ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ഗെറ്റാഫെക്കെതിരെ ഗെറ്റാഫെക്കെതിരെ ജയവുമായി ബാഴ്സ കിരീടപ്പോരാട്ടം കടുപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. അന്റോണിയോ ഗ്രീസ്മാനും സെര്‍ജിയോ റോബര്‍ട്ടോയുമാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. എയ്ഞ്ചല്‍ ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ നേടി.

ജയിച്ചെങ്കിലും 24 കളികളില്‍ 52 പോയന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ബാഴ്സയെക്കാള്‍ ഒരു കളി കുറച്ചുകളിച്ച റയല്‍ മാഡ്രിഡിനും ഇതേ പോയന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ റയല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളായി ഗോളടിക്കാതിരുന്ന ഗ്രീസ്മാനാണ് 33-ാം മിനിറ്റില്‍ ബാഴ്സയുടെ അക്കൗണ്ട് തുറന്നത്.  മെസിയുടെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. ആറ് മിനിറ്റിന് സേഷം സെര്‍ജിയോ റോബര്‍ട്ടോ ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
 
66-ാം മിനിറ്റില്‍ എയ്ഞ്ചല്‍ റോഡ്രിഗസിലൂടെ ഒരു ഗോള്‍ മടക്കിയ ഗെറ്റാഫെ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും ബാഴ്സ പ്രതിരോധം പിടിച്ചുനിന്നു. 22ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ പരിക്കേറ്റ് മടങ്ങിയത് ബാഴ്സക്ക് കനത്ത തിരിച്ചടിയായി.