Asianet News MalayalamAsianet News Malayalam

വാരിയംകുന്നത്ത് മതഭ്രാന്തനായിരുന്നില്ലെന്ന് സ്വരാജ്, വില്ലനെന്ന് അലി അക്ബർ - ചരിത്രം എന്ത്?

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ തർക്കങ്ങളും വിവാദങ്ങളുമുയരുകയാണ് കേരളത്തിൽ. കാർഷികസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ചരിത്രരേഖകളെ ഉദ്ധരിച്ച് ഒരു വിഭാഗം പറയുമ്പോൾ, അതല്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്നു മറ്റൊരു ഭാഗം. അവർക്ക് പറയാനുള്ളത് വേറെ ചരിത്രമാണ്.

variyam kunnath kunjnahammad haji and the historical controversies
Author
Kochi, First Published Jun 23, 2020, 5:26 PM IST

തിരുവനന്തപുരം: ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? ഒരു ചരിത്രപുരുഷനെ അധികരിച്ച് നാല് സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. ആഷിഖ് അബു, പൃത്ഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മറ്റ് മൂന്ന് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ഏറെക്കാലമായി താൻ മനസ്സിൽ കൊണ്ടുനടന്നിരുന്ന പ്രമേയമാണെന്ന് പി ടി കുഞ്ഞുമുഹമ്മദും, 'ദ് ഗ്രേറ്റ് വാരിയംകുന്നത്ത്' എന്ന നാടകത്തെ ഡോക്യുമെന്‍ററിയായി രൂപാന്തരപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് നാടകപ്രവർത്തകൻ ഇബ്രാഹിം വേങ്ങരയും പറയുമ്പോൾ, ബിജെപി നേതാവ് കൂടിയായ സംവിധായകൻ അലി അക്ബർ പറയുന്നത്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മറ്റൊരു മുഖത്തെ തുറന്ന് കാട്ടുന്ന സിനിമ ചിത്രീകരിക്കുമെന്നാണ്. ചരിത്രവസ്തുതകൾ എന്ത് എന്നതും, അത് സിനിമയിലേക്ക് എത്തുമ്പോൾ, ആ ആവിഷ്കാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തേണ്ടതുണ്ടോ എന്നതുമാണ് ഏഷ്യാനെറ്റ് ന്യൂസ്, പ്രത്യേക ചർച്ചയിലൂടെ വിലയിരുത്തിയത്. 

സിപിഎം എംഎൽഎയും മാപ്പിളലഹള നടന്ന പഴയ ഏറനാട്ടിൽ ജനിച്ചുവളർന്നയാളുമായ എം സ്വരാജ്, ചരിത്രഗവേഷകൻ ഡോ. പി ജെ വിൻസന്‍റ്, സംവിധായകൻ അലി അക്ബർ, നാടകപ്രവർത്തകൻ ഇബ്രാഹിം വേങ്ങര, ബിജെപി നേതാവ് സന്ദീപ് വാര്യർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

എം സ്വരാജ്

ചരിത്രം മറക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എം സ്വരാജ് പറയുന്നത് ചരിത്രരേഖകളെ ഉദ്ധരിച്ചാണ്. മലബാർ കലാപം, അഥവാ മാപ്പിള ലഹള യഥാർത്ഥത്തിൽ ജന്മി - കുടിയാൻ സംഘർഷങ്ങളുടെ പൊട്ടിത്തെറിയായിരുന്നുവെന്ന് ചരിത്രരേഖകൾ ഉദ്ധരിച്ച് എം സ്വരാജ് പറയുന്നു. കിഴക്കൻ ഏറനാടിന്‍റെ ചരിത്രം പരിശോധിച്ചാൽ 1920- 22 കാലഘട്ടത്തിൽ മലബാർ കലാപം നടക്കുന്നതിന് മുമ്പേ നൂറിലേറെ ചെറുസമരങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. ഇവയെല്ലാം ഉൾച്ചേർന്നാണ് മാപ്പിളലഹളയിലേക്ക് എത്തിയത്. 

