയ ശരീരങ്ങളുടെ ആക്രമിക്കപ്പെട്ട സ്വപ്നങ്ങളുടെ ഛിന്നഭിന്നമാകുന്ന യുവത്വത്തിന്റെ ദുരന്തമുഖത്തുനിന്നുമുള്ള റിപ്പോർട്ടാണ് അമ്മ അറിയാൻ.

 

...........................................................

Read more: അടിയന്തരാവസ്ഥാ സിനിമകളിലെ  ആത്മീയ വ്യാപാരങ്ങള്‍ 
...........................................................

 

അമ്മയോട് പറയരുത്
'അമ്മ അറിയാൻ' എന്ന പേര് വളരെ സൂക്ഷ്മമായ അർത്ഥത്തിൽ രാഷ്ട്രീയബോധം പുലർത്തുന്നു. ഇടതുപക്ഷ തീവ്രവാദ-മിതവാദ, മുഖ്യധാരാ സമാന്തര ചിത്രങ്ങളിലെല്ലാം തന്നെ 'അമ്മയെ അറിയിക്കാതിരിക്കൽ' എന്ന ഫ്യൂഡൽ സാമൂഹികബോധം പ്രവർത്തിക്കുന്നുണ്ട്. കുടുംബത്തിൽ നിന്നും കണിശമായും ഒഴിച്ചു നിർത്തേണ്ടതും അമ്മക്ക് (സ്ത്രീക്ക്) മനസ്സിലാവാത്തതുമാണ് രാഷ്ട്രീയം എന്ന പുരുഷ മൂല്ബോധത്തിനുള്ളിൽ വളരെ കാൽപ്പനികമായും സെന്റിമെന്റലായുമാണ് 'അമ്മ' കാഴ്ചപ്പെടുന്നത്. വീടിന്റെയും മകന്റെയും ഉത്തരമില്ലാത്ത ഘന മൗനത്തിൽ ഉള്ളുരുകി കഴിയുന്ന സർവ്വംസഹയായ അമ്മ (അപരാഹ്നം), മകന്റെ മരണം താങ്ങാനാവാതെ മാനസിക രോഗിയാകുന്ന, ഭരണകൂടവും 'തീവ്രവാദി'കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്തസാക്ഷിയാകുന്ന അമ്മ (ഇത്തിരിപ്പൂവേ ചുവന്നപൂവേ), മകളുടെ വരവും കാത്ത് രോഗശയ്യയിൽ കഴിയുന്ന; മകളെ കണ്ടതിനുശേഷം മരിക്കുന്ന അമ്മ (പഞ്ചാഗ്‌നി), തനിക്ക് മരുന്നുവാങ്ങി വരേണ്ട മകൻ നഷ്ടപ്പെട്ടതറിയാതെ രോഗക്കിടക്കയിൽ കഴിയുന്ന അമ്മ (പിറവി).  ഇടതുപക്ഷ തീവ്രവാദം പ്രമേയമായി വരുന്ന മുഖ്യധാരാ-സമാന്തര ചലച്ചിത്രങ്ങളിലെ അമ്മമാർ ഒരുതരം കാല്പ്പനിക വിഗ്രഹങ്ങളായാണ് കാണപ്പെടുന്നത്. വൈകാരികവും ശാരീരികവും മാനസികവുമായ അവശതകളിൽ തടഞ്ഞു നിൽക്കുന്ന നിഴൽ രൂപങ്ങൾ. രോഗം, പുത്ര നഷ്ടം, ഭ്രാന്ത് തുടങ്ങിയ സെന്റിമെന്റൽ ചേരുവകളിലൂടെ ഈ വിഗ്രഹങ്ങൾ  പ്രേക്ഷകാനുഭാവം പിടിച്ചുപറ്റുകയും ചെയ്യുന്നു. വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകളിൽ നിന്നും വിടർത്തി, കുടുംബത്തിന്റെ തികച്ചും വൈകാരികമായ സ്ഥലകാലങ്ങളിലാണ് ഈ അമ്മമാരുടെ സ്ഥാനം. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലേക്ക് സ്ത്രീകൾ വൻതോതിൽ കടന്നുവരുമ്പോഴും ചലച്ചിത്രം വീടിന്റെ ഇരുണ്ട ഇടനാഴിക്കപ്പുറം സ്ത്രീയെ നിർത്താൻ വിസമ്മതിക്കുകയായിരുന്നു. ജനപ്രിയ സിനിമകൾ ഒരുപടികൂടി കടന്ന് സംഗീത നൃത്താദി കലകളിൽ പ്രാവീണ്യമുള്ളവളും വിദുഷിയും, എന്നാൽ വിദ്യാഭ്യാസം തീരെ ഇല്ലാത്തവളും വള്ളുവനാടൻ ശാലീന സുന്ദരിയും, എന്നാൽ വാല്യക്കാരിയും നായകന്റെ മനം കവരുന്നവളുമായ നായികമാരുടെ (നഖക്ഷതങ്ങൾ മുതൽ നന്ദനം വരെ) ആവർത്തനങ്ങളിലൂടെ ഒരു 'കുലീന സ്ത്രീ' ബിംബത്തെ പ്രതിഷ്ഠിച്ചുറപ്പിക്കുന്നു. നിലനിൽക്കുന്ന സാമൂഹ്യ സദാചാരമൂല്യങ്ങൾക്ക് ഇളക്കം തട്ടാതെ സംരക്ഷിക്കുകയെന്ന ഉപരിവർഗ പ്രത്യശാസ്ത്ര പരിപാലനമാണ് ആത്യന്തികമായി ഈ ചലച്ചിത്രങ്ങൾ സാധ്യമാക്കിയത്.

