കൊച്ചി:  മകളും താങ്കളുമൊന്നിച്ചുള്ള ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ട്. പറയൂ ബാല, മകളുമായി എത്രത്തോളം ക്ലോസാണ് താങ്കള്‍. അവതാരികയുടെ ചോദ്യത്തിനുമുന്നില്‍ നിമിഷങ്ങളോളമുള്ള മൗനമായിരുന്നു ആദ്യം. പിന്നീട് താരം വികാരനിര്‍ഭരമായ ഉത്തരത്തിലേക്കെത്തി. എന്താണ് ഞാന്‍ പറയുക, 'അവള്‍ക്ക് വേണ്ടി ഞാനെന്റെ ജീവന്‍ കൊടുക്കും, ഇതില്‍ക്കൂടുതല്‍ എന്താണ് പറയുക.' അവളെ, മകളെ കൂടെ നിര്‍ത്തണം എന്നാണ് താരം പറയുന്നത്.

മലയാളിക്ക് സുപരിചിതനാണ് ബാല. ബിഗ് ബി, പുതിയമുഖം, സൗണ്ട് ഓഫ് ബൂട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ താരത്തെ വില്ലനായും നായകനായും അംഗീകരിച്ചതുമാണ്. മലയാളം ഇന്‍ഡസ്ട്രീയില്‍ കത്തി നില്‍ക്കുമ്പേഴാണ്, ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ മലയാളിയുടെ പാട്ടുകാരിയായി മാറിയ അമൃതാ സുരേഷുമായുമായുള്ള വിവാഹം നടക്കുന്നത്. ആ പ്രണയവിവാഹം അസ്വാരസ്യങ്ങളുടെ പേരില്‍ ഇരുവരും കഴിഞ്ഞവര്‍ഷം വിവാഹമോചനം നേടി.

മകള്‍ അവന്തിക ഇപ്പോള്‍ അമൃതയുടെ കൂടെയാണ്. കഴിഞ്ഞ ഓണത്തിന് മകളുമായി ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവച്ചത് സോഷ്യല്‍മീഡിയായില്‍ വൈറലായിരുന്നു. അന്ന് പങ്കുവച്ച വീഡിയോയ്ക്ക് ആരോപണങ്ങളുമായി ഒരുപാട് പേരെത്തിയപ്പോള്‍ 'അച്ഛനും മകളുമായുള്ള സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്, അത് എല്ലാവര്‍ക്കും മനസ്സിലാകില്ല.' എന്നാണ് ബാല ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബാലയുടെ തുറന്നുപറച്ചില്‍. മകളെ താന്‍ ജീവനോളം സ്‌നേഹിക്കുന്നുണ്ടെന്നും, അവള്‍ക്കായി തന്റെ ജീവന്‍തന്നെ കൊടുക്കുമെന്നും പറയുന്ന ബാലയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലാണ്.