ജയ്പൂര്‍: പ്രചാരണത്തില്‍ പിന്നില്‍ പോയത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തുടര്‍ന്ന് ലഭിച്ച മുന്‍തൂക്കം മുതലെടുക്കാനായില്ലെന്നാണ് വിമര്‍ശനം. രാഷ്ട്രീയ തന്ത്രം മെനയുന്നതിലും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യ രൂപീകരണത്തിലും കോണ്‍ഗ്രസിന് പാളിച്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയെന്ന നല്‍കുമെന്നത് ഒന്നാം ഘട്ട തെര‍ഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് മാത്രമാണ് ജനമറിഞ്ഞത്. അതുപോലെ രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലും അടിത്തട്ടിലെ വികാരം മനസ്സിലാക്കുന്നതിലും വീഴ്ചയുണ്ടായി. പ്രകടന പത്രിക പുറത്തിറക്കാന്‍ വൈകി. അതോടൊപ്പം പ്രചാരണ പരിപാടികളും മാര്‍ഗങ്ങളും വൈകി.  രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ പാര്‍ട്ടി പ്രചാരണം തീര്‍ത്തും ദുര്‍ബലമായി.  ഉത്തര്‍പ്രദേശിലെ നിരവധി വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മോദിയും ബിജെപിയും രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞുനിന്നു. റാലികള്‍, ബോര്‍ഡുകള്‍, യോഗങ്ങള്‍ എന്നിവയിലും ബിജെപി മുന്നില്‍നിന്നു.മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെ 11 പ്രമുഖ ഹിന്ദി ന്യൂസ് ചാനലുകളില്‍ നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിയേക്കാല്‍ മൂന്നിരട്ടി സമയം ലഭിച്ചു. പത്ര, ശ്രവ്യ മാധ്യമങ്ങളിലും മുന്‍തൂക്കം ബിജെപിക്ക് തന്നെ. നിയമസഭ തെര‍ഞ്ഞെടുപ്പുകള്‍ക്ക് ശേഷമുണ്ടായ പുല്‍വാമ ആക്രമണവും ബാലാകോട്ട് മിന്നലാക്രമണവും ബിജെപി ഫലപ്രദമായി ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഫലം പ്രവചനാതീതം

പ്രചാരണത്തില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടെങ്കിലും ഫലം അപ്രവചനീയമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെര‍ഞ്ഞെടുപ്പുകളിലും സമാനമായിരുന്നു അവസ്ഥ. പ്രചാരണത്തില്‍ ബിജെപി മുന്നില്‍നിന്നെങ്കിലും ഫലം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാനാകില്ല. മോദി വിരുദ്ധ വികാരം കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തേക്കും. സഖ്യസര്‍ക്കാര്‍ അധികാരമേല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമായിരിക്കുമെന്നും റോയിട്ടേഴ്സ് പറയുന്നു.