 

...........................................................

Read more: പളനിക്കെന്താണ് സംഭവിച്ചത്;  ചെമ്മീന്‍: ഒരു അപസര്‍പ്പക വായന

 

അമ്മയ്ക്ക് രാഷ്ട്രീയം മനസ്സിലാവുമോ? 
'അമ്മ അറിയുക, അമ്മയോടു പറയുക' എന്നത് മറ്റൊരു തരത്തിലും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. അമ്മയ്ക്ക് രാഷ്ട്രീയം മനസ്സിലാവുമോ? 'വീട്ടിനുള്ളിൽ നിശബ്ദനും അസ്വസ്ഥനുമായ വിപ്ലവകാരിയുടെ കനത്ത മൗനം' മിക്ക നക്സലൈറ്റ് സിനിമകളിലും ആവർത്തിക്കുന്ന ബിംബമാണ്. സാമൂഹ്യമാറ്റത്തിന്റെ വ്യഥകളും സ്വപ്നങ്ങളും ഉള്ളിൽ പേറുമ്പോഴും ഇടതുപക്ഷ തീവ്രവാദികൾക്കുപോലും സമൂഹത്തിൽ കുടുംബത്തിൽ തന്നെയും സ്ത്രീയുടെ പദവി/അവസ്ഥ ഒരു രാഷ്ട്രീയപ്രശ്നമായി ഉന്നയിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയെ അറിയിക്കുക, ഒരുപാട് അമ്മമാരെ അറിയിക്കുക, ആ അമ്മമാരുടെയെല്ലാം ഓർമ്മകളെ രേഖപ്പെടുത്തുക, ആ ഓർമ്മകളിലൂടെ സാധ്യമാകുന്ന കാഴ്ചയുടെ രാഷ്ട്രീയത്തെ സംവാദാത്മകമാക്കുക തുടങ്ങി നിരവധി അവസ്ഥകളിലൂടെ അമ്മ അറിയാൻ കടന്നുപോകുന്നു. പങ്കുവയ്ക്കലുകളും സംവാദങ്ങളും അസാധ്യമാകുന്ന ഒരിടമായി കുടുംബത്തെ പുനർനിർവചിക്കുകയാണ് ഈ ചലച്ചിത്രം.

