ദില്ലി: അന്തരിച്ച പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സിനിമയ്ക്കും നാടകത്തിനും തീരാനഷ്ടമാണ് ഇര്‍ഫാന്‍ ഖാന്‍റെ വേര്‍പാട്. വ്യത്യസ്ത മാധ്യമങ്ങളിലെ വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും. കുടുംബം, സുഹ‍ത്തുക്കള്‍, ആരാധകര്‍ എന്നിവര്‍ക്കൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായും' മോദി കുറിച്ചു.  

വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകന്‍ ഷൂജിത് സര്‍ക്കാരാണ് ഇര്‍ഫാന്‍ ഖാന്‍റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തിന്‍റെ പിടിയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. 2018ല്‍ അദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം 'അംഗ്രേസി മീഡിയം' എന്ന സിനിമ അദ്ദേഹം പൂര്‍ത്തിയാക്കി. കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്. 'അംഗ്രേസി മീഡിയം' ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്ന് അകന്നുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍.