കാട്ടിലെ രാജാവ്, മൃഗശാലയില്‍ എല്ലും തോലുമായി സിംഹം
'ആന മെലിഞ്ഞാല്‍ തൊഴിത്തില് കെട്ടുമോ ?' എന്ന ചോദ്യം മലയാളി ചോദിക്കാന്‍ തുടങ്ങിയിട്ട്, ഭാഷയുടെ ചരിത്രത്തോളവും ആനകളെ മെരുക്കി ഒരു തോട്ടി മുനയില്‍ നിര്‍ത്തിത്തുടങ്ങിയ കാലത്തോളവും പഴക്കമുണ്ടാവണം. ആ ചൊല്ല് ഒരു സാംസ്കാരികമായ പരിസരത്ത് നിന്ന് ഉരുവം കൊണ്ടതാണെങ്കില്‍ നൈജീരിയയിലെ കടുനയിലെ ഗാംജി ഗേറ്റ് മൃഗശാലയിലെ സന്ദര്‍ശകര്‍ ചോദിക്കുന്നത് സിംഹം മെലിഞ്ഞാല്‍ എന്ത് ചെയ്യുമെന്നാണ്.
നൈജീരിയയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗശാലയാണ് കടുനയിലെ ഗാംജി ഗേറ്റ് മൃഗശാല. ഒരു ഡോളറാണ് പ്രവേശന ഫീസ്. ഒരു ഡോളര്‍ പ്രവേശന ഫീസ് നല്കി മൃഗശാല സന്ദര്‍ശിച്ച, പേര് വെളിപ്പെടുത്താത്ത ഒരു സന്ദര്ശകന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങുമുള്ള മൃഗ സ്നേഹികളുടെ ഉറക്കം കെടുത്തുകയാണ്.
"ആ മൃഗത്തെ കണ്ട ആദ്യ നിമിഷം തന്നെ എനിക്ക് ഞെട്ടലുണ്ടായി. ആദ്യമായാണ് ഞാന്‍ ഒരു സിംഹത്തെ നേരിട്ട് ജീവനോടെ കാണുന്നത്" പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സന്ദര്ശകന് ജാം പ്രസിനോട് പറഞ്ഞു.
" ആദ്യമായാണ് ഒരു മൃഗശാല സന്ദര്‍ശിക്കുന്നത്. സിനിമകളിലും വാര്‍ത്തകളിലും മാസികകളിലും ഞാന്‍ സിംഹത്തെ കണ്ടിട്ടുണ്ട്. പക്ഷേ, ഇത് അതൊന്നുമായിരുന്നില്ല.സത്യത്തില്‍ മൃഗശാലയില്‍ ഭൂരിഭാഗം മൃഗങ്ങള്‍ക്കും ആഹാരമില്ല. ശരിയായ ചികിത്സയില്ല." അദ്ദേഹം പറഞ്ഞു.
ആ അജ്ഞാതനായ സന്ദര്ശകന് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സഹിതം മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈല്‍ഡ് അറ്റ് ലൈഫ് (WildatLife.e.V)എന്ന സന്നദ്ധ സംഘടനയുമായി പങ്കുവച്ചു.
ഇതേ തുടര്‍ന്ന് ഗാംജി ഗേറ്റ് മൃഗശാലയിലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി വൈല്‍ഡ് അറ്റ് ലൈഫ് ക്രൌണ്ട് ഫണ്ടിങ്ങ് തുടങ്ങിയിരിക്കുകയാണ്. പട്ടിണിയിലായ സിംഹത്തിന്റെ ജീവന് തിരിച്ച് പിടിക്കാനുള്ള ശ്രമിത്തിലാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍.
അദ്ദേഹം പകര്ച്ചിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ചിത്രത്തില്‍ സിംഹത്തിന്റെ വാരിയെല്ലുകള്‍ വ്യക്തമായി കാണാമായിരുന്നു. മാസങ്ങളായിട്ട് സിംഹം പട്ടിണിയിലാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.
