ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏഴു ദിവസത്തില്‍ ചിത്രം 32 കോടിയാണ് തമിഴ്നാട്ടില്‍ ഗ്രോസ് ചെയ്തിരിക്കുന്നത്. 

ചെന്നൈ: സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4 തമിഴ് സിനിമയ്ക്ക് പുതുശ്വാസം നല്‍കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ ഗ്രോസ് കളക്ഷന്‍ 50 കോടി എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏഴു ദിവസത്തില്‍ ചിത്രം 32 കോടിയാണ് തമിഴ്നാട്ടില്‍ ഗ്രോസ് ചെയ്തിരിക്കുന്നത്. പൊങ്കല്‍ ചിത്രങ്ങളായ അയലന്‍റെയും, ക്യാപ്റ്റന്‍ മില്ലറുടെയും കളക്ഷന്‍ അറണ്‍മണൈ 4 മറികടക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം ബാക്കി ആഭ്യന്തര കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ചിത്രം 40 കോടി കടന്നിട്ടുണ്ട്. ആഗോള കളക്ഷന്‍ കൂടി എടുക്കുമ്പോള്‍ ചിത്രം 51 കോടി പിന്നിട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്.

സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം വിവിധ റിവ്യൂകളില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സുന്ദർ സിയുടെ അറണ്‍മണൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

അറണ്‍മണൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.

2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. 

'അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോയിൽ വിവാദത്തെക്കുറിച്ച് സ്വാസിക

റിയല്‍ 'മഞ്ഞുമ്മല്‍ ബോയ്സിനെ' തമിഴ്നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ ?: 18 കൊല്ലത്തിന് ശേഷം അന്വേഷണം