ഇയാളെ സെക്യൂരിറ്റിയും മറ്റ് പ്രവര്‍ത്തകരും തള്ളിമാറ്റി. പാർട്ടി സ്ഥാനാർഥി വിനോദ അസൂട്ടിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ശിവകുമാര്‍.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളിൽ കൈയിടാൻ ശ്രമിച്ച പ്രാദേശിക നേതാവിനെ തല്ലി കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ. പ്രചാരണ വേദിയിലേക്ക് കാറിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെയാണ് പ്രവര്‍ത്തകന്‍ തോളില്‍ കൈയിട്ടത്. പ്രകോപിതനായ ശിവകുമാര്‍ പ്രവര്‍ത്തകനെ തല്ലി. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മുനിസിപ്പൽ മെമ്പർ അല്ലാവുദ്ദീൻ മണിയാർ എന്നയാള്‍ക്കാണ് അടി കിട്ടിയത്. ഡികെ ശിവകുമാറിന്‍റെ തോളിൽ കൈ വെച്ച് ഇരുവരുടെയും ചിത്രമെടുക്കാൻ കൂടെയുണ്ടായിരുന്നയാളോട് ആവശ്യപ്പെടുന്നതിനിടെയാണ് സംഭവം.

ഇയാളെ സെക്യൂരിറ്റിയും മറ്റ് പ്രവര്‍ത്തകരും തള്ളിമാറ്റി. പാർട്ടി സ്ഥാനാർഥി വിനോദ അസൂട്ടിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ശിവകുമാര്‍. 28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26ന് നടന്നു. ബാക്കി 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 7 നും നടക്കും. 2019ൽ 28ൽ 25 സീറ്റുകൾ നേടി ബിജെപി തൂത്തുവാരിയിരുന്നു. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.

ഇത്തവണ ബിജെപിയും ജെഡിഎസും സഖ്യമായാണ് മത്സരിക്കുന്നത്. എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയർന്ന ലൈംഗികാരോപണം എന്‍ഡിഎക്ക് തലവേദനയായി. പ്രജ്വലിന്‍റെ വീഡിയോകൾ പ്രചരിപ്പിക്കാന്‍ ഡികെ ശിവകുമാർ ഗൂഢാലോചന നടത്തിയെന്ന് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. 

Scroll to load tweet…