തിരുവനന്തപുരം: ഷെയിൻ നി​ഗത്തിന് അഭിനന്ദനങ്ങളുമായി സംവിധായകനും നടനുമായ നാദിർഷാ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷെയിനിന്‍റെ  അഭിനയത്തിനാണ് നാദിർഷായുടെ അഭിനന്ദനക്കുറിപ്പ്. അന്നയും റസൂലും എന്ന ചിത്രം കണ്ടപ്പോൾ നീ സ്വപ്നം കണ്ട സ്ഥാനത്ത് നിന്‍റെ  മകൻ വരും എന്ന് അബിയോട് താൻ പറഞ്ഞതായി നാദിർഷ ഫേസ്ബുക്കിൽ കുറിക്കുന്നു. തന്‍റെ  വാക്കുകൾ വരുംനാളുകളിൽ‌ യാഥാർത്ഥ്യമാകുമെന്നതിന്‍റെ  തെളിവാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷെയ്നിന്‍റെ  പ്രകടനമെന്നും നാദിർഷാ കൂട്ടിച്ചേർക്കുന്നു.

ശ്യാം പുഷ്കരന്‍റെ  തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിൻ നി​ഗം അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ, ​ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ സഹതാരങ്ങളായി എത്തിയത്. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷം മുമ്പായിരുന്നു അബിയുടെ മരണം. മിമിക്രിയിൽ തന്‍റെതായ ഇടം കണ്ടെത്തിയ അബി നാദിർഷായുടെ ആത്മസുഹൃത്തുമായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്‍റെ  മകൻ വരും. അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ് ‘ എന്ന സിനിമയിൽ ഷൈനിന്‍റെത്. അതിഗംഭീരമായി മോനെ!