ജന്മിമാർക്കെതിരായിരുന്നു അക്കാലത്തെ യഥാർത്ഥ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാർവദേശീയതലത്തിൽ ഖിലാഫത്ത് മുന്നേറ്റമുണ്ടായപ്പോൾ അതിന്‍റെ അലയൊലികൾ കേരളത്തിലുമുണ്ടായിരുന്നു. എന്നാൽ മലബാറിലെ ഖിലാഫത്ത് മുന്നേറ്റത്തെ സ്വാതന്ത്ര്യസമരവുമായി കൂട്ടിക്കെട്ടിയതിൽ മഹാത്മാഗാന്ധിക്ക് നിർണായകപങ്കുണ്ടായിരുന്നുവെന്ന് എം സ്വരാജ് വിശദീകരിക്കുന്നു. ഖിലാഫത്ത് സമരനേതാക്കളെ ഒന്നിച്ച് ചേർക്കുക വഴി നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്താനാണ് മഹാത്മാഗാന്ധി ശ്രമിച്ചത്. 1920-ലാണ് കുടിയാൻ സംഘം രൂപീകരിക്കപ്പെടുന്നത്. അതിന്‍റെ നേതൃത്വത്തിലുണ്ടായിരുന്നത് കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ, എം പി നാരായണമേനോൻ എന്നിവരായിരുന്നു. ഒരു തരത്തിൽ നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത്, കുടിയാൻ സംഘം എന്നിവയുടെ സംയുക്തപ്രക്ഷോഭമായിരുന്നു മലബാർ കലാപമെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടുന്നു. 

ഏറനാട്ടിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഈ കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാരിന് മുന്നിലുള്ള ഏകവഴി ജനത്തിന്‍റെ ഐക്യം തകർക്കുക എന്നതായിരുന്നു. ഇതിന്‍റെ ഭാഗമായി, മലപ്പുറത്തെ ബ്രിട്ടീഷ് പൊലീസ് മേധാവി ഹിച്ച്കോക്ക് ഇതിനെ ഹിന്ദു മുസ്ലിം ലഹളയായി ചിത്രീകരിക്കാൻ ശ്രമിച്ചു. അങ്ങനെ നിരവധി ദേശീയനേതാക്കൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ മുസ്ലിം മതഭ്രാന്തനല്ല വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലയാളരാജ്യം എന്ന, കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്ത് സ്ഥാപിക്കപ്പെട്ട കോടതി ഒരിക്കൽ ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്തി എന്നതിന്‍റെ പേരിൽ രണ്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജി നേതൃത്വം നൽകിയ സൈന്യത്തിൽ പ്രധാനപ്പെട്ട പോരാളിയായിരുന്ന ആളുടെ പേര് നാരായണൻ നമ്പീശൻ എന്നാണ്. ഒരർത്ഥത്തിൽ ഹിന്ദുക്കളുടെ രാജാവെന്നും, മുസ്ലിങ്ങളുടെ അമീറെന്നും അറിയപ്പെട്ടിരുന്നു കുഞ്ഞഹമ്മദ് ഹാജിയെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടുന്നു.

ഡോ. പി ജെ വിൻസന്‍റ്

സ്വരാജ് ചൂണ്ടിക്കാട്ടിയ വസ്തുതകളെ പലതിനെയും ചരിത്രഗവേഷകനായ ഡോ. പി ജെ വിൻസന്‍റ് ശരിവയ്ക്കുന്നു. അടിസ്ഥാനപരമായി മലബാർ കലാപം ഒരു ഹിന്ദു മുസ്ലിം ലഹളയായിരുന്നില്ല. അത് കാർഷികമുന്നേറ്റമായിരുന്നു. ചൂഷകരായ ജന്മിമാർക്കെതിരെയുള്ള സംഘ‍ടിതമുന്നേറ്റമായിരുന്നു. എന്നാൽ ഖിലാഫത്തിന്‍റെ ഭാഗമായി നിന്നതിനാൽത്തന്നെ ഇതിൽ ചില ഇടങ്ങളിൽ വർഗീയഘടകങ്ങളുണ്ടായിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, അതിന്‍റെ പേരിൽ ഇതിനെ ഒരു വർഗീയലഹളയായി മാത്രം കണക്കാക്കുന്നത് ചരിത്രവിരുദ്ധമാണെന്നും, ഇതിനെല്ലാം രേഖകളുണ്ടെന്നും പി ജെ വിൻസന്‍റ് ചൂണ്ടിക്കാട്ടുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അച്ഛൻ മൊയ്തീൻ ഹാജിയെ ബ്രിട്ടീഷുകാർ ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. അതിനാൽത്തന്നെ കുഞ്ഞഹമ്മദ് ഹാജിക്ക് ബ്രിട്ടീഷുകാരോടാണ് കടുത്ത വിദ്വേഷമുണ്ടായിരുന്നത്. ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന നിരവധി ജന്മിമാരോടും കുഞ്ഞഹമ്മദ് ഹാജി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാപ്പിളലഹളയിലെ വർഗീയനിറമുള്ള അക്രമങ്ങൾ ഒരു കാരണവശാലും കോഴിക്കോട്ടേയ്ക്കോ കണ്ണൂരിലേക്കോ പടർന്നിരുന്നില്ല. ആ കാലത്തും ഇത്തരം വർഗീയകലാപം കേരളമൊട്ടാകെ പടരാതിരിക്കാൻ വേണ്ട ജാഗ്രതയുള്ളവരായിരുന്നു കേരളത്തിലെ മുസ്ലിങ്ങളെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അലി അക്ബർ