അമ്മ അറിയാനിൽ കാഴ്ച്ചപ്പെടുന്ന 'അമ്മ'മാരെല്ലാം നിശ്ശബ്ദരാണ്. കാലാകാലങ്ങളിലൂടെ കൽപ്പിച്ചുകിട്ടിയ പെണ്ണവസ്ഥയുടെ ആവിഷ്‌കാരമാണ് ഈ നിശ്ശബ്ദത. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയിലെ ഊമപ്പെണ്ണ് ഈ നിശ്ശബ്ദതയുടെ ഏറ്റവും തീവ്രമായ ആവിഷ്‌കാരമായിരുന്നു. 'പുരുഷനാൽ 'ആക്രമിക്കപ്പെട്ട്' ചാപിള്ളയെ ഗർഭം ധരിക്കുന്ന അവൾക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു.' എന്നാൽ അമ്മ അറിയാനിൽ നിശ്ശബ്ദരുടെ ഓർമ്മകൾ വാചാലമാകുന്നതിലൂടെയാണ് ആത്ഹത്യചെയ്ത ഹരിയുടെ ചിത്രവും ഒരു കാലഘട്ടത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നത്. സ്ത്രീകൾക്ക് കൽപ്പിക്കപ്പെടുന്ന അധമാവസ്ഥ ദൈവഹിതമാണെന്നും പ്രകൃതി നിയമമാണെന്നും മറ്റുമുള്ള ധാരണകളെ പുറന്തള്ളിക്കൊണ്ട് നിശ്ശബ്ദരാക്കപ്പെട്ടവരുടെ ഓർമ്മകൾ ചരിത്രത്തിനുനേരേ ഉന്നയിക്കപ്പെടുന്നു.

 

 

കലകൊണ്ട് എന്തു ചെയ്യണം?
ആത്മഹത്യ ചെയ്ത ഹരി അടിസ്ഥാനപരമായി ഒരു കലാകാരനായിരുന്നു. വിരലുകളിൽ സംഗീതമുള്ള തബലവാദകൻ. എന്നാൽ സംഗീതത്തെ പ്രതിരോധ സമരത്തിന്റെ ഭാഗമായി കാണാനാവുമോ എന്ന ആശങ്ക ഹരി അനുഭവിക്കുന്നുണ്ട്. ആക്ടിവിസത്തിൽ സംഗീതത്തിന്റെ/കലയുടെ ഇടം എന്താണ് എന്നതുപോലുള്ള ആശങ്കകൾ ഹരിയെ ചൂഴ്ന്നുനിൽക്കുന്നു. ഒളിവിലായിരിക്കുന്ന സമയത്ത് ഷെൽട്ടറിന് പുറത്തിരുന്ന് തബല വായിക്കുന്ന അയാളെ സുഹൃത്ത് ശകാരിക്കുന്നുമുണ്ട്.

സംഗീതം ഒരു സമരകലയാണെന്ന് ലോകചരിത്രത്തിൽ നിന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ, പൊലീസ് പീഡനത്തിൽ ചവിട്ടിയരക്കപ്പെട്ട വിരലുകളിൽ നോക്കി തകർന്നിരിക്കുന്ന ഹരിയുടെ കണ്ണുകളിൽ പടരുന്ന നിരാശ, സംഗീതവും ആക്ടിവിസവും രണ്ടാകുന്നതിന്റെ സങ്കീർണതയിലാണ് തറഞ്ഞുനിൽക്കുന്നത്.

