Asianet News MalayalamAsianet News Malayalam

വണ്ണമുള്ള ഇന്ത്യന്‍ വനിതകള്‍ പോലും ധരിക്കുന്നത് പാശ്ചാത്യ വസ്ത്രങ്ങള്‍; വിമര്‍ശനവുമായി ആശാ പരേഖ്

സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളകളില്‍ കാണുന്നത്. വണ്ണമുള്ളവര്‍ പോലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശാ പരേഖ്

Asha Parekh said she finds it hurtful that Indian women prefer to wear western dresses
Author
First Published Nov 27, 2022, 11:47 PM IST

ഇന്ത്യന്‍ വനിതകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസത്രങ്ങള്‍ ധരിക്കുന്നതിന് വിമര്‍ശനവുമായി ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയായ ആശാ പരേഖ്. സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളകളില്‍ കാണുന്നത്. വണ്ണമുള്ളവര്‍ പോലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശാ പരേഖ് പറയുന്നു. 

ഗോവയില്‍ നടക്കുന്ന 53ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭാരതീയ വസ്ത്രങ്ങളായ ഗാഗ്ര ഛോളി, സല്‍വാര്‍ കമ്മീസ്, സാരി പോലുള്ളവ ധരിക്കൂവെന്നുമാണ് ഇന്ത്യന്‍ വനിതകളോട് ആശാ പരേഖ് ആവശ്യപ്പെടുന്നത്. തടിയുള്ളവര്‍ക്ക് പാശ്ചാത്യ വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് എങ്ങനെ അനുയോജ്യമാണെന്ന ചിന്ത പോലുമില്ലെന്നും അവര്‍ പറയുന്നു. ഇത്തരത്തിലുള്ള പാശ്ചാത്യ വല്‍ക്കരണം കാണുമ്പോള്‍ വേദനിക്കാറുണ്ടെന്നാണ് ആശാ പരേഖ്  ഗോവയില്‍ പറഞ്ഞത്. വളെ വിശാലമായ ഒരു സംസ്കാരമാണ് നമ്മുക്കുള്ളത്. നൃത്തവും സംഗീതവും അടക്കവും ഇതുണ്ടെങ്കിലും പോപ് സംസ്കാരത്തിന് പിന്നാലെയാണ് ആളുകള്‍ പോവുന്നതെന്നും അവര്‍ പറഞ്ഞു. 

ബാലതാരമായി സിനിമയിലെത്തിയ ആശാ പരേഖ് ഗുജറാത്തി, പഞ്ചാബി, കന്നഡ സിനികളിലും അഭിനയിച്ചിട്ടുണ്ട്. അറുപതുകളില്‍ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിയായ ആശാ പരേഖ്, എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും ക്യാരക്ടര്‍ റോളുകളിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ടെലിവിഷൻ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു. 1990ല്‍ ഗുജറാത്തി സീരിയലായ 'ജ്യോതി' സംവിധാനം ചെയ്‍ത ആശാ പരേഖ് 'പലാഷ് കെ ഫൂല്‍', 'ബാജെ പയാല്‍' തുടങ്ങിയ ഷോകള്‍ ആശ നിര്‍മിച്ചു.

മികച്ച നടിക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങള്‍ ആശാ പരേഖിനെ തേടിയെത്തിയിട്ടുണ്ട്. 71ാം വയസിലാണ് ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്‍ക്കുള്ള പരമോന്നത ബഹുമതിയായ ദാദേ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ആശയെ തേടിയെത്തിയത്.  

Follow Us:
Download App:
  • android
  • ios