ഇതിഹാസ നടൻ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഷോണ്‍ കോണറിയുടെ മകൻ ജേസണാണ് മരണവാര്‍ത്ത അറിയിച്ചത്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഷോണ്‍ കോണറി. കാലമെത്രയായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടവാങ്ങിയിരിക്കുന്നത്. ഓസ്‍കര്‍ ജേതാവുമാണ് അന്തരിച്ച ഷോണ്‍ കോണറി.

ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തില്‍‌ തന്നെ ഷോണ്‍ കോണറി നായകനായി. 1962–ൽ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1983–ൽ പുറത്തിറങ്ങിയ നെവർ സേ നെവർ എഗെയിൻ എന്ന ചിത്രത്തിലാണ് ഷോണ്‍ കോണറി അവസാനമായി ജെയിംസ് ബോണ്ട് ആയത്. ജെയിംസ് ബോണ്ട് ഷോണ്‍ കോണറിയുടെ രൂപത്തിലായിരിക്കും വെള്ളിത്തിരയില്‍ ഓര്‍മികപെടുക. 1988ൽ  ദ് അൺടച്ചബിൾസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഷോണ്‍ കോണറിക്ക് ഓസ്‍കര്‍ ലഭിച്ചത്.

മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, രണ്ടു ബാഫ്‍ത പുരസ്‍കാരങ്ങൾ എന്നിവയും ഷോണ്‍ കോണറിക്ക് ലഭിച്ചിട്ടുണ്ട്.

ഷോണ്‍ കോണറി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 2003ല്‍ പ്രദര്‍ശനത്തിന് എത്തിയ ലീഗ് ഓഫ് എക്സ്‍ട്രാ ഓർഡിനറി ജെന്റിൽമെൻ  എന്ന ചിത്രത്തിലാണ്.