ഒരു സാധാരണ വളര്‍ച്ചയെത്തിയ ആണ് സിംഹത്തില്‍ 225 കിലോവരെ തൂക്കമുണ്ടാകും. പെണ് സിംഹങ്ങള്‍ക്കാകട്ടെ 145 കിലോവരെ തൂക്കം വെക്കും. എന്നാല്‍, ഗാംജി ഗേറ്റ് മൃഗശാലയിലെ സിംഹത്തിന് ഇതിന്റെ പകുതിപോലും തൂക്കമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
വൈല് അറ്റ് ലൈഫ് പ്രവര്‍ത്തകര്‍ സാക്കിയെന്നാണ് ഗാംജി ഗേറ്റ് മൃഗശാലയിലെ സിംഹത്തിന് പേരിട്ടിരിക്കുന്നത്. ആവശ്യമായ മരുന്നും പോഷകാഹാരങ്ങളും ലഭ്യമാക്കുമ്പോഴേക്കും സിംഹം ജീവിച്ചിരിക്കോമോയെന്ന കാര്യം സംശയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരുടെ ആശങ്ക പ്രകടിപ്പിച്ചു.
വൈൽഡ് അറ്റ് ലൈഫ്.ഇ.വി നൈജീരിയൻ അസോസിയേഷൻ ഓഫ് സുവോളജിക്കൽ പാർക്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ്. ഇത് ഗാംജി ഗേറ്റ് മൃഗശാലയിലെയിലെ പ്രശ്നങ്ങളെ അധികൃതരിലേക്കെത്തിക്കാന് പെട്ടെന്ന് സഹായിച്ചു.
സിംഹത്തിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും വൈല് അറ്റ് ലൈഫ് എന്‍ജിഒയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതോടൊപ്പം മൃഗശാലയില്‍ ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഒരു സര്‍ക്കാര്‍ വക്താവ് വെളിപ്പെടുത്തി.
സാക്കി ഇപ്പോള്‍ ഏറെ അവശനാണെന്നും അതിനാല്‍ മൃഗശാലയില്‍ വച്ച് തന്നെ ആദ്യ ഘട്ട വൈദ്യസഹായം നല്‍കും. കൂടുതല്‍ ആരോഗ്യവാനായ ശേഷം മറ്റൊരു കേന്ദ്രത്തിലേക്ക് സാക്കിയെ മാറ്റുന്ന കാര്യം ആലോചിക്കുമെന്നും വൈല്‍ഡ് അറ്റ് ലൈഫ് പ്രവര്‍ത്തകരും പറഞ്ഞു.
വൈല്‍ഡ് അറ്റ് ലൈഫ് പ്രവര്‍ത്തകര്‍ ഇതുവരെ അഭിമുഖീകരിച്ചതില്‍ ഏറ്റവും മോശം കേസാണ് സാക്കിയുടെത്. മൃഗശാലയിലെ മറ്റ് മൃഗങ്ങളുടെ കാര്യവും ഏറെ പരിതാപകരമാണ്. മൃഗശാലയിലെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമായ നിലയിലാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബര്‍കിന ഫാസോയിലെ ഗൌണ്ടൌ സിനിയാരെ മൃഗശാലയിലെ സിംഹവും ഹിപ്പോപ്പൊട്ടാമസും അടക്കമുള്ള 47 മൃഗങ്ങലെ കഴിഞ്ഞ ഒക്ടോബറിലാണ് വൈല്‍ഡ് അറ്റ് ലൈഫ് പ്രവര്‍ത്തകരെത്തി രക്ഷിച്ചത്. അവിടെയും മൃഗങ്ങള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണി കിടക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു സന്നദ്ധപ്രവര്‍ത്തകര്‍ മൃഗശാലയിലെത്തിയത്.
എന്നാല്‍ ആഫ്രിക്കയിലെ മൃഗശാലകളില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ ഒറ്റ തിരിഞ്ഞവയല്ലെന്നും. ഏതാണ്ട് മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലെ മൃഗശാലകളിലും ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
ആഭ്യന്തര യുദ്ധവും പട്ടിണിക്കും പുറമേ കൊവിഡ് വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടലുകൂടി വന്നതോടെ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലെ മൃഗശാലകളും കാര്യമായ ഫണ്ടില്ലാത്തതിനാല്‍ മൃഗങ്ങളെ പട്ടിണിക്കിടുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.