റിഗ: ലോകപ്രശസ്ത സൗത്ത് കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയാണ് അന്ത്യമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ലോകപ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെര്‍ലിനിലും വെനീസിലും പ്രധാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ ജീവിതം നാടകീയത നിറഞ്ഞതായിരുന്നു. തെക്കന്‍ കൊറിയയിലെ വടക്കന്‍ ഗ്യോങ്സാങ് പ്രൊവിന്‍സിലെ ബോംഘ്‍വയില്‍ ജനിച്ച കിം കി ഡുക്ക് ബാല്യ, കൗമാരങ്ങളില്‍ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിന്‍റെ ആദ്യകാലം തല്ലും പിടിയും നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന് ഒരു മാറ്റം വേണ്ടമെന്നാഗ്രഹിച്ച് ചിത്രകലയില്‍ തല്‍പ്പരനായിരുന്ന കിം കി ഡുക്ക് പാരീസിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ് ജീവിതത്തില്‍ ആദ്യമായി സിനിമ എന്ന കല കാണുന്നത്. പിന്നീടുള്ളത് ചരിത്രം.

 

1996ല്‍ 'ക്രോക്കഡൈല്‍' ആണ് കിമ്മിന്‍റെ ആദ്യചിത്രം. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ വര്‍ഷങ്ങളില്‍ എത്തി. മനുഷ്യന്‍ എന്നത് ഒരു 'ഹിംസാത്മക ജീവി'യാണെന്നാണ് ഈ ചിത്രങ്ങളിലൂടെ കിം കി ഡുക്ക് പറഞ്ഞുവച്ചത്. ആന്തരികമായ ഭീതി മൂലം സാമൂഹികമായ ക്രമങ്ങളോട് ഒത്തുപോവാന്‍ ഉള്ളിലുള്ള ഈ ഹിംസയെ തടഞ്ഞുനിര്‍ത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഹിംസാത്മകമായ രംഗങ്ങളും നിറയെ ബ്ലാക്ക് ഹ്യൂമറും നിറഞ്ഞ കിം കി ഡുക്ക് ചിത്രങ്ങള്‍ സൗത്ത് കൊറിയയില്‍ വലിയ ശ്രദ്ധ നേടിയില്ല. പക്ഷേ അന്തര്‍ദേശീയ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ അവയ്ക്ക് വേഗത്തില്‍ സ്വീകാര്യത ലഭിച്ചു.

2003ല്‍ പുറത്തിറങ്ങിയ 'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിംഗ്' ആണ് അന്തര്‍ദേശീയ തലത്തില്‍ അദ്ദേഹത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്ത ചിത്രം. അതുവരെയുള്ള ചിത്രങ്ങളില്‍ ഹിംസാത്മകമായ രംഗങ്ങള്‍ക്കായിരുന്നു പ്രാധാന്യമെങ്കില്‍ 'സ്പ്രിംഗ് സമ്മറി'ല്‍ ഒരുതരം  ധ്യാനാവസ്ഥയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന സംവിധായകനെ കാണാമായിരുന്നു. അമേരിക്കയില്‍ തീയേറ്റര്‍ റിലീസ് ലഭിച്ച ചിത്രവുമാണ് അത്. കരിയറില്‍ വിവാദങ്ങളിലൂടെയും തമസ്കരണങ്ങളിലൂടെയും വ്യക്തിപരമായ വേദനകളിലൂടെയും കടന്നുപോയ സംവിധായകന്‍ കൂടിയാണ് കിം കി ഡുക്ക്. ലോകമാകമാനം സ്വീകാര്യത ലഭിച്ചപ്പോഴും കിം കി ഡുക്ക് ചിത്രങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുള്ളവര്‍ തെക്കന്‍ കൊറിയയില്‍ ഉണ്ടായിരുന്നു. 

മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഐഎഫ്എഫ്കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് ഉണ്ടായിരുന്നു. മലയാളി സിനിമാസ്വാദകരുടെ രുചിമുകുളങ്ങള്‍ക്ക് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ചേര്‍ന്ന സംവിധായകനായിരുന്നു അദ്ദേഹം. റെട്രോസ്പെക്ടീവ് നടന്ന വര്‍ഷം ആസ്വാദകരുടെ കുത്തൊഴുക്ക് കാരണം പല ചിത്രങ്ങളും പുനപ്രദര്‍ശനങ്ങള്‍ നടത്തേണ്ടതായും വന്നു. മലയാളികളുടെ സ്നേഹം നേരിട്ടുകാണാന്‍ ഒരുതവണ ഐഎഫ്എഫ്കെയ്ക്ക് അദ്ദേഹം നേരിട്ടെത്തുകയും സംവദിക്കുകയും ചെയ്തു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അന്തര്‍ദേശീയ സംവിധായകരില്‍ ഒരാളാണ് വിടവാങ്ങുന്നത്.