ഈ പ്രശ്നത്തിനുള്ള ഉത്തരം സിനിമക്കുള്ളിൽ തന്നെയുണ്ട്. ഹരിയുടെ മരണവാർത്തയുമായി പുറപ്പെടുന്ന സംഘം തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ രാമചന്ദ്രൻ മൊകേരിയുടെ സമീപം എത്തുമ്പോൾ അയാൾ നാടകക്കളരിയിലാണ്. ''ഫ്രീ ഫ്രീ മണ്ടേല....'' എന്നാവർത്തിക്കുന്ന ശബ്ദവും ശരീരചലനങ്ങളും ആത്മഹത്യ ചെയ്ത ഹരിയുടെയും മറ്റൊരുപാട് കലാകാരൻമാരുടെയും സംശയങ്ങളെയും ആത്മസംഘർഷങ്ങളെയും പുറത്തുകൊണ്ടുവരുന്നുണ്ട്. രാമചന്ദ്രന്റെ നാടക പരിശീലനം കലയേയും ശരീരത്തെയും ആക്ടിവിസമായിത്തന്നെ കാണുന്ന ചലച്ചിത്രകാരന്റെ ഉത്തരമാണ്. ജോൺ എബ്രഹാമിന് ചലച്ചിത്രം ഒരു രാഷ്ട്രീയ പ്രവർത്തനമായിരുന്നു. രാമചന്ദ്രൻ മൊകേരി അതേപേരിൽ, ആ വ്യക്തിയായിതന്നെയാണ് സിനിമയിലെ 'കഥാപാത്ര'മാവുന്നത്. ഈ കാഴ്ച സിനിമകളുടെ ദാർശനികവും ആധ്യാത്മികവുമായ സങ്കൽപ്പങ്ങളെ പൊളിച്ചുകളയുന്ന അനവധി ശിഖരങ്ങളുള്ള ജീവനുള്ള ഉത്തരമായിത്തീരുന്നു. മോചനം ഒരു അതിഭൗതിക വൈയക്തിക പ്രശ്നമല്ലെന്നും ചരിത്രത്തിലൂടെ സാക്ഷാത്ക്കരിക്കേണ്ട ഒരു സംഘ ദൗത്യമാണെന്നുമുള്ള കാഴ്ച ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നു.  

......................................................

Read more: തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

 

സിനിമയുടെ പ്രദേശങ്ങൾ
അമ്മ അറിയാൻ ഒരു കടന്നുപോകലാണ്. യാത്രയാണ്. പല സ്ഥലങ്ങളിലൂടെ, പലരുടേയും ഓർമ്മകളിലൂടെ, ഓർമ്മകളിൽ അടയാളപ്പെടുന്ന ചരിത്രത്തിലൂടെ പലർ നടത്തുന്ന യാത്ര. ഹരി മരിച്ചുവെന്നതും ആ മരണം ആത്മഹത്യയായിരുന്നുവെന്നതും ഹരിയെ അവർക്കെല്ലാം അറിയാം എന്നതും അതുകൊണ്ടുതന്നെ ആ മരണവാർത്ത ഹരിയുടെ അമ്മയോടു പറയാൻ ഓരോരുത്തരും ബാധ്യതപ്പെട്ടിരിക്കുന്നു എന്നതുമാണ് ആ യാത്രയെ ഒരുമിപ്പിക്കുന്ന ഘടകങ്ങൾ. ഓരോ വ്യക്തിയും ഒരുപാട് വ്യക്തികളാൽ നിശ്ചയിക്കപ്പെടുന്ന സാമൂഹ്യാവസ്ഥയുടെ സൃഷ്ടികൂടിയാണ്. അതിനാൽ ഹരിയുടെ ആത്മഹത്യ വ്യക്തിപരമല്ലാതാകുന്നു. അതുകൊണ്ടുതന്നെ 'മരണം' എന്നത് ഒരു സാമൂഹ്യ രാഷ്ട്രീയ പ്രശ്നമായിത്തീരുന്നു. ജീവിതത്തിനേക്കാൾ സങ്കീർണ്ണമായാണ് ചിലപ്പോൾ മരണത്തിന്റെ രാഷ്ട്രീയം പ്രവർത്തനക്ഷമമാകുന്നത്.