എന്നാൽ ഇത് അടിസ്ഥാനപരമായി ഒരു ഹിന്ദു മുസ്ലിം കലാപമായിരുന്നുവെന്നാണ് സംവിധായകൻ അലി അക്ബറിന്‍റെ പക്ഷം. മലബാറിലെ ഹിന്ദു സമൂഹത്തിനെതിരെ കലാപം നയിച്ച കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനായി അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് അലി അക്ബറിന്‍റെ സിനിമാ പ്രഖ്യാപനം. 

മാപ്പിള കലാപം എന്ന പുസ്തകത്തിലെ പരാമർശങ്ങൾ അടക്കം മുന്നോട്ടുവച്ചാണ് ബിജെപി നേതാവ് സന്ദീപ് വാര്യരും സംവിധായകൻ അലി അക്ബറും കുഞ്ഞഹമ്മദ് ഹാജിക്ക് വീരപരിവേഷം നൽകുന്നതിനെ എതിർക്കുന്നത്. മതഭ്രാന്തൻമാരുടെ കുടുംബമാണ് കുഞ്ഞഹമ്മദ് ഹാജിയുടേത് എന്ന് മാധവൻ നായർ മാപ്പിള കലാപം എന്ന പുസ്തകത്തിൽ പറയുന്നത് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ മലയാളരാജ്യം എന്ന രാജ്യം സ്ഥാപിച്ചുകൊണ്ട് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രസംഗം അടിസ്ഥാനപരമായി ഹിന്ദു - മുസ്ലിം ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നുവെന്നും, ഒരു ഭാഗം മാത്രം ചൂണ്ടിക്കാട്ടി ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയും നിലവിൽ സൗഹാർദ്ദപരമായി മുന്നോട്ടുപോകുന്ന ഒരു നാടിനെ ഭിന്നിപ്പിക്കരുതെന്നും എം സ്വരാജടക്കമുള്ള നേതാക്കളും സാംസ്കാരികപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. 

മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിലുളള സിനിമകളിൽ കുഞ്ഞഹമ്മദ് ഹാജിയെ നായകനായും വില്ലനായും ചിത്രീകരിക്കുന്നത് പുത്തൻ രാഷ്ട്രീയ വിവാദങ്ങൾക്കുകൂടി വഴി തുറക്കുകയാണ്. ആഷിഖ് അബുവിന്‍റെ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഐ വി ശശി സംവിധാനം ചെയ്ത 1921 പുറത്തിറങ്ങിയത് 1988-ലാണ്. പതിറ്റാണ്ടുകൾക്കുശേഷം അതേ കഥാപശ്ചാത്തലത്തിൽ നാലു സിനിമകൾകൂടി വരുമ്പോഴാണ് സിനിമയിലും പുറത്തും വിവാദങ്ങൾ കത്തുന്നത്. മലബാർ കലാപം സ്വാതന്ത്ര്യസമരമാണോ വർഗീയ കലാപമാണോ എന്ന് ചരിത്രകാരൻമാർക്കിടയിൽത്തന്നെ പതിറ്റാണ്ടുകളായി തർക്കം തുടരുമ്പോഴാണ് സിനിമ വരുന്നത്. എന്നാൽ ചരിത്ര വ്യാഖ്യാനിക്കാനുളള അവകാശം കലാകാരനുണ്ടെന്നും അതിൻമേലുളള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും ഫെഫ്ക അറിയിച്ചു. ഇതിനിടെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാനുളള നീക്കം മുൻ ധാരണകളുടെ ലംഘനമാണെന്നാരോപിച്ച് ഫിലിം ചേമ്പറും രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios