ഉന്മേഷമില്ലായ്മയും മടിയും മറികടക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍...
ജോലിയില്‍ ശ്രദ്ധ ചെലുത്താനാവത്ത വിധം ഉന്മേഷമില്ലായ്മ, മടി എന്നിവയെല്ലാം തോന്നുമ്പോള്‍ നമ്മള്‍ ആദ്യം തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ ആയിരിക്കും അന്വേഷിക്കുക. എന്നാല്‍ ഇതിനെക്കാള്‍ ഫലപ്രദമായി നമ്മുടെ 'മൂഡ്' മാറ്റാന്‍ സാധിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിലുള്ള ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്
ചീരവര്‍ഗത്തില്‍ പെട്ട ഇലകളാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഒരു ഭക്ഷണം. വൈറ്റമിന്‍-സി, ഫോളേറ്റ്, അയേണ്‍ എന്നിവയാല്‍ സമൃദ്ധമായതിനാല്‍ തന്നെ നമ്മെ ഊര്‍ജ്ജസ്വലരാക്കാന്‍ ഇവയ്ക്ക് കഴിയും.
രണ്ടാമതായി ഈ പട്ടികയില്‍ വരുന്നത് ബദാം ആണ്. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളമടങ്ങിയ ബദാം പെട്ടെന്ന് ഉന്മേഷം ഉണ്ടാക്കാന്‍ സഹായകമാണ്.
വേനല്‍ക്കാലത്ത് ഏറ്റവുമധികം പേര്‍ കഴിക്കാറുള്ള തണ്ണി മത്തനാണ് ഇക്കൂട്ടത്തിലുള്‍പ്പെടുന്ന മറ്റൊരു ഭക്ഷണം. ഇതില്‍ 92 ശതമാനവും വെള്ളമാണ്. ബാക്കി ഭാഗത്ത് ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എളുപ്പത്തില്‍ ഉന്മേഷം പകരാന്‍ സഹായിക്കുന്നു.
'ചിയ സീഡ്‌സ്' അഥവാ കറുത്ത കസ കസയാണ് ഊര്‍ജ്ജസ്വലതയ്ക്ക് വേണ്ടി കഴിക്കാവുന്ന മറ്റൊരു പദാര്‍ത്ഥം. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, കാര്‍ബ് എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.
ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം അല്ലെങ്കില്‍ 'ഡേറ്റ്‌സ്'. പെട്ടെന്ന് മൂഡ് വ്യതിയാനങ്ങള്‍ വരുത്തത്തക്ക കഴിവുള്ള ഒരു ഭക്ഷണമാണ് ഈന്തപ്പഴം. മധുരത്തോടുള്ള ആസക്തിയെ സംതൃപ്തിപ്പെടുത്താനും ഇവയ്ക്ക് കഴിയും.
പ്രോട്ടീനിനാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ആരോഗ്യകരമായ കൊഴുപ്പും ഇതിലടങ്ങിയിരിക്കുന്നു. ദീര്‍ഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും ഊര്‍ജ്ജം തോന്നാനുമെല്ലാം മുട്ട ഏറെ സഹായകമാണ്.
ഏഴാമതായി ഇക്കൂട്ടത്തില്‍ വരുന്നത് നേന്ത്രപ്പഴമാണ്. പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമൃദ്ധമായ നേന്ത്രപ്പഴം എളുപ്പത്തില്‍ ഊര്‍ജ്ജസ്വലതയുണ്ടാക്കാനും ഒപ്പം തന്നെ പേശീവേദന പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കുന്നു.