മിക്കവാറും വീടുകളില്‍ ദിവസേനയെന്നോണം പാകം ചെയ്ത് കഴിക്കുന്ന ഒന്നാണ് മുട്ട. തയ്യാറാക്കാന്‍ എളുപ്പമായതിനാലും എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ളതിനാലും മുട്ടയെ ആശ്രയിക്കുന്ന കാര്യത്തില്‍ എല്ലാവരും മുന്‍പന്തിയില്‍ തന്നെയാണ്. എങ്കിലും ചിലപ്പോഴെങ്കിലും മുട്ടയെ പറ്റിയും ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. 

ഇതില്‍ പ്രധാനമാണ്, മുട്ട ഹൃദാരോഗ്യത്തിന് നല്ലതല്ലെന്ന വാദം. എന്താണ് ഈ വാദത്തിലെ യാഥാര്‍ത്ഥ്യം? 'ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്'ല്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനം ഇതിന് നല്‍കുന്ന വിശദീകരണം കേള്‍ക്കൂ. 

മുട്ടയും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് പഠനം പറയുന്നത്. എന്നാല്‍ ആ ബന്ധം നമ്മള്‍ കേട്ടിരിക്കുന്നത് പോലെ അത്ര ദോഷകരമായ ബന്ധമല്ല. ആഴ്ചയില്‍ മൂന്ന് മുതല്‍ ആറ് മുട്ട വരെ കഴിക്കുന്നത് ഹൃദയസുരക്ഷയ്ക്ക് നല്ലതാണെന്നാണ് ഇവര്‍ പറയുന്നത്. 

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണമാണ് മുട്ട. എന്നാല്‍ കൊളസ്‌ട്രോള്‍ ലെവല്‍ അധികമായിട്ടുള്ളവര്‍ മുട്ട കഴിക്കുന്നതില്‍ തീര്‍ച്ചയായും നിയന്ത്രണം വയ്‌ക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ സാധാരണനിലയില്‍ ആരോഗ്യമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധപൂര്‍വ്വം കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് മുട്ട. 

ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ലോകത്ത് ആകെ നടക്കുന്ന മരണങ്ങളില്‍ വലിയൊരു ശതമാനവും എന്ന് പടനം ചൂണ്ടിക്കാട്ടുന്നു. നേരത്തേ സൂചിപ്പിച്ച തോതില്‍ മുട്ട കഴിക്കുന്നതോടെ ഒരു പരിധി വരെ ഹൃദയസംബന്ധമായ അസുഖങ്ങളെ വരുതിയിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.