Asianet News MalayalamAsianet News Malayalam

പ്രിയങ്കയും സിന്ധ്യയും യുപിയിലേക്ക് പോകുന്നത് രണ്ട് മാസത്തേക്ക് മാത്രമല്ല: രാഹുല്‍

''പാര്‍ട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യുപിയിലേക്ക് അയക്കുക വഴി കൃത്യമായ സന്ദേശമാണ് ഞങ്ങള്‍ യുപി ജനതയ്ക്ക് നല്‍കുന്നത്. ബാക്ക് ഫൂട്ടില്‍ നിന്ന് ഞങ്ങള്‍ ഇനി കളിക്കില്ല.. അതിപ്പോള്‍ ഉത്തര്‍പ്രദേശിലായാലും ഗുജറാത്തിലായാലും എവിടെയായാലും.'

rahul responding to priynakas elavation
Author
Amethi, First Published Jan 23, 2019, 4:23 PM IST

അമേതി: വലിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍പ്രദേശിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. പ്രിയങ്കയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള അതിനായി കഠിനദ്ധ്വാനം ചെയ്യുന്ന ആളാണ് തന്‍റെ സഹോദരിയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേതിയില്‍ പര്യാടനം നടത്തുന്നതിനിടയിലാണ് രാഹുല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചത്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണോ പ്രിയങ്ക എഐസിസി സെക്രട്ടറിയായതെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ പ്രിയങ്കയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ബാക്ക് ഫൂട്ടില്‍ നിന്ന് ഞങ്ങള്‍ ഇനി കളിക്കില്ല.. അതിപ്പോള്‍ ഉത്തര്‍പ്രദേശിലായാലും ഗുജറാത്തിലായാലും എവിടെയായാലും. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ശക്തമായി നേരിടുമെന്ന സൂചന നല്‍കി കൊണ്ട് രാഹുല്‍ പറഞ്ഞു. 

പാര്‍ട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യുപിയിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഞങ്ങള്‍ യുപി ജനതയ്ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിന് ഞങ്ങള്‍ പുതിയൊരു വഴി കാണിക്കും. ഉത്തര്‍പ്രദേശിനെ നന്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാന്‍ ഇവര്‍ക്കാവും. 

വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും അവരവിടെ തുടരും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്  മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനാണ് അവരെ നിയോഗിച്ചത്. പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയില്‍ ഇനിയുണ്ടാവും. 

അതേസമയം മായാവതി-അഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാതിദ്യസിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. മായാവതിക്കും അഖിലേഷിനുമെതിരെ ഞങ്ങള്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാനില്ല. എസ്.പിയും ബിഎസ്പിയുമായി എവിടെ വച്ചും ഏതു ഘട്ടത്തിലും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ഞങ്ങള്‍ക്കൊരു പൊതുശത്രുവുണ്ട്- രാഹുല്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios