പനാജി: റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പിന് ഐഎഫ്എഫ്‌ഐ വേദിയില്‍ പതിവുകള്‍ തെറ്റിച്ച് രണ്ടാം പ്രദര്‍ശനം. സാധാരണയായി രാത്രി 10.45ന് ശേഷം പ്രദര്‍ശനങ്ങള്‍ നടക്കാറില്ലെങ്കില്‍ അര്‍ധരാത്രി കഴിഞ്ഞാണ് പേരന്‍പിന്റെ രണ്ടാം പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കലാ അക്കാദമിയിലെ കൂടുതല്‍ കപ്പാസിറ്റിയുള്ള തിയേറ്ററില്‍ ഫെസ്റ്റിവലിന്റെ അവസാനദിനം പുലര്‍ച്ചെയാണ് പ്രദര്‍ശനം നടക്കുക. അര്‍ധരാത്രി പിന്നിട്ട് 12.30ന് പ്രദര്‍ശനം ആരംഭിക്കും. മൂന്ന് മണിയോടെ അവസാനിക്കും.

ഗോവന്‍ മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ ഇന്നലെ രാത്രിയായിരുന്നു ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം. ഷെഡ്യൂള്‍ പുറത്തെത്തിയപ്പോഴേ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയ പ്രദര്‍ശനത്തിന് അഞ്ച് ശതമാനം കസേരകള്‍ മാത്രമാണ് റഷ്‌ലൈനില്‍ ഉണ്ടായിരുന്നത്. ടിക്കറ്റെടുത്തവരെ മുഴുവന്‍ പ്രവേശിപ്പിച്ചതിന് ശേഷം റഷ് ലൈനില്‍ നിന്നിരുന്ന കുറച്ച് ഡെലിഗേറ്റുകള്‍ക്കും പ്രവേശനം ലഭിച്ചു. റാം, മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച സാധന, നിര്‍മ്മാതാവ് പി എല്‍ തേനപ്പന്‍ എന്നിവരടക്കം അണിയറപ്രവര്‍ത്തകര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇമോഷണല്‍ ഡ്രാമ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ നല്‍കിയത്. പറഞ്ഞതില്‍ നിന്ന് അര മണിക്കൂറോളം വൈകി ആരംഭിച്ച പ്രദര്‍ശനം അവസാനിച്ചിട്ടും തിയേറ്റര്‍ വിടാതെ നിന്ന പ്രേക്ഷകരോട് സംവദിച്ചിട്ടാണ് റാമും സംഘവും ഐനോക്‌സിലെ വേദി വിട്ടത്.