കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷമുണ്ടായതിന്‍റെ ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നോട് അനുബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയാണ്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എണ്ണിയാലൊടുങ്ങാത്തത്ര വ്യാജ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമൊക്കെയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു വ്യാജ പ്രചാരണമാണ് ഒരു തെരഞ്ഞെടുപ്പ് സംഘട്ടനത്തെ കുറിച്ചുള്ള വീഡിയോ. 

പ്രചാരണം

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പ്രചാരണത്തിനിടെ സംഘര്‍ഷമുണ്ടായതിന്‍റെ ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സിലും ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും ഈ ദൃശ്യങ്ങള്‍ വൈറലാണ്. കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് പ്രചാരണം...നീതിയുക്തമായ തെരഞ്ഞെടുപ്പാണോ നടക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അനവധിയാളുകള്‍ ഷെയര്‍ ചെയ്യുന്നത്. 

വസ്‌തുത

എന്നാല്‍ ഈ വീഡിയോ നിലവിലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത് അല്ല എന്നതാണ് യാഥാര്‍ഥ്യം. 2022 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിത്. ദേശീയ മാധ്യമമായ ടൈംസ് നൗ 2022 ഓഗസ്റ്റ് 6ന് യൂട്യൂബില്‍ സംഘര്‍ഷത്തിന്‍റെ സമാന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. മറ്റൊരു ദേശീയ മാധ്യമമായ എന്‍ഡിടിവി സംഘര്‍ഷത്തെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. അതിനാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് തെളിവുകള്‍ സഹിതം ഉറപ്പിക്കാം. ഇതേ വീഡിയോ മുമ്പ് മറ്റ് ചില ആരോപണങ്ങളോടെയും പ്രചരിച്ചിരുന്നതാണ്.

നിഗമനം

2022ലെ വീഡിയോയാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തേത് എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നത്. 

Read more: കുളിക്കാന്‍ ഉപയോഗിച്ച പാല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് വിതരണം ചെയ്യുന്നതായി വ്യാജ പ്രചാരണം! Fact Check