പ്രകൃതിദത്തമായ, ചിലവ് കുറഞ്ഞ മരുന്നുകളുണ്ടെങ്കില്‍ അത് ഒരുകൈ പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മിക്കവരുടെയും ചിന്ത. ഇങ്ങനെയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പലരും ഇരുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങുന്നത്. ഇനി പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമുണ്ടാകാന്‍ സാധ്യതയില്ലല്ലോ എന്ന ആശ്വാസത്തിലായിരിക്കും കഴിപ്പ് 

ജീവിതശൈലീരോഗങ്ങളില്‍ മുന്‍നിരയിലാണ് കൊളസ്‌ട്രോളിന്റെ സ്ഥാനം. എത്ര മരുന്ന് കഴിച്ചാലും ഭക്ഷണമുള്‍പ്പെടെയുള്ള ചിട്ടകളില്‍ നല്ലരീതിയിലുള്ള നിയന്ത്രണം കൊണ്ടുവന്നാല്‍ മാത്രമേ കൊളസ്‌ട്രോളിനെ വരുതിയിലാക്കാനാകൂ. ഇതിനിടെ പ്രകൃതിദത്തമായ, ചിലവ് കുറഞ്ഞ മരുന്നുകളുണ്ടെങ്കില്‍ അത് ഒരുകൈ പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മിക്കവരുടെയും ചിന്ത. 

ഇങ്ങനെയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പലരും ഇരുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങുന്നത്. ഇനി പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമുണ്ടാകാന്‍ സാധ്യതയില്ലല്ലോ എന്ന ആശ്വാസത്തിലായിരിക്കും കഴിപ്പ്. എന്നാല്‍ സത്യാവസ്ഥ ഞെട്ടിക്കുന്നതാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. 

മലയാളിയായ ഡോ. എബി ഫിലിപ്‌സ് നടത്തിയ പഠനമാണ് ഈ വിഷയത്തിലെ നിജസ്ഥിതിയും അപകടവും ചൂണ്ടിക്കാണിക്കുന്നത്. ഇരുമ്പന്‍ പുളി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയില്ലെന്ന് മാത്രമല്ല, അത് പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് നമ്മുടെ കരളിനെ ദോഷമായ രീതിയില്‍ ബാധിക്കുകയും ചെയ്യുമത്രേ. 

കരള്‍ വീക്കം പിടിപ്പെട്ട രോഗികളുടെ കേസ് സ്റ്റഡിയിലൂടെയാണ് ഡോ.എബി ഫിലിപ്‌സ് തന്റെ പഠനത്തിന്റെ നിഗമനത്തിലെത്തിയത്. ഈ രോഗികളില്‍ 63 ശതമാനം പേരും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചികിത്സകള്‍ പിന്തുടര്‍ന്നതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. ഇതില് 15 ശതമാനം പേരും രോഗത്തോട് മല്ലിട്ട്, ഒടുവില്‍ മരണത്തിന് കീഴടങ്ങി. 

ഇരുമ്പന്‍ പുളി മാത്രമല്ല കീഴാര്‍ നെല്ലി, കുടംപുളി, ആടലോടകം തുടങ്ങി പ്രകൃതിദത്തമായ മരുന്നുകളായി നമ്മള്‍ കണക്കാക്കുന്ന പല സസ്യങ്ങളും രോഗം കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്നും പഠനം കണ്ടെത്തി. ഇതോടൊപ്പം ഇവയില്‍ ചില സസ്യങ്ങള്‍ കരളിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.