വയനാടു മുതൽ ഫോർട്ട് കൊച്ചിവരെയുള്ള ഭൂമിശാസ്ത്ര പരിധിക്കുള്ളിലാണ് സിനിമയുടെ സഞ്ചാരം. ഒരർത്ഥത്തിൽ ഈ യാത്ര ഹരിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കൽ കൂടിയാണ്. എഴുപതുകളിലെ ഇടതുപക്ഷ തീവ്രവാദത്തിന്റെ നിരാശയെയും പ്രായോഗിക പരിമിതികളെയും തിരിച്ചറിയുന്ന വിമർശനം കൂടിയാണ് അമ്മ അറിയാൻ. അതേസമയം എൺപതുകളുടെ സാമൂഹികാന്തരീക്ഷത്തിൽ സജീവമായി നിൽക്കുന്ന എല്ലാമൗലിക പ്രതിരോധങ്ങളെയും സിനിമ ആഖ്യാനത്തിനുള്ളിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ചലച്ചിത്രത്തെ സമകാലിക ചരിത്രം രേഖപ്പെടുത്താനുള്ള മാധ്യമമാക്കി ഉപയോഗിക്കുകയാണ് ചലച്ചിത്രകാരൻ. മെഡിക്കൽ വിദ്യാർത്ഥികളുടെ സമരം മുതൽ കുടിവെള്ളത്തിനായുള്ള സമരം വരെ ഇന്നും നിലനിൽക്കുന്ന ഒരുപാട് സംഭവങ്ങൾ അതിന്റെ വർത്തമാന മുഖത്തുനിന്നും ചലച്ചിത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

....................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!

 

കൊട്ടകയ്ക്ക് പുറത്തേയ്ക്ക്

വ്യവസ്ഥാപിതമായ അർത്ഥത്തിൽ അമ്മ അറിയാൻ തിയേറ്ററുകളിൽ പോയിട്ടില്ല. ഒരുപാട് പ്രദേശങ്ങളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടു. നാട്ടിൻ പുറങ്ങളിലും കോളെജ് കാമ്പസുകളിലും, സ്‌കൂളുകളിലും വായനശാലകളിലും അമ്മ അറിയാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നിലും ധാരാളം ആളുകൾ സിനിമ കണ്ടിട്ടുണ്ട്. പണം നേരിട്ട് മുടക്കാതെ തന്നെയാണ് ഈ കാണൽ അധികവും സാധ്യമായത്. അതിനുള്ള പണം പൊതുവിൽ സമാഹരിക്കപ്പെടുകയായിരുന്നു. സിനിമാ കാണലിന്റെ  വ്യവസ്ഥാപിതമായ ഇടത്തെ, നിഷേധിച്ചുകൊണ്ടാണ് ഒരർത്ഥത്തിൽ അമ്മ അറിയാൻ അതിന്റെ രാഷ്ട്രീയം പ്രക്ഷേപണം ചെയ്യുന്നത്. വ്യവസ്ഥാപിത ചലച്ചിത്രം പിന്തുടരുന്ന മൂലധന പ്രത്യയശാസ്ത്രത്തെയും കാഴ്ചയുടെ സ്ഥല-കാലങ്ങളെയും പുനർനിർണയിക്കാനുള്ള ശ്രമങ്ങളും അമ്മ അറിയാനിൽ സാധ്യമായിട്ടുണ്ട്. സിനിമ പ്രമേയത്തിനുള്ളിലും പാഠത്തിനുപുറത്തും ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നു; സാമൂഹികമായ അഭിനയവും സാമൂഹികമായ കാഴ്ചയും. സിനിമാ നിർമ്മാണത്തിനുള്ള മൂലധനവും ജനകീയമായി സമാഹരിക്കപ്പെട്ടു. നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള ഓരോ ഘട്ടത്തിലും ജനകീയമായ 'ഇടം' ഈ സിനിമ സാധ്യമാക്കുന്നുണ്ട്. ശിഥിലമായിപ്പോയ സാംസ്‌കാരിക കൂട്ടായ്മയുടെയും ശകലീകരിക്കപ്പെടുന്ന രാഷ്ട്രീയ ധാരയുടെയും പുനരേകീകരണത്തിന് ഒരർത്ഥത്തിൽ അമ്മ അറിയൻ കാരണമായിട്ടുണ്ട്. ഒഡേസാ പോലുള്ള ജനകീയ ചലച്ചിത്രവേദികളും കോഴിക്കോട്ടെ മീഡിയ സ്റ്റഡിസെന്റർ പോലെ ഗൗരവമുള്ള കാഴ്ചക്കൂട്ടങ്ങളും ഈ കൂട്ടായ്മകളുടെ തുടർച്ചയായിരുന്നു.  

 

Follow Us:
Download App:
  • android
  • ios