Asianet News MalayalamAsianet News Malayalam

ഐസ്‌ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

france crush iceland by 5-1
Author
First Published Jul 3, 2016, 9:28 PM IST

പാരീസ്: സ്വന്തം നാട്ടുകാരുടെ മുന്നില്‍ തകര്‍പ്പന്‍ കളി കെട്ടഴിച്ച ഫ്രാന്‍സ് ആധികാരിക ജയത്തോടെ യൂറോ കപ്പ് ഫുട്ബോളിന്റെ അവസാന നാലു ടീമുകളിലൊന്നായി. ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെയാണ് ഫ്രാന്‍സ് തുരത്തിയത്. ഫ്രാന്‍സിനു വേണ്ടി ഒളിവര്‍ ജിറൗഡ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ പോള്‍ പോഗ്ബ, ദിമിത്രി പായറ്റ്, അന്റോണെ ഗ്രീസ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് പട്ടിക തികച്ചു. കോള്‍ബെന്‍ സിഗ്തോഴ്‌സണ്‍, ബര്‍ണാസണ്‍ എന്നിവരുടെ ഗോളുകളിലൂടെയാണ് ഐസ്‌ലന്‍ഡ് നാണം മറച്ചത്.

അട്ടിമറി പരമ്പരകള്‍ സൃഷ്‌ടിച്ചാണ് ഐസ്‌ലന്‍ഡ് ഇത്തവണ യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ മറ്റൊരു വലിയ അട്ടിമറി സ്വപ്നവുമായി ഇറങ്ങിയ ഐസ്‌ലന്‍ഡിന്റെ മോഹങ്ങള്‍ തുടക്കത്തിലെ നുള്ളിക്കളഞ്ഞായിരുന്നു ഫ്രഞ്ച് പടയുടെ തേരോട്ടം. ആദ്യ പകുതിയില്‍ ആഞ്ഞടിച്ച ഫ്രാന്‍സ് നാലു ഗോളിന് മുന്നിലെത്തുകയും ചെയ്‌തു. ഒളിവര്‍ ജിറൗഡ്(13) പോള്‍ പോഗ്ബ(20), ദിമിത്രി പായറ്റ്(43), അന്റോണെ ഗ്രീസ്‌മാന്‍(45) എന്നിവരാണ് ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. നാലു ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ഇറങ്ങിയ ഫ്രാന്‍സിന് പക്ഷെ ആ മേധാവിത്വം നിലനിര്‍ത്താനായില്ല. മികച്ച കളി കെട്ടഴിച്ച ഐസ്‌ലന്‍ഡ് 53-ാമത്തെ മിനിട്ടില്‍ കോള്‍ബെന്‍ സിഗ്തോഴ്‌സണിലൂടെ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ പ്രത്യാക്രമണത്തിലൂടെ ഒളിവര്‍ ജിറൗഡ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി(സ്‌കോര്‍- 5-1). അതിനുശേഷവും ഗോളടിക്കാന്‍ ഫ്രഞ്ച് പട ഇരമ്പിയാര്‍ത്തെങ്കിലും ഐസ്‌ലന്‍ഡ് പ്രതിരോധം കൂടുതല്‍ ജാഗരൂകരായി. ഇതിനിടയില്‍ എണ്‍പത്തിനാലാം മിനിട്ടില്‍ ബര്‍ണാസണിലൂടെ ഐസ്‌ലന്‍ഡ് രണ്ടാം ഗോള്‍ നേടി തോല്‍വി ഭാരം കുറച്ചു.

സെമിയിലെത്തിയ ഫ്രാന്‍സിന്റെ എതിരാളി ജര്‍മ്മനിയാണ്. ഇറ്റലിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് എത്തുന്ന ജര്‍മ്മനി, ഈ ടൂര്‍ണമെന്റില്‍ ചരിത്രം സൃഷ്‌ടിച്ചാണ് സെമിയിലെത്തിയിരിക്കുന്നത്. ജൂലൈ എട്ടാം തീയതിയാണ് ഫ്രാന്‍സ് - ജര്‍മ്മനി സെമി പോരാട്ടം. മറ്റൊരു സെമിയില്‍ ജൂലൈ ഏഴിന് പോര്‍ച്ചുഗലും വെയ്‌ല്‍സും എതിരിടും.

Follow Us:
Download App:
  • android